പല്ലിന്റെ പുളിപ്പ് ഒരു രോഗലക്ഷണമാണ്
Tuesday, January 15, 2019 4:33 PM IST
ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥമാണ് പല്ലിന്റെ ഇനാമൽ. ഇനാമൽ പല്ലിന്റെ മുകളിൽ 2.5 മില്ലി മീറ്റർ കനത്തിൽ ആവരണം ചെയ്തിരിക്കുന്നു.പല്ലിന്റെ ഉപരിതലം കുഴികൾ, ഉയർന്നതലം എന്ന രീതിയിലാണ് ഉള്ളത്. ഉയർന്ന തലത്തിൽ പരമാവധി ആവരണവും താഴ്ന്നതലത്തിൽ നേർത്ത ആവരണവും ആണ് കാണപ്പെടുന്നത്. ഇതിന്റെ ഉള്ളിൽ ഡന്റയിൻ എന്ന അംശവും അതിനു കീഴിൽ രക്തക്കുഴലുകളുടെ ഞരന്പും അടങ്ങുന്ന അംശവും സ്ഥിതി ചെയ്യുന്നു. മനുഷ്യായുസിൽ രണ്ടു തരത്തിലുള്ള പല്ലുകൾ ആണ് ഉണ്ടാകുന്നത്-പാൽപ്പല്ലുകൾ,സ്ഥിരദന്തങ്ങൾ.
ആറുമാസം മുതൽ പാൽപ്പല്ലുകൾ മുളച്ചുതുടങ്ങും. ആറുവയസ് മുതൽ പാൽപ്പല്ലുകൾ കൊഴിഞ്ഞുതുടങ്ങും. പന്ത്രണ്ടുവയസോടെ ഏകദേശം എല്ലാ പാൽപ്പല്ലുകളും കൊഴിഞ്ഞ് സ്ഥിരദന്തങ്ങൾ പുറത്തുവരുന്നു.
ആഹാരം ചവച്ചരച്ചു കഴിക്കാനും മുഖത്തിന്റെ ഭംഗിക്ക് മാറ്റു കൂട്ടുവാനും പ്രതിരോധത്തിനുമാണ് ഈ പല്ലുകൾ ഉപയോഗിക്കുന്നത്. ഇതിൽ ഭക്ഷണം ചവച്ച് അരച്ച് കഴിക്കുവാൻ പല്ലുകൾ ആവശ്യമാണ്. അതിനാലാണ് പല്ലിന്റെ പുറംതോട് ഇനാമൽ എന്ന അതികഠിനമായ പദാർഥം ഉപയോഗിച്ച് നിർമിക്കപ്പെട്ടിരിക്കുന്നത്.
പല്ലിന്റെ പുളിപ്പ് എന്നത് ഒരു രോഗലക്ഷണമാണ്. ഈ ലക്ഷണം അവഗണിക്കരുത്. ഇനാമൽ നഷ്ടപ്പെട്ട് ഡന്റയിൻ പുറത്തേക്ക് എത്തിത്തുടങ്ങുന്പോൾ പുളിപ്പ് തുടങ്ങുന്നു.
കാരണങ്ങൾ
*. പോട് - പോട് ഉണ്ടാകുന്പോൾ ഇനാമൽ ദ്രവിക്കുന്നു.
* തേയ്മാനം
* അമിതമായ ശക്തി ബ്രഷിംഗിൽ നിന്ന്
* അമിതമായ ശക്തി രാത്രിയിലെ പല്ലിറുമ്മലിൽ നിന്ന്
*വയറ്റിൽ ഉള്ള അമ്ളാംശം വായിൽ വരുന്നതുമൂലം
പരിഹാര ചികിത്സകൾ
* പോട് തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച് ചികിത്സകൾ നടത്തുക. എക്സ് റേ പോലെയുള്ള പരിശോധനകളിൽ രണ്ട് പല്ലുകൾക്ക് ഇടയിൽ ഉള്ള പോട് കാണുവാൻ സാധിക്കും.
