ഗർഭിണികളുടെ ആരോഗ്യത്തിന് ഓട്സ്
ഒരു ദിവസത്തെ ഭക്ഷണക്രമത്തിൽ ഒഴിവാക്കാനാവാത്തതാണു പ്രഭാതഭക്ഷണം. പ്രാതൽ നല്കുന്ന ഊർജമാണ് ആ ദിവസത്തെ പ്രവർത്തനങ്ങൾക്ക് ഉണർവു പകരുന്നത്. പ്രാതലിന് ഓട്സ് ഉത്തമമെന്നു ഗവേഷകർ. കൊളസ്ട്രോളിനോടു പൊരുതാൻ കഴിവുളള വിഭവങ്ങളുടെ ലിസ്റ്റിൽ മുകളിലാണ് ഓട്സിന്റെ സ്‌ഥാനം. ഒരു കപ്പ്് ഓട്സിൽ കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ ബി, നാരുകൾ, ധാതുക്കൾ, ഫോസ്ഫറസ്, ഇരുമ്പ്, സെലിനിയം, കാൽസ്യം എന്നിവയുൾപ്പെടെയുളള ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. കുറുക്കിയ ഓട്സ് കഴിക്കുന്നതു ശരീരത്തിൽ ജലാംശം വർധിപ്പിക്കുന്നതിനു സഹായകം. ഓട്സിൽ പച്ചക്കറികൾ ചേർത്തു കൂടുതൽ രുചിപ്രദവും പോഷകസമൃദ്ധവുമാക്കി ഉപയോഗിക്കാം. പ്രായമായവരുടെ ആരോഗ്യത്തിന് ഉത്തമം. ആരോഗ്യപ്രശ്നങ്ങളുളളവർ ഓട്സിൽ പാൽ, മധുരം എന്നിവ ചേർത്തു കഴിക്കരുത്. ഓട്സിന്റെ കൂടുതൽ ആരോഗ്യവിശേഷങ്ങളിലേക്ക്...

* കൊളസ്ട്രോൾ കുറയ്ക്കുന്നു. ഓട്സിലടങ്ങിയിരിക്കുന്ന ബീറ്റ ഗ്ലൂക്കാൺസ്(വെളളത്തിൽ ലയിക്കുന്ന തരം നാര്) ഫൈബറിനു രക്‌തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനുളള കഴിവുണ്ട്്. ഇതു ഹൃദയസംബന്ധമായ അസുഖങ്ങൾക്കുളള സാധ്യത കുറയ്ക്കും.

* രക്‌തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്നു. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ആഹാരമാണ് ഓട്സ്. മാത്രമല്ല നാരൂകളാൽ സമൃദ്ധം. ടൈപ്് 2 പ്രമേഹരോഗികൾ ദിവസവും രാവിലെ ഓട്സ് കഴിക്കുന്നതു പ്രയോജനപ്രദമാണെന്നു വിദഗ്ധർ.

* രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. സെലിനിയം, വിറ്റാമിൻ ഇ എന്നിവ ഓട്സിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഇത് ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങൾക്കെതിരെ പോരാടാനുളള ശരീരത്തിന്റെ ശേഷി വർധിപ്പിക്കുന്നു. പനിക്കാലത്ത് ഓട്സ് ഏറെ പ്രയോജനപ്രദം. ഓട്സിലടങ്ങിയിരിക്കുന്ന സിങ്ക് ശരീരപോഷണത്തിനു സഹായകം. ഇത് മുറിവുകൾ ഉണക്കുന്നതിനും പുതിയ കോശങ്ങളുടെ വളർച്ചയ്ക്കും സഹായകം.

* ശരീരഭാരം കുറയ്ക്കുന്നു. ധാരാളം നാരുകൾ അടങ്ങിയിട്ടുളളതും ഫാറ്റിന്റെ അളവു കുറഞ്ഞതുമായ ഭക്ഷണമാണ് ഓട്സ്. ഓട്സ് കഴിക്കുന്നതു കുട്ടികൾക്കും നല്ലതാണ്. അമിതഭാരം ഒഴിവാക്കുന്നതിന് ഇതു ഫലപ്രദമാണെന്നു ഗവേഷണങ്ങൾ വ്യക്‌തമാക്കുന്നു.


* ഓട്സ് പ്രോട്ടീൻ സമ്പന്നം. 100 ഗ്രാം ഓട്സിൽ 17 ഗ്രാം പ്രോട്ടീനുണ്ടെന്നാണു കണക്ക്. ഗോതമ്പ്്, ചോളം എന്നിവയുടെ കുറുക്കിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനെ അപേക്ഷിച്ച് രണ്ട് മടങ്ങ് പ്രോട്ടീൻ ഓട്സിലുണ്ട്. കോശസമൂഹങ്ങളുടെ നിർമാണത്തിനും ശരീരത്തിന് ഊർജം ലഭ്യമാക്കുന്നതിനും പ്രോട്ടീനു നിർണായകപങ്കാണുളളത്.

* ദഹനം വർധിപ്പിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർക്ക് ഓട്സ് ഏറെ ഫലപ്രദമാണ്. മലബന്ധം കുറയ്ക്കുന്നതിനും ഇതു ഗൂണം ചെയ്യും.

* കാൻസർ സാധ്യത കുറയ്ക്കുന്നു. ഓട്സിലടങ്ങിയിരിക്കുന്ന ലിഗ്നാൻ എന്ന ഫോട്ടോകെമിക്കൽ സ്തനാർബുദം, കോളൻ കാൻസർ എന്നിവ ഉണ്ടാകാനുളള സാധ്യത കുറയ്ക്കുന്നു.

* എല്ലുകൾക്കു ശക്‌തി നല്കുന്നു. ഓട്സിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ എല്ലുകൾക്കു ബലം നല്കുന്നു. ഓട്സ് സ്‌ഥിരമായി കഴിക്കുന്നത് ഓസ്റ്റിയോപോറോസിസ് (ഒരു തരം എല്ലുരോഗം)സാധ്യത കുറയ്ക്കും.

* ഗർഭിണികളുടെ ആരോഗ്യത്തിന് ഓട്സ് ഉത്തമം. ഓട്സിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ്, തയാമിൻ, റൈബോഫ്ളാവിൻ, നിയാസിൻ എന്നിവ ഗർഭിണികളുടെ ആരോഗ്യത്തിനു ഗുണപ്രദം. ഓട്സിലടങ്ങിയ നാരുകൾ, ഇരുമ്പ്, വിറ്റാമിൻ ബി എന്നിവയും ഗർഭിണികളുടെ ആരോഗ്യത്തിന് ഉത്തമം.

ചർമത്തിന്റെ ആരോഗ്യത്തിന് ഓട്സ് ഫലപ്രദം. ഡിപ്രഷൻ (വിഷാദരോഗം) കുറയ്ക്കും. നാഡികൾക്കുണ്ടാകുന്ന ക്ഷീണത്തിനും ഓട്സ് ഫലപ്രദം. ഓട്സ്, പാൽ, തേൻ എന്നിവ ചേർത്തു രാവിലെ കഴിക്കുന്നത്് ഏകാഗ്രത വർധിപ്പിക്കുന്നതിനു സഹായകം. ഊർജവർധനയ്ക്കു സഹായകമായ ആഹാരമാണ് ഓട്സ്. ഓട്സിൽ അടങ്ങിയ ഫോസ്ഫറസ്, വിറ്റാമിൻ ബി, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളും എനർജി ബൂസ്റ്റർ ആയി പ്രവർത്തിക്കുന്നു.

ടി.ജി.ബൈജുനാഥ്