മോണരോഗം - ഹൃദ്രോഗം - പ്രമേഹം
Thursday, December 19, 2019 12:22 PM IST
മോണരോഗങ്ങൾ ഉള്ളവരിൽ ഹൃദ്രോഗത്തിനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മോണരോഗങ്ങൾ ഉള്ളവരിൽ മോണയിൽ നിന്ന് രക്തം വരാറുണ്ട്. തുറന്നിരിക്കുന്ന രക്തക്കുഴലുകൾ വഴി പ്രധാന രക്തധമനികളിൽ രോഗാണുക്കൾ എത്താനുള്ള സാധ്യത കൂടുതലാണ്. രക്തക്കുഴലുകളിൽ പ്ലാക്കുകൾ ( കൊളസ്ട്രോൾ, ഫാറ്റ്, കാൽസ്യം, മറ്റു മെറ്റീരിയൽസ്) അടിയുന്നത് രക്തത്തിന്റെ സുഗമമായ ഒഴുക്കിനെ തടസപ്പെടുത്തുന്നു. ഇത് രക്തക്കുഴലിന്റെ വ്യാസം കുറയ്ക്കുന്നു. ഇതിനോടൊപ്പം മോണയിൽ നിന്നുള്ള രോഗാണുക്കൾ ഇവിടെ വരുന്പോൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുന്നു.
നിലവിൽ ഹൃദ്രോഗമുള്ളവർ സാധാരണ ആളുകളെക്കാൾ ദന്ത ശുചീകരണത്തിനു കൂടുതൽ ശ്രദ്ധ നൽകണം. ഹൃദയധമനികളിൽ രോഗാണുബാധ ഉണ്ടാകാതിരിക്കാൻ പ്രത്യേക മുൻകരുതലുകൾ എടുക്കണം. ഹൃദ്രോഗം ഉണ്ടെന്നുള്ള കാര്യം മറച്ചുവച്ച് ചികിൽസ ലഭ്യമാക്കുവാൻ ശ്രമിക്കരുത്.
മോണരോഗവും പ്രമേഹവും
* മോണരോഗമുള്ളവരിൽ പ്രമേഹം ഉണ്ടാകാനും പ്രമേഹമുള്ളവരിൽ മോണരോഗമുണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്.
- പ്രമേഹം പൊതുവേ രക്തയോട്ടത്തെ കുറയ്ക്കുന്നതിനൊപ്പം മോണയിലേക്കുള്ള രക്തപ്രവാഹത്തേയും കുറയ്ക്കുന്നു. ഇത് മോണയിൽ രോഗാണുബാധ ഉണ്ടാകുവാനുള്ള സാദ്ധ്യത കൂട്ടുന്നു.
- ശരീരത്തിന്റെ പ്രതിരോധശക്തിയെ പ്രമേഹം കുറയ്ക്കുന്നു. ഇത് മോണയ്ക്ക് രോഗാണുബാധ ഉണ്ടാകുവാൻ കാരണമാകുന്നു.
- ഉമിനീരിലെ ഗ്ലൂക്കോസ് അളവ് കൂടുതലായതിനാൽ രോഗാണുക്കൾക്ക് വളരാനുള്ള സാധ്യത കൂടുതലാണ്. ഇത് മോണരോഗത്തിന് കാരണമാകുന്നു.
- പ്രമേഹമുള്ളവർക്ക് പുകവലിയുണ്ടെങ്കിൽ മോണരോഗത്തിനുള്ള സാധ്യത കൂടുതലാണ്.
- പ്രമേഹമുള്ളവർ രണ്ട് നേരം പല്ലുതേയ്ക്കുകയും ഫ്ളോസ് ചെയ്യുകയും ചെയ്യേണ്ടത് ആവശ്യമാണ്.
ലക്ഷണങ്ങൾ
- ചുവന്നുതടിച്ച മോണ.
- ചെറുതായി വിരൽ വെച്ചു ഞെക്കിയാൽ രക്തം വരവ്.
- മോണയും പല്ലും തമ്മിൽ ചേരുന്ന സ്ഥലം വിട്ടുനിൽക്കുന്നത്.
- പല്ലുകൾക്ക് ഇളക്കം.
- വായ്നാറ്റം.
- പല്ലുകൾ തമ്മിൽ കടിക്കുന്പോൾ സാധാരണയിൽ നിന്ന് വ്യത്യാസം ഉണ്ടെന്ന അവസ്ഥ
- വെപ്പുപല്ലുകൾക്ക് ഇളക്കം.
- വായിലെ ഉമിനീരിലുള്ള കുറവ്.
മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദന്ത ഡോക്ടറിന്റെ പരിശോധന ആവശ്യമാണ്.