* ബ്രഷ് കൃത്യമായി ഉപയോഗിക്കാൻ പഠിക്കുക. നിരന്തരമായി തെറ്റിയുള്ള പല്ലുതേപ്പിൽ 2.5 മില്ലീമീറ്റർ തേഞ്ഞു പോകുവാൻ സാധ്യതയുണ്ട്. ഇത് പല്ലിന്റെ ബലം കുറയ്ക്കുന്നു. കൈപ്പത്തിയുടെ ബലം മാത്രം ഉപയോഗിച്ച് പല്ല് തേയ്ക്കാൻ പഠിക്കുക. വിരൽ ഉപയോഗിച്ച് പല്ലിന്റെയും മോണ ചേരുന്നതിന്റെയും തലത്തിൽ പരിശോധിച്ചാൽ തേയ്മാനം സ്വയം മനസിലാക്കാൻ സാധിക്കും.
പല്ലുകടി(പല്ലിറുമ്മൽ രാത്രിയിൽ)
* രാത്രിയിൽ പല്ലിറുമ്മൽ ഉള്ളവർ നിർബന്ധമായും ദന്തചികിത്സകന്റെ സഹായത്താൽ നൈറ്റ് ഗാർഡ് ഉണ്ടാക്കിയെടുത്ത് ഉപയോഗിക്കേണ്ടതാണ്.
* അസിഡിറ്റി ഉള്ളവർ ഡോക്ടറെ കണ്ടു പരിശോധിച്ച് ചികിത്സകളും ഭക്ഷണക്രമീകരണങ്ങളും നടത്തേണ്ടതാണ്.
* നിരതെറ്റിയുള്ള പല്ലുകൾ കന്പിയിടുന്ന ചികിത്സ നടത്തി നിര നേരെയാക്കാൻ ശ്രദ്ധിക്കുക.
പ്രതിരോധം
* കുട്ടികളിൽ ബ്രഷിംഗ് കൃത്യമാക്കുക, ശരിയായ ബ്രഷിംഗ് ടെക്നിക് പഠിക്കുക.
* പോട് ഉണ്ടാകാതിരിക്കുവാൻ പിറ്റ്+ ഫിഷർ ചികിത്സ നടത്തണം.
* ക്ലീനിംഗ്(ഡേക്കലിംഗ്) വർഷത്തിൽ ഒരിക്കൽ ഡോക്ടറുടെ അടുത്ത് ചെന്ന് നടത്തണം
* പല്ല് നിരതെറ്റൽ ചെറുപ്പത്തിലെ കണ്ടുപിടിച്ച് ചികിത്സിക്കുവാൻ ശ്രദ്ധിക്കണം.
* ആധുനിക ഭക്ഷണ സംസ്കാരം പല്ലിന്റെ പ്രശ്നങ്ങൾ കൂടുതലാകുന്നതിനു കാരണമാണ്. പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരം കൂടുതൽ ഉപയോഗത്തിൽ ഉള്ളതിനാൽ പല്ലുകൾക്ക് പ്രത്യേക പരിരക്ഷ ആവശ്യമാണ്. പരിശോധനകളും പ്രതിരോധ ചികിത്സയും കൃത്യമായി പരിപാലിച്ചാൽ നല്ല ഒരു ശതമാനം ദന്തരോഗങ്ങൾ തടയുവാനും ചികിത്സിച്ചു ഭേദമാക്കാനും സാധിക്കും.
പ്രകൃതിയുടെ സ്രഷ്ടാവിന്റെ പ്രത്യേക രൂപകൽപനയിൽ സൗജന്യമായി ലഭിച്ച അവയവങ്ങൾ കൃത്യമായി പരിരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്ക് ഉണ്ടാകണം.
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല)
ഫോണ് 9447219903
[email protected]
www.dentalmulamoottil.com