അണ്‌ഡോത്പാദന വൈകല്യം
? എന്റെ വിവാഹം കഴിഞ്ഞിട്ട് ഏഴുവര്‍ഷമായി. കുട്ടികളില്ല. അണ്‌ഡോത്പാദന വൈകല്യമാണ്. ഓവറിയില്‍ പോളിസിസ്റ്റിക് ആയതിനാല്‍ Metformine എന്ന ഗുളിക കഴിക്കാനും ഡോക്ടര്‍ നിര്‍ദേശിച്ചു. Metformine പ്രമേഹരോഗികള്‍ക്കു കൊടുക്കുന്ന ഗുളികയാണെന്നു മെഡിക്കല്‍ ഷോപ്പില്‍ നിന്നു പറഞ്ഞു. പ്രമേഹമില്ലാത്ത ഞാന്‍ ഈ മരുന്നു കഴിച്ചാല്‍ എന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടാകുമോ?
രശ്മി മുകുന്ദന്‍,
ഷൊര്‍ണൂര്‍

പോളിസിസ്റ്റിക് ഓവറി ഉള്ളവരില്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഉണ്ട്. അതായത് ഇന്‍സുലിന് എതിരെ പ്രതികരിക്കുന്ന ഘടകങ്ങള്‍ ശരീരത്തില്‍ ഉണ്ടാകുന്നു എന്നര്‍ഥം. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഉള്ളതുകൊണ്ട് ഈ കൂട്ടരുടെ രക്തത്തില്‍ ഇന്‍സുലിന്റെ അളവും കൂടും. ഇന്‍സുലിന്റെ അളവു കൂടുമ്പോള്‍ പുരുഷഹോര്‍മോണിന്റെ അളവും കൂടും. പുരുഷഹോര്‍മോണിന്റെ അളവു കൂടുമ്പോള്‍ അണ്‌ഡോത്പാദനം ശരിക്കും നടക്കുകയില്ല.


Metformine എന്ന ഗുളിക കഴിക്കുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയും. ഗ്ലൂക്കോസിന്റെ അളവു കുറയുമ്പോള്‍ പുരുഷഹോര്‍മോണിന്റെ അളവും കുറയും. താങ്കളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നത് പാന്‍ക്രിയാസ്ഗ്രന്ഥി അമിതമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്. ഈ ഗുളിക കഴിക്കുമ്പോള്‍ ഗ്ലൂക്കോസ് കുറയുന്നതുകൊണ്ടു പാന്‍ക്രിയാസ്ഗ്രന്ഥിക്കു അമിതമായി പ്രവര്‍ത്തിക്കേണ്ടി വരുന്നില്ല. അതുകൊണ്ടു താങ്കള്‍ക്കു പ്രമേഹം ഉണ്ടാകുന്നതിനുള്ള സാധ്യതയും കുറയുന്നു. ഭയപ്പെടാതെ ഈ ഗുളിക കഴിക്കാവുന്നതാണ്.