നിയന്ത്രണമില്ലാത്ത പ്രമേഹം രക്തത്തിലെ ന്യൂട്രോഫിൽസിനെ(വെളുത്ത രക്ത കോശങ്ങൾ) ബാധിക്കുകയും, ഇത് രോഗാണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. രക്തത്തിലെ വെളുത്തകോശങ്ങളാണ് രോഗാണുക്കളെ പ്രധാനമായും പ്രതിരോധിക്കുന്നത്. ഇതുകാരണം മോണരോഗങ്ങളും മറ്റ് അനുബന്ധരോഗങ്ങളും പ്രമേഹമുള്ളവരിൽ കൂടുതലായി കാണുന്നു. മോണരോഗങ്ങളെ ശരിയായ രീതിയിൽ ചികിത്സിച്ചാൽ രോഗാണുബാധ കുറയുകയും പ്രമേഹം നിയന്ത്രണത്തിൽ വരികയും ചെയ്യുന്നു. പ്രമേഹമുള്ളവരിൽ ഉമിനീരിന്റെ കുറവ് പല്ലുകൾക്ക് പോട് ഉണ്ടാകുവാൻ കാരണമാകുന്നു. ഉമിനീരിന്റെ പ്രതിരോധശക്തി വായ്ക്കുള്ളിൽ മോണയിലെ അണുബാധയെ തടയുന്നു. ഉമിനീരിന്റെ കുറവ് പ്രതിരോധത്തെ കുറയ്ക്കുന്നു. അതുപോലെ തന്നെ ഉമിനീരിന്റെ ഒഴുക്ക് പല്ലിലും മോണയിലും പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകളെയും ഭക്ഷണപദാർത്ഥങ്ങളേയും കഴുകി നീക്കുന്നു. ഉമിനീരിന്റെ കുറവ് ഈ പ്രവർത്തനങ്ങൾക്ക് എല്ലാം തടസ്സമാകുന്നു. ഉമിനീരിന്റെ അളവിൽ ഗണ്യമായ കുറവ് വന്നാൽ വായ്ക്കുള്ളിൽ പുകച്ചിലും ഉണ്ടാകും. ഫ്ളൂറൈഡ് അടങ്ങിയ മൗത്ത് വാഷുകളും ജെല്ലും ഉപയോഗിക്കുന്നത് പല്ലിൽ പോടുണ്ടാകുന്നത് കുറയ്ക്കുവാൻ സഹായകം.
- സാധാരണരീതിയിൽ പല്ലെടുക്കുന്നതിനുപോലും പ്രമേഹ നിയന്ത്രണം ആവശ്യമാണ്. പ്രമേഹം നിയന്ത്രിച്ചതിനുശേഷം, വളരെ സുരക്ഷിതമായി പല്ലെടുക്കുകയോ മോണയുടെ ചികിത്സ നടത്തുകയോ ചെയ്യാവുന്നതാണ്.
- നിയന്ത്രണത്തിനതീതമായി പ്രമേഹം ഉണ്ടെങ്കിൽ ഒരു മെഡിക്കൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് കഴിച്ച് പ്രമേഹം നിയന്ത്രിച്ചിട്ടു മാത്രം ദന്ത സർജറി ചികിത്സ നടത്തുക.
-ഹൃദ്രോഗം, സ്ട്രോക്ക് ഇവ ഉണ്ടായിട്ടുള്ളവർക്ക് രക്തം കട്ടപിടിക്കാതിരിക്കാൻ ആസ്പിരിൻ പോലെയുള്ള മരുന്നുകൾ ഡോക്ടർമാർ നൽകാറുണ്ട്. ഈ മരുന്നു നിർത്തി മൂന്നു ദിവസം മുതൽ അഞ്ച് ദിവസം ആയതിനുശേഷമേ പല്ലെടുക്കുകയോ സർജിക്കൽ ചികിത്സ നടത്തുകയോ ചെയ്യാവൂ.
- ഒരു കാരണവശാലും രോഗവിവരം മറച്ചുവച്ച് ചികിത്സ നടത്താൻ ശ്രമിക്കരുത്.
-ദന്ത സർജറി ചികിത്സയ്ക്ക് മുന്പായി നിർബന്ധമായി ആന്റിബയോട്ടിക്കുകൾ കഴിക്കേണ്ടതായ അവസരത്തിൽ ഫിസിഷ്യന്റെ നിർദ്ദേശപ്രകാരമുള്ള ക്രമത്തിൽ മരുന്നു കഴിച്ചു മാത്രമേ ചികിത്സ നടത്താവൂ
- ഹൃദ്രോഗമുള്ള കുടുംബം ദന്ത ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം. എല്ലാ വർഷവും ദന്തപരിശോധന നിർബന്ധമാക്കണം.
- ദന്ത പരിരക്ഷ നൂറു ശതമാനം ആണെന്ന് ഉറപ്പുവരുത്തുക.
- ബ്രഷിംഗ്, ഫ്ളോസിംഗ് ഇവ രണ്ടു നേരം ശീലമാക്കുക.
- ആവശ്യമെങ്കിൽ പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ള ബ്രഷ് ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക.
- ആറുമാസത്തിനും ഒരു വർഷത്തിനുമിടയിൽ ദന്ത പരിശോധന നിർബന്ധമായും നടത്തുക.
നമ്മുടെ ദിനചര്യയുടെ കൂട്ടത്തിൽ പല്ലിന്റെ ബ്രഷിംഗ് ഉൾപ്പെട്ടിട്ടുണ്ട്. ഇതിനായി നാം സമയം കണ്ടെത്താറുമുണ്ട്. ഈ സമയത്തിൽ ഒരുമിനിറ്റ് ശ്രദ്ധിച്ച് പല്ലുതേക്കുകയും ഫ്ളോസ് ചെയ്യുകയും ചെയ്താൽ നമ്മുടെ ഹൃദയത്തിന്റെ പരിരക്ഷ ഉറപ്പാക്കാം.
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്,
തിരുവല്ല) ഫോൺ 9447219903
[email protected]
www.dentalmulamoottil.com