ഓരോരുത്തരിലും മൈഗ്രേനു നിദാനമാകുന്ന ട്രിഗറുകളെ കണ്ടെത്തുക തന്നെ ആദ്യപടി. തങ്ങൾക്ക് ഹാനികരമാകുന്ന ട്രിഗറുകൾ കണ്ടുപിടിച്ച് ഒഴിവാക്കുന്നതാണ് പ്രധാന മുൻകരുതൽ. പ്രധാനമായി പത്തു ട്രിഗറുകളാണത്.
1. കൃത്യമായ ദിനചര്യകളിലുള്ള വ്യതിയാനങ്ങൾ. ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയങ്ങൾ മാറ്റുക. ദീർഘയാത്രകളും മറ്റും ഇതിന് കാരണമാകുന്നു. അതുകൊണ്ട് കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുകയും ഉണരുകയും ചെയ്യുക.
2. അന്തരീക്ഷ-കാലാവസ്ഥാ വ്യതിയാനങ്ങൾ മൈഗ്രേന് ഉത്തേജകഘടകങ്ങളാകുന്നു. അമിത ചൂടും തണുപ്പും ട്രിഗറുകളാകുന്നു. വെട്ടിത്തിളങ്ങുന്ന പ്രകാശ രശ്മികൾ തലവേദനയുണ്ടാക്കുന്നു. അതുകൊണ്ട് ഇത് ഒഴിവാക്കുക. നിർജലീകരണം ഉണ്ടാവരുത്. ധാരാളം വെള്ളം കുടിക്കുക.
3. മൈഗ്രേനു കാരണങ്ങളാകുന്ന ഭക്ഷണപദാർഥങ്ങൾ എന്തെന്ന് അറിയുക.ചോക്ലേറ്റ്, ബനാന, ചീസ്, വിനാഗരി, സോയാസോസ്, ചുവന്ന വൈൻ, നാരങ്ങ, കാപ്പി തുടങ്ങിയവ തലവേദനയ്ക്കുള്ള ഉദ്ദീപന ഘടകമാകുന്നു. കൂടാതെ ഭക്ഷണപദാർഥങ്ങളിലടങ്ങിയിട്ടുള്ള രാസചേരുവകളായ മോണോസോഡിയം ഗ്ലൂട്ടാമെയ്റ്റ്, സൽഫൈയ്റ്റ്, നൈട്രേറ്റ്, അസ്പർട്ടാം, ചൈനീസ് ഭക്ഷണത്തിലെ അജിനോമോട്ടോ തുടങ്ങിയവ കഠിനമായ കൊടിഞ്ഞിക്കു തുടക്കമിടുന്നു. ഇവ ഒഴിവാക്കാൻ ശ്രമിക്കുക.
4. കൃത്യസമയത്തു ഭക്ഷണം കഴിക്കുക. ഭക്ഷണക്രമങ്ങൾ തെറ്റിക്കുന്നതും തലവേദനയുണ്ടാക്കുന്നു. വിശന്നിരിക്കുന്നതും നന്നല്ല. രക്തത്തിൽ പഞ്ചസാര കുറഞ്ഞുപോകുന്നതും ഹാനികരം. ചെറിയ അളവിലുള്ള ആഹാരം കൃത്യമായ സമയക്രമങ്ങളിൽ പലപ്രാവശ്യം കഴിക്കുന്നത് ഉത്തമം.
5. ആർത്തവ സമയത്തും ഋതുവിരാമത്തിനുശേഷവും ഗർഭാവസ്ഥയിലുള്ള സ്ത്രൈണഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മൈഗ്രേനുള്ള ശക്തമായ ട്രിഗറാണ്. അതുപോലെ ഹോർമോണടങ്ങുന്ന ഗർഭനിരോധന ഗുളികകളും തലവേദയുണ്ടാക്കുന്നു. ഋതുവിരാമത്തിനുശേഷമുള്ള ഹോർമോണ് പുനരുത്ഥാന ചികിത്സ പലപ്പോഴും മൈഗ്രേനു കാരണമാകാറുണ്ട്.
6. മദ്യപാനവും പുകയിലയും പാടെ വർജിക്കുക. ചുവന്ന വൈനും കറുത്ത ബിയറും വിസ്കിയും മൈഗ്രേനുള്ള ട്രിഗറുകളാകുന്നു. പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും നാഡികളെ ക്ഷയപ്പെടുത്തുകയും ചെയ്യുന്നു.
7. സ്ട്രെസ്, ഉത്കണ്ഠ, മാനസിക തളർച്ച, അമിത ഉത്തേജിതാവസ്ഥ, ദേഷ്യം തുടങ്ങിയവയെല്ലാം ട്രിഗറുകളാകുന്നു. മനസിനെ സന്തുലിതമാക്കി സ്ട്രെസ് മാനേജ്മെന്റ് തെറാപ്പി പരിലീശിക്കുക.
8. കൃത്യവും ഉൗർജസ്വലവുമായ വ്യായാമ പദ്ധതികൾ മൈഗ്രേനെതിരായ മുൻകരുതൽ തന്നെ. ഇത് ശരീരത്തിലെ ’എൻഡോർഫിനുകളെ’ ഉല്പാദിപ്പിക്കുകയും അവ വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ, അമിതാധ്വാനം, അമിത വ്യായാമം, അസാധാരണമായ ലൈംഗിക ചേഷ്ടകൾ ഇവ തലവേദനയുണ്ടാക്കുകയും ചെയ്യുന്നു.
9. അസാധാരണവും അതിതീവ്രവുമായ ഗന്ധങ്ങൾ തലവേദനയുടെ ഉദ്ദീപനഘടകങ്ങളാണ്. പലതരത്തിലുള്ള രാസപദാർഥങ്ങൾ ഉൾക്കൊള്ളുന്നതാണ് പെർഫ്യൂമുകൾ. അവ നാഡിവ്യൂഹത്തിന്റെ സംവേദന ശക്തിയെ തകിടംമറിക്കുന്നു. കടുത്ത മണങ്ങൾ ചിലരിൽ മൈഗ്രേനുണ്ടാക്കുന്നു. തലയിലെ രക്തക്കുഴലുകളുടെ വികസനം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു.
10. പല ഗുളികകളും മൈഗ്രേനുണ്ടാക്കുന്നു. ഗർഭനിരോധന ഗുളികകൾ, പ്രഷർ കുറയ്ക്കുന്ന മരുന്നുകൾ ഹൃദ്രോഗികളുപയോഗിക്കുന്ന നൈട്രേറ്റുകൾ ഇവ അവയിൽ ചിലതുമാത്രം. ഏതു മരുന്ന് കഴിക്കുന്പോഴാണ് തലവേദനയുണ്ടാകുന്നത് എന്നു മനസിലാക്കി അവ ഒഴിവാക്കുക.
ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA)
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്
വെണ്ണല, കൊച്ചി.