ഒവേറിയന്‍ കാന്‍സര്‍
ഗര്‍ഭാശയ സംബന്ധമായ അര്‍ബുദ രോഗങ്ങളില്‍ ഏറ്റവും അധികം മരണകാരണമാകുന്ന ഒന്നാണ് അണ്ഡാശയഅര്‍ബുദം. മിക്ക രോഗികളിലും രോഗനിര്‍ണയം നടത്തപ്പെടുന്നത് വൈകിയാണ് എന്നുള്ളത് കൊണ്ട്‌ ഈ അസുഖത്തില്‍ മരണനിരക്ക് കൂടുതലാണ്. നേരത്തെ തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന ഒന്നാണ് ഈ രോഗം.

രോഗലക്ഷണങ്ങള്‍ വളരെ വൈകി മാത്രം കാണപ്പെടുന്നത് കൊണ്ട്‌ നിശബ്ദ കൊലയാളി എന്നാണ് ഈ അര്‍ബുദം അറിയപ്പെടുന്നത്. 50 നും 65 നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലാണ് സാധാരണയായി അണ്ഡാശയ അര്‍ബുദം കാണപ്പെടുന്നത്. പ്രായംകുറഞ്ഞ സ്ത്രീകളിലും ഈ രോഗം കാണപ്പെടാറുണ്ട്‌. ചില കേസുകളിലെങ്കിലും പാരമ്പര്യജന്യമായി ഈ രോഗം കണ്ടുവരുന്നു.

അടിവയറ്റില്‍ വേദന, വയര്‍ വീര്‍ക്കുക, മനംപുരട്ടല്‍, വിശപ്പില്ലായ്മ, വയറില്‍ വെള്ളം കെട്ടി നില്‍ക്കുന്നതു മൂലം വയര്‍ നിറഞ്ഞെന്ന തോന്നല്‍, നെഞ്ചില്‍ നീര്‍ക്കെട്ടുണ്ട ാകുന്നതിനെ തുടര്‍ന്നുള്ള ശ്വാസം മുട്ടല്‍ എന്നിവയാണ് സാധാരണമായി കണ്ടു വരുന്ന രോഗലക്ഷണങ്ങള്‍. എന്നാല്‍ ഈ ലക്ഷണങ്ങള്‍ അണ്ഡാശയ അര്‍ബുദം തന്നെ ആകണമെന്നില്ല. ലക്ഷണങ്ങള്‍ മാറുന്നില്ലെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണം. അണ്ഡാശയ അര്‍ബുദമുള്ള രോഗികളില്‍ ഈ ലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടും.

അണ്ഡാശയ അര്‍ബുദ സാധ്യതയുള്ള രോഗികള്‍:

* വൃദ്ധകള്‍
* അണ്ഡാശയ അര്‍ബുദമുള്ള ഒന്നിലധികം രക്തബന്ധമുള്ളവര്‍
* ബിആര്‍സിഎ1, ബിആര്‍സിഎ 2 ജീനുകളില്‍ വ്യതിയാനമുള്ളവര്‍
* നോണ്‍പോളിപോസിസ് കോളോക്ടെറല്‍ അര്‍ബുദം പാരമ്പര്യമായി ഉള്ളവര്‍
* ഇതു വരെ ഗര്‍ഭിണിയാകാത്തവര്‍
* അമിതവണ്ണമുള്ളവര്‍

അണ്ഡാശയ അര്‍ബുദസാധ്യത കുറയ്ക്കുന്ന ഘടകങ്ങള്‍

* ഗര്‍ഭനിരോധനത്തിന് ഹോര്‍മോണ്‍ രീതി (ഗുളികകള്‍, പാച്ച്, കുത്തിവയ്പ്) എന്നിവ സ്വീകരിച്ചവര്‍
* ഗര്‍ഭിണിയോ, മുലയൂട്ടുന്ന അമ്മയോ
* ഗര്‍ഭനിരോധനത്തിന് അണ്ഡാശയക്കുഴല്‍ അടച്ചത്
* ഗര്‍ഭാശയമോ, അണ്ഡാശയമോ നീക്കം ചെയ്യല്‍

സാധാരണഗതിയില്‍ അണ്ഡാശയ അര്‍ബുദരോഗത്തിന് ഉള്ള പരിശോധന പൊതുജനങ്ങള്‍ക്ക് നടത്തേണ്ട തില്ല. എന്നാല്‍ പാരമ്പര്യമായി അണ്ഡാശയ അര്‍ബുദം, സ്തനാര്‍ബുദം എന്നിവ ഉള്ളവര്‍ നിശ്ചിത ഇടവേളകളില്‍ പരിശോധനകള്‍ നടത്തേണ്ട താണ്.

പരിശോധന കൊണ്ടുള്ള നേട്ടങ്ങള്‍

രോഗം ഗുരുതരമാകുന്നു അതിനുമുന്‍പ് കണ്ടെത്താനും അതുവഴി ചികിത്സ ഫലപ്രദമാകാന്‍ സാധിക്കും.

പരിശോധനയുടെ ദൂഷ്യഫലങ്ങള്‍

പരിശോധനയില്‍ അണ്ഡാശയ അര്‍ബുദം ഉണ്ടെന്ന് തെറ്റായി കണ്ടെത്തുകയും അതുവഴി അനാവശ്യമായി ആരോഗ്യമുള്ള സ്ത്രീകള്‍ക്ക് ശസ്ത്രക്രിയ നടത്തേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. അനാവശ്യമായ പണച്ചെലവ്, ആശങ്ക, സമയനഷ്ടം എന്നിവ ഇതു കൊണ്ട് ഉണ്ടാകുന്നു.


