സ്ത്രീകളുടെ അസ്ഥികൾ ദുർബലമാക്കുന്ന മാനസിക സംഘർഷം
Friday, January 28, 2022 4:25 PM IST
അസ്ഥികളുടെ സാന്ദ്രത കുറയുകയും അതിന്റെ ഫലമായി അസ്ഥികൾക്ക് ബലക്കുറവ് ഉണ്ടാകുകയും ചെയ്യുന്നതിൽ സമീകൃതാഹാരത്തിന്റെ കുറവും ആഹാരക്രമത്തിലുണ്ടാകുന്ന മറ്റു പ്രശ്നങ്ങളും കാരണമായി മാറും എന്ന് നേരത്തേ അറിയാവുന്നതാണ്.
അകാരണമായ ഉത്കണ്ഠ
മെലിഞ്ഞ ശരീരം സൗന്ദര്യത്തിന് നല്ലതാണ് എന്ന് വിശ്വസിക്കുന്ന കുറേയേറെ പെൺകുട്ടികളുണ്ട്. അതുകൊണ്ടു തന്നെ ശരീരത്തിന്റെ വണ്ണവും ഭാരവും കൂടാതിരിക്കാൻ കൗമാരപ്രായത്തിലുള്ള കൂടുതൽ പെൺകുട്ടികളും ശ്രദ്ധ കാണിക്കാറുമുണ്ട്. ഈ ശ്രദ്ധയോടൊപ്പം പലരും ഉത്കണ്ഠയും സൂക്ഷിക്കാറുണ്ട്.
ഇങ്ങനെ ഉത്കണ്ഠയുള്ള പെൺകുട്ടികൾ അവരുടെ ശരീരവണ്ണം അൽപം കൂടിയാൽ ഉത്കണ്ഠയും മനപ്രയാസവും കൂടുതലായി അനുഭവിക്കുകയും ചെയ്യാറുണ്ട്. അകാരണമായി കൊണ്ടു നടക്കുന്ന ഈ ഉത്കണ്ഠയും മനപ്രയാസവും അവരുടെ അസ്ഥികൾ ബലക്കുറവ് ഉള്ളതായിത്തീരാൻ കാരണമാകും എന്നാണ് പുതിയ അറിവുകൾ പറയുന്നത്.
കോർട്ടിസോളും സ്ട്രസും
കൗമാരപ്രായം ആരംഭിക്കുന്നതിനു മുന്പുള്ള പ്രായം, അതായത് പത്ത് മുതൽ പന്ത്രണ്ട് വയസ് വരെയുള്ള കുറച്ച് പെൺകുട്ടികളിൽ ഈ വിഷയത്തിൽ നടത്തിയ ഒരു പഠനത്തെ കുറിച്ച് നേരത്തേ വായിച്ചിട്ടുണ്ട്. പഠനത്തിന് വിധേയരായ പെൺകുട്ടികൾക്ക് ആഹാരത്തിൽ പോരായ്മകൾ ഒന്നും ഇല്ലായിരുന്നു. അവർക്ക് ആവശ്യമായ അളവിൽ പോഷകങ്ങൾ
ലഭിക്കുന്ന ആഹാരമാണ് അവർ കഴിച്ചിരുന്നത്.
ഈ പഠനത്തിൽ നിന്നു മനസിലായത്, ശരീരഭാരവും വണ്ണവും കൂടുന്നതിനെ കുറിച്ച് ഉത്കണ്ഠയും മാനസിക സംഘർഷവും കൂടുതൽ ഉണ്ടായിരുന്ന പെൺകുട്ടികൾക്ക് ശരാശരിയേക്കാൾ അസ്ഥികളുടെ സാന്ദ്രത കുറവാണ് എന്നായിരുന്നു. ഇങ്ങനെ സംഭവിക്കുന്നതിന് കാരണമാകുന്നത് ഉത്കണ്ഠയും പിരിമുറുക്കവും മനസ്സിൽ ഉണ്ടാകുമ്പോൾ രക്തത്തിലേയ്ക്ക് ഒഴുകി എത്തുന്ന 'കോർട്ടിസോൾ' എന്ന ഹോർമോൺ ആണെന്നും അറിയാനായി. കോർട്ടിസോൾ, ഒരു
സ്ട്രെസ് ഹോർമോൺ ആണ്.
ധാതുക്കൾ കുറയുന്നത്
അസ്ഥികളിലെ ധാതുക്കളുടെ അളവിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ കൂടുതലും ജനിതക കാരണങ്ങൾ മൂലമാണ് എന്നാണ് ഒരു വിശ്വാസം. അടുത്ത വേറൊരു ഘടകം ഉയരമാണ്.
എന്നാൽ, ഇപ്പോൾ മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത് അസ്ഥികളിലെ ധാതുക്കളുടെ കുറവ് ഉണ്ടാകുന്നതിന് ഒരുപാടു പേരിൽ കാരണമാകുന്നത് ഉത്കണ്ഠയും മാനസിക സംഘർഷവും ആണെന്നാണ്.
ഓസ്റ്റിയോപൊറോസിസ്
ഈ പ്രശ്നം പൊതുജനാരോഗ്യ രംഗത്ത് ഒരു പ്രശ്നം തന്നെയാണ്. അൻപത് വയസ് കഴിഞ്ഞ സ്ത്രീകളിൽ മൂന്നിൽ ഒരു ഭാഗം പേർക്ക് 'ഓസ്റ്റിയോപൊറോസിസ്' എന്ന് അറിയപ്പെടുന്ന, അസ്ഥികളിലെ സാന്ദ്രത കുറയുന്നതു കാരണം അസ്ഥികൾ ഒടിഞ്ഞു പോകുന്നുണ്ട് എന്നാണ് അറിയുന്നത്.
കൗമാരപ്രായത്തിൽ ശരീരത്തിന്റെ വണ്ണവും ഭാരവും കൂടുതൽ ആകുന്നതിനെ കുറിച്ചുള്ള അമിതമായ ഉത്കണ്ഠയുടെ ഫലമായി കൂടിയ അളവിൽ കോർട്ടിസോൾ എന്ന ഹോർമോൺ ഉണ്ടാവുകയും ചെയ്യുന്നു. ഇത് അസ്ഥികളുടെ ബലത്തിൽ കുറവുണ്ടാക്കും. കുറേ കൊല്ലങ്ങൾക്ക് ശേഷം അസ്ഥികൾ ബലഹീനമായ അവസ്ഥയിൽ ആക്കുകയും ചെയ്യുന്നു.
കൂടുതൽ ഉത്കണ്ഠ ഉള്ളവരുടെ മൂത്രത്തിൽ കോർട്ടിസോൾ എന്ന ഹോർമോൺ സാധാരണയായി കാണുന്നതിനേക്കാൾ കൂടിയ നിലയിൽ കാണാൻ കഴിഞ്ഞു എന്നും ചില ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്ത്രീകളിൽ പലരും അവരുടെ ശരീരത്തിന്റെ വണ്ണത്തെ കുറിച്ചോ ജോലിയെ കുറിച്ചോ കാമുകനെ കുറിച്ചോ ഉത്കണ്ഠ ഉള്ളവരാണ് എന്നും
പറയുന്നുണ്ട്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393