പ്രസവം എളുപ്പമാകട്ടെ
പ്രസവം എളുപ്പമാകാൻ ലമാസ് ക്ലാസുകളിൽ നിർദേശിക്കുന്ന ആറു കാര്യങ്ങളുണ്ട്. പുറത്തു നിന്നുമുള്ള ഇടപെടലുകൾ പരമാവധി കുറച്ചു സ്വാഭാവിക സുഖപ്രസവം ഉണ്ടാകാനായി ഇനി പറയുന്ന കാര്യങ്ങൾ നിർദ്ദേശിക്കുന്നു.
പ്രസവം സ്വമേധയാ ആരംഭിക്കണം. വേദന വരാനുള്ള മരുന്നുകൾ ഇല്ലാതെ പ്രസവം നടക്കണം. 36 ആഴ്ച്ചയ്ക്കും 42 ആഴ്ച്ചയ്ക്കും ഇടയിൽ എപ്പോൾ വേണമെങ്കിലും പ്രസവം നടക്കാം. അതിനായി മാനസികമായി തയാറെടുക്കുക. കുഞ്ഞു പൂർണവളർച്ചയെത്തിക്കഴിയുമ്പോൾ പുറത്തേക്കു വരാനുള്ള ഒരു സിഗ്നൽപോലെ ഒരു രാസപ്രവർത്തനം ശരീരത്തിൽ ഉണ്ടാകും. ഇതാണു ഗർഭാശയമുഖം വികസിപ്പിക്കുന്നതും വേദനയുണ്ടാക്കുന്നതും. അതിനനുസരിച്ചു മാത്രം മുന്നോട്ടു നീങ്ങുക.
പ്രസവം ആരംഭിക്കുന്ന സമയത്തു ഗർഭിണിക്കു ചലനസ്വാതന്ത്ര്യം ഉണ്ടായിരിക്കണം. പ്രസവവേദനയുടെ സമയത്ത് എന്തുചെയ്താലാണു വേദനകുറയുകയെന്നു ചിലപ്പോൾ മറ്റൊരാൾക്കു പറഞ്ഞു തരാനാകില്ല. സ്ത്രീക്കു ചിലപ്പോൾ നിൽക്കണമെന്നോ നടക്കണമെന്നോ ഇരിക്കണമെന്നൊ തോന്നാം. നമ്മുടെ നാട്ടിൽ പൊതുവായ രീതി വച്ചു വേദന തുടങ്ങുമ്പോൾ തന്നെ കിടത്തിയാണു പരിശോധിക്കുന്നതും പ്രസവിക്കുന്നതും. ഈ രീതി ചില സാചര്യങ്ങളിൽ സ്ത്രീക്കു സൗകര്യപ്രദമായിരിക്കില്ല. പ്രസവസമയത്തു സ്ത്രീയുടെ താത്പര്യവും സുഖസൗകര്യവുമാണു പ്രധാനമായും പരിഗണിക്കേണ്ടത്.
പ്രസവസമയത്തുടനീളം സ്ത്രീക്കൊപ്പം ഉണ്ടാകുക. പ്രസവത്തിന്റെ സമയത്തു സ്ത്രീക്കു ശാരീരികമായും മാനസികമായുമുള്ള പിന്തുണ അത്യാവശ്യമാണ്. അതിനുവേണ്ടി ഒപ്പം വേണ്ടപ്പെട്ട ഒരാൾ എപ്പോഴും കൂടെയുണ്ടാകണം. അതു ഭർത്താവായിരിക്കുന്നതാണു കൂടുതൽ അഭികാമ്യമെന്നു ലമാസ് പറയുന്നു. ഇടപെടലുകൾ ഉണ്ടാകരുത്. സ്വാഭാവിക പ്രസവത്തിനായി കാത്തിരിക്കണമെന്നാണു ലമാസ് നിർദ്ദേശിക്കുന്നത്. പ്രസവിക്കാനുള്ള മരുന്നു സ്വീകരിക്കുന്നതിനോടു യോജിപ്പില്ല.
സ്ത്രീയെ നിവർന്നിരിക്കാൻ സഹായിച്ചുകൊണ്ടു ഗുരുത്വാകർഷണത്തിന് ഒപ്പം നിന്നു പ്രസവിക്കാൻ സഹായിക്കുന്നു. ഇതു സ്ത്രീയുടെ അധ്വാനം കുറയ്ക്കുന്നു. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ അമ്മയുടെ ശരീരത്തോടു ചേർത്തു വയ്ക്കുന്നതു വഴി എത്രയും പെട്ടന്നു കുഞ്ഞിനു പാലുകൊടുക്കാനുള്ള സാഹചര്യവും ഉണ്ടാക്കുന്നു. നമ്മുടെ നാട്ടിൽ ഇപ്പോൾ പ്രസവങ്ങൾ കൂടുതലും ആശുപത്രികൾ വഴിയാണു നടക്കുന്നത്. സിസേറിയൻ നിരക്കു കുറയ്ക്കുവാനായി സർക്കാർ പലനടപടികളും തുടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം ബാഹ്യമായ കാര്യങ്ങളാണ്. അടിസ്ഥാനപരമായി പ്രസവിക്കുന്ന സ്ത്രീയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു തന്നെ പ്രാധാന്യം നൽകണം. ഇതു തീർച്ചായും ആരോഗ്യമുള്ള ഒരു പുത്തൻ തലമുറയെ വാർത്തെടുക്കാൻ സഹായിക്കും.
ഗർഭിണികളുടെ ഭക്ഷണക്രമം
* ഓറഞ്ച് ജ്യൂസടിക്കുമ്പോൾ ഒപ്പം കുറച്ചു കാരറ്റും ബീറ്റ്റൂട്ടും ഒരു നാരങ്ങയുടെ നീരും ചേർത്തടിച്ചു ജ്യൂസാക്കി കഴിക്കാം.
* ബീൻസ് പ്രോട്ടീനിന്റെ കലവറയാണ്. രണ്ടു മൂന്നു ബീൻസും ഒരു കാരറ്റിന്റെ പകുതികഷണങ്ങളാക്കിയതും രുചിക്ക് അൽപം ഉപ്പും ചേർത്തുകുക്കറിൽ നന്നായി വേവിച്ച് അടിച്ച് ഉടച്ചെടുക്കുക. ഇതിൽ ആവശ്യത്തിനു നാരങ്ങാ നീരും ഒരു നുള്ളു കുരുമുളകുപൊടിയും ചേർത്തു സൂപ്പായി കഴിക്കാം.
* പാൽ നേരിട്ടു കഴിക്കുന്നതിലും നല്ലാതാണ് അതു തൈരോ മോരോ ആയി കഴിക്കുന്നത്. സംഭാരം നല്ലതാണ്.
* ചെറുപയർ പാകം ചെയ്ത് അതിലേക്ക് അല്പം തേങ്ങ ചിരകിയതു ചേർത്തു കഴിക്കാം.
* പാകം ചെയ്ത ചെറുപയറിൽ തൈരു ചേർത്തു കഴിക്കുന്നതും നല്ലതാണ്.
വിവരങ്ങൾക്കു കടപ്പാട്:
പ്രിയങ്ക ഇടിക്കുള ബർത്ത് വില്ലേജ്, വൈറ്റില
–നിമ്മി ഏബ്രഹാം