രോഗസാധ്യത കൂടുതല്‍ ഉള്ള വിഭാഗത്തില്‍ സി ടി അല്ലെങ്കില്‍ അള്‍ട്രാസൗണ്ട്‌ സ്‌കാനിങ്ങിലൂടെ അസുഖം കണ്ടെ ത്താവുന്നതാണ്. സെറം സി എ 125 രക്തപരിശോധന യിലൂടെ അണ്ഡാശയ അര്‍ബുദം കണ്ടെത്താം. എന്നാല്‍ ആര്‍ത്തവ വിരാമത്തിനു മുമ്പുള്ള സ്ത്രീകളില്‍ ഈ പരിശോധനയിലൂടെ അണ്ഡാശയ അര്‍ബുദം കണ്ടെ ത്തുക ബുദ്ധിമുട്ടാണ്. അണ്ഡാശയ അര്‍ബുദരോഗത്തിന്റെ ഒന്നാം ഘട്ടത്തിലുള്ളവര്‍ക്ക് സി എ 125 രക്തപരിശോധന ഫലവത്താകില്ല.

വന്ധ്യത, ഗര്‍ഭാശയമുഴകള്‍, യോനീനാളത്തില്‍ എരിച്ചില്‍ എന്നീ അസുഖമുള്ളവരില്‍ സിഎ 125 ഫലം അല്‍പം കൂടുതലായിരിക്കും.

പരിശോധനകളിലൂടെ തുടക്കത്തില്‍ തന്നെ അര്‍ബുദ സാധ്യത കണ്ടെ ത്തുന്നത് മരണനിരക്ക് കുറയ്ക്കാന്‍ സഹായിക്കും. അണ്ഡാശയ കുഴലില്‍ മാത്രമാണ് അര്‍ബുദം എങ്കില്‍ എങ്കില്‍ ശസ്ത്രക്രിയയ്ക്കുശേഷം അഞ്ച് വര്‍ഷത്തിലധികം ജീവിക്കാന്‍ സാധ്യത 90 ശതമാനത്തോളമാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ 80 ശതമാനം രോഗികളിലും ലിംഫ് കുഴലുകളില്‍ അര്‍ബുദം പടര്‍ന്നിട്ടുണ്ടാകും. ഇതോടെ അഞ്ച് വര്‍ഷത്തിലധികം ജീവിച്ചിരിക്കാനുള്ള സാധ്യത 20 മുതല്‍ 30 ശതമാനമായി കുറയുകയും ചെയ്യുന്നു.

ശാരീരിക ബുദ്ധിമുട്ടുകളും രോഗലക്ഷണങ്ങളും തുടരുകയാണെങ്കില്‍ രോഗിയെ ട്രാന്‍സ് വജൈനല്‍ അല്ലെങ്കില്‍ ട്രാന്‍സ് അബ്‌ഡോമിനല്‍ അള്‍ട്രാസൗണ്ട്‌ സ്‌കാനിങ്ങിന് വിധേയയാക്കണം. ചില സന്ദര്‍ഭങ്ങളില്‍ അള്‍ട്രാസൗണ്ട്‌ സ്‌കാനിംഗ് ഫലം ഉറപ്പുവരുത്തുന്നതിനു വേണ്ടി സിറ്റി സ്‌കാനിംഗ് കൂടി ചെയ്യേണ്ടതുണ്ട്.

എങ്ങിനെയാണ് അണ്ഡാശയ അര്‍ബുദം ചികിത്സിക്കുന്നത് ?

ചികിത്സയുടെ ആദ്യപടി എന്നത് ശസ്ത്രക്രിയയാണ്. മിക്കവാറും സന്ദര്‍ഭങ്ങളില്‍ ടോട്ടല്‍ ഹിസ്റ്ററക്ടമി സാല്‍പിങ്കോ ഊഫോറെക്ടമി എന്ന ശസ്ത്രക്രിയയാണ് ചെയ്തുവരുന്നത്. അണ്ഡാശയം, അണ്ഡവാഹിനി കുഴല്‍, ഗര്‍ഭപാത്രം എന്നിവ നീക്കം ചെയ്യുകയാണ് ഈ ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്.

അര്‍ബുദരോഗാവസ്ഥ ഏതു ഘട്ടത്തിലെത്തി എന്നതനുസരിച്ച് ആകും തുടര്‍ചികിത്സ നിശ്ചയിക്കുന്നത്. ചിലര്‍ക്ക് തുടര്‍ചികിത്സ ആവശ്യം വരികയില്ല, എന്നാല്‍ മറ്റു ചിലര്‍ക്ക് കീമോതെറാപ്പി പോലുള്ള ചികിത്സാരീതികള്‍ ആവശ്യമായിവരും. അര്‍ബുദകോശങ്ങളെ വളരാന്‍ അനുവദിക്കാതെ നശിപ്പിച്ചു കളയുന്ന ചികിത്സാരീതിയാണ് കീമോതെറാപ്പി. ചികിത്സ പൂര്‍ണമായി കഴിഞ്ഞാല്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന ആവശ്യമാണ് രോഗം വീണ്ടും വരാതെ നോക്കേണ്ടത് നിര്‍ണായകമാണ്.

ഡോ. പി പി അബ്ദുള്‍ ഷാഹിദ് (എംഡി, ഡിഎം)
കണ്‍സല്‍ട്ടന്‍റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ്
കിംസ്‌ഹെല്‍ത്ത് കാന്‍സര്‍ സെന്‍റ്ര്‍ , തിരുവനന്തപുരം