കർണപുടത്തിൽ സുഷിരമുണ്ടാകുന്നത് തടയാൻ...
Saturday, April 9, 2022 12:08 PM IST
മധ്യകർണത്തിൽ തുടർച്ചയായി നിൽക്കുന്ന വീക്കം കാരണം കർണപുടത്തിൽ ദ്വാരമുണ്ടായി അതുവഴി മധ്യകർണത്തിൽ നിന്നും പുറത്തേക്ക് ചലം അഥവാ പഴുപ്പ് ഒലിച്ചുവരുന്ന അവസ്ഥയാണ് ക്രോണിക് സപ്പുറേറ്റീവ് ഓട്ടൈറ്റിസ് മീഡിയ എന്ന ചെവി പഴുക്കുന്ന രോഗം.
അത്ര നിസാരമല്ല
താഴെപ്പറയുന്ന അവസ്ഥയുള്ളവർക്കുണ്ടാകുന്ന കർണപുടത്തിലെ സുഷിരം കൂടുതൽ ഗൗരവമുള്ളതായി കാണണം.
* പലവിധ വളർച്ചാവൈകല്യങ്ങൾ,
* ജനനസമയത്തുള്ള ഭാരക്കുറവ്,
* ശൈശവാവസ്ഥ
* ചെറിയ പ്രായത്തിൽ തന്നെ രോഗം ആരംഭിക്കുക
* ഇതേ രോഗമുള്ള കുടുംബാംഗങ്ങൾ
* രോഗപ്രതിരോധശേഷിക്കുറവ്
* മുഖത്തും തലയിലുമുള്ള വൈകൃതങ്ങൾ
* ഞരമ്പിനെയും പേശികളെയും ബാധിക്കുന്ന രോഗങ്ങൾ
അപ്രകാരമുള്ളവർ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മധ്യകർണത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുന്നതിനും അതിലൂടെ കർണപുടത്തിൽ സുഷിരമുണ്ടാകുന്നത് തടയാനും സാധിക്കും:
* ജലദോഷവുമുണ്ടാകുവാനുള്ള സാധ്യത കുറയ്ക്കുക
* ചുമയും തൊണ്ടയെ ബാധിക്കുന്നതുമുൾപ്പെടെയുള്ള ശ്വസനപഥ സംബന്ധമായ രോഗങ്ങളെ യഥാസമയം ചികിത്സയിലൂടെ നിയന്ത്രിക്കുക
* പുകവലി ഒഴിവാക്കുക
* കുപ്പിപ്പാൽ കൊടുക്കുന്നത് ഒഴിവാക്കി മുലപ്പാൽ കൊടുക്കുക
* നിപ്പിൾ പോലെ തോന്നിക്കുന്ന വെറുതെ ഉറിഞ്ചി കുടിക്കുന്നതിനായി കുട്ടികളുടെ വായിൽ വെച്ചു കൊടുക്കുന്ന 'ഡമ്മി' വസ്തുക്കൾ നൽകാതിരിക്കുക, കിടന്നുകൊണ്ട്
മുലപ്പാൽ നൽകുന്നത് ഒഴിവാക്കുക
കൃത്യമായി ചികിത്സിച്ചില്ലെങ്കിൽല
അക്യൂട്ട് ഓട്ടൈറ്റിസ് മീഡിയ എന്ന ചെവിയിൽ സുഷിരമുണ്ടാകുന്ന അവസ്ഥ ശരിയായി സുഖപ്പെടുത്തിയില്ലെങ്കിൽ കൂടുതൽ പ്രയാസമുണ്ടാക്കുന്ന ചില രോഗങ്ങളായി മാറാവുന്നതാണ്:
1 .ക്രോണിക് സപ്പുറേറ്റീവ് ഓട്ടൈറ്റിസ് മീഡിയ
2. മുഖത്തെ ഫേഷ്യൽ നെർവിനെ ആശ്രയിച്ചുണ്ടാകുന്ന അർദ്ദിതം എന്ന ഭാഗികമായ പക്ഷാഘാതം
3. ആന്തരികകർണത്തിനുണ്ടാകുന്ന വീക്കവും ഫിസ്റ്റുലയും
4. മാസ്റ്റോയിഡ് അസ്ഥിക്ക് ഉണ്ടാകുന്ന വീക്കം
5. ചെവിയുടെ സമീപത്തുള്ള ടെംപറൽ അസ്ഥിക്കുണ്ടാകുന്ന വീക്കം
(തുടരും)
വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481