ചെള്ളുപനിക്ക് മരുന്നുണ്ട് ; സ്വയംചികിത്സ വേണ്ട
Wednesday, July 22, 2020 3:04 PM IST
പ്രധാനമായും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഗ്രാമപ്രദേശങ്ങളിലാണ് സ്ക്രബ് ടൈഫസ് കൂടുതല്‍ കാണുന്നത്. ഇന്തോനേഷ്യ, ചൈന, കൊറിയ, ജപ്പാന്, തൈവാന്‍, ഇന്ത്യ, പാക്കിസ്ഥാന്, തായ്ലൻഡ് എന്നീ രാജ്യങ്ങളാണ് ലോകത്തെ പ്രധാന സ്ക്രബ് ടൈഫസ് ബാധിത പ്രദേശങ്ങള്‍. ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകളിലൂടെ രോഗം പാശ്ചാത്യരാജങ്ങളിലും എത്തുന്നു.
രോഗത്തിന്റെ വികാസം
ദീര്‍ഘനാള്‍ നീണ്ടു നില്ക്കുന്ന പനിയാണ് സ്ക്രബ് ടൈഫസിന്റെ പ്രത്യേകത. ചികിത്സിക്കാതിരുന്നാല്‍ 2 മുതല്‍ 3 ആഴ്ച വരെ അത് നീണ്ടുനില്‍ക്കാം. രോഗം ഗുരുതരമായാല്‍ ശരീരത്തിലെ വിവിധ അവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകും.
ശ്വാസകോശങ്ങളില്‍ ന്യുമോണിയ, ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനം തടസപ്പെട്ട് നീരുകെട്ടല്, ഹൃദയത്തിനു രക്തം പമ്പ് ചെയ്യാന്‍ ശേഷി നഷ്ടപ്പെടല്‍, രക്തചംക്രമണം നിശ്ചലമാകല്‍, നാഡീവ്യവസ്ഥയുടെ തകര്‍ച്ച എന്നിങ്ങനെ അതീവ ഗുരുതരമായ അവസ്ഥകള്‍ സംജാതമാകുന്നു.
മൂന്നാമത്തെ ആഴ്ചയോടു കൂടി ഇവയെല്ലാം രോഗിയുടെ മരണത്തില്‍ കലാശിക്കുകയും ചെയ്യും. സ്ക്രബ് ടൈഫസിന്റെ ഇത്തരം രോഗവസ്ഥകളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നമുക്ക് വലിയ ഭയമുണ്ടാവും. തീര്‍ച്ചയായും അതിന്റെ ആവശ്യമില്ല. ശരിയായ സമയത്ത് വൈദ്യസഹായം തേടാത്തവരിലും സ്വയംചികിത്സയുമായി കഴിയുന്നവരിലുമാണ് ഇത്തരം അവസ്ഥകള്‍ കാണപ്പെടുന്നത്.
ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന രോഗമാണെങ്കിലും രോഗസാധ്യത തുടക്കത്തില്‍ തന്നെ സംശയിക്കാന്‍ കഴിഞ്ഞാല്‍ വളരെ വേഗം ഫലപ്രദമായി ചികിത്സിച്ചു സുഖപ്പെടുത്താന്‍ കഴിയുന്ന രോഗമാണ് സ്ക്രബ് ടൈഫസ് എന്ന് എല്ലാവരും തിരിച്ചറിയണം.
ചികിത്സ
ഡോക്സിസൈക്ലിന്‍ എന്ന ആന്റിബയോട്ടിക്കാണ് സ്ക്രബ് ടൈഫസിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഈ മരുന്ന് നല്‍കാവുന്നതാണ്.
കുട്ടികള്‍ക്ക് ഈ ഔഷധം ഉപയോഗിക്കാമോ എന്ന കാര്യത്തില്‍ ആശങ്ക ആവശ്യമില്ല. ഈ ഔഷധം നല്കുമ്പോള് ഭൂരിപക്ഷം രോഗികളിലും 48 മണിക്കൂറിനുള്ളില്‍ തന്നെ രോഗം കുറഞ്ഞു തുടങ്ങതായി കാണാന്‍ കഴിയും. അസിട്രോമൈസിന്‍ പോലെയുള്ള ആന്റിബയോട്ടിക്കുകയും ഫലപ്രദമാണ്.
രോഗപ്രതിരോധം
ഈ രോഗത്തിനെതിരേ വാക്സിന് ലഭ്യമല്ല. ചെള്ളുകളുടെ കടി ഏല്‍ക്കാതിരിക്കാന്‍ പാകത്തില്‍ ചെള്ളുകളെ തുരത്താന്‍ സഹായിക്കുന്ന ലേപനങ്ങള്‍ പുരട്ടുക, കൈകാലുകള്‍ മറയുന്ന വിധം വസ്ത്രം ധരിക്കുക എന്നിവയാണ് ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍. പനി സ്വയം ചികിത്സിക്കാതെ തുടക്കത്തില്‍ തന്നെ വൈദ്യ ഉപദേശം തേടുക എന്നതാണു പ്രധാനം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ജി. ആർ.സന്തോഷ് കുമാർ,
ആരോഗ്യകേരളം, വയനാട്.