ഗർഭാശയസംബന്ധമായ അർബുദം; യാഥാർഥ്യം മനസിലാക്കാം
Friday, August 27, 2021 1:07 PM IST
അർബുദം അഥവാ കാൻസർരോഗം എന്നാൽ നമ്മുടെ ശരീരത്തിലെ ഏതെങ്കിലും കുറച്ച് കലകൾ നിയന്ത്രണാധീതമായി വിഘടിക്കുകയും വളരുകയും ചെയ്യുന്ന പ്രതിഭാസമാണ്. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് വ്യക്തമല്ലെങ്കിലും ചില അർബുദരോഗം പാരന്പര്യമായി കാണാറുണ്ട്.

മറ്റു ചിലത് നമ്മുടെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുള്ളവയാണ്.
പ്രധാനമായും അഞ്ചു തരത്തിലാണ് ഗർഭാശയ സംബന്ധമായ അർബുദരോഗം കണ്ടുവരുന്നത്.

ഗർഭാശയമുഖത്തെ അർബുദം അഥവാ സെർവൈക്കൽ കാൻസർ, അണ്ഡാശയ അർബുദം അഥവാ ഓവേറിയൻ കാൻസർ, ഗർഭാശയ അർബുദം അഥവാ യൂട്രൈൻ കാൻസർ, യോനീ നാളിയിലെ അർബുദം അഥവാ വജൈനൽ കാൻസർ, യോനീ മുഖത്തുണ്ടാകുന്ന അർബുദം അഥവാ വൾവൽ കാൻസർ എന്നിവയാണവ.



ഗർഭാശയദളത്തിൽ ഉണ്ടാകുന്ന അർബുദം (സെർവൈക്കൽ കാൻസർ)
ഗർഭാശയത്തിന്‍റെ ഏറ്റവും താഴെയായി യോനീനാളിയുടെ അടുത്താണ് ഗർഭാശയദളം അഥവാ ഗർഭാശയമുഖം കാണപ്പെടുന്നത്. ഇതിലുണ്ടാകുന്ന അർബുദബാധ ഫലവത്തായ രോഗനിർണയത്തിലൂടെ കണ്ടുപിടിക്കാവുന്നതും പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്നതുമാണ്.

തുടക്കത്തിൽ ഒരു വിധത്തിലുള്ള ലക്ഷണങ്ങളും ഈ അർബുദം കാണിച്ചെന്നുവരില്ല. എന്നാൽ പലപ്പോഴും രക്തം കലർന്ന ദ്രവം വരുന്നതായും ലൈംഗിക ബന്ധത്തിനു ശേഷമുള്ള രക്തസ്രാവമായും ഇത് പ്രത്യക്ഷപ്പെടാറുണ്ട്. ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) എന്ന പ്രത്യേകതരം വൈറസ് ബാധയാണ് ഗർഭാശയമുഖത്തെ കാൻസറിലേക്ക് നയിക്കുന്ന പ്രധാനകാരണം.

പുകവലി, HPV അണുബാധ, ഗർഭനിരോധന ഗുളികകളുടെ അമിത ഉപയോഗം, കൂടുതൽ പുരുഷൻമാരുമായുള്ള ലൈംഗികബന്ധം, കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കുക, വളരെ നേരത്തേയുള്ള വിവാഹബന്ധം എന്നിവയാണ് മറ്റു കാരണങ്ങൾ. മേൽപ്പറഞ്ഞവ ഒഴിവാക്കുകയാണ് മികച്ച പ്രതിരോധ മാർഗം. ഗർഭാശയമുഖത്തെ അർബുദം തടയുന്നതിന് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ സ്വീകരിക്കാവുന്നതാണ്.

പാശ്ചാത്യ രാജ്യങ്ങളിൽ കൗമാര പ്രായമാകുന്നതിനു മുൻപു തന്നെ 11 മുതൽ 12 വയസുള്ള പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും ഈ പ്രതിരോധ കുത്തിവയ്പ്പ് നടത്തിവരുന്നുണ്ട്. 15 വയസിനു മുൻപായി എടുക്കുന്നുവെങ്കിൽ രണ്ടുതവണയായി ആറുമാസം ഇടവിട്ടാണ് കുത്തിവയ്പ് നൽകുന്നത്. 15 മുതൽ 26 വയസുവരെയാണ് നമ്മുടെ നാട്ടിൽ ഈ കുത്തിവയ്പ്പ് കൊടുക്കുന്നത്. മൂന്നു തവണയായിട്ടാണ് ഇത് കൊടുക്കുന്നത്.

ആദ്യത്തെ തവണ എടുത്തതിനുശേഷം ഒരുമാസം കഴിഞ്ഞ് രണ്ടാമത്തെ കുത്തിവെയ്പ്പ് എടുക്കണം. മൂന്നാമത്തെ കുത്തിവയ്പ് ആറാം മാസത്തിലുമാണ് എടുക്കേണ്ടത്. ഈ കുത്തിവയ്പ് ഗർഭാശയമുഖത്തെ കാൻസർ, യോനീ കാൻസർ എന്നിവയെ ഫലപ്രദമായി പ്രതിരോധിക്കാൻ നമ്മെ സഹായിക്കും.

അണ്ഡാശയ അർബുദം (ഓവേറിയൻ കാൻസർ)



പ്രധാനപ്പെട്ട അർബുദമാണ് അണ്ഡാശയ അർബുദം അഥവാ ഓവേറിയൻ കാൻസർ. രക്തസ്രാവമാണ് ഇതിന്‍റെ മുഖ്യ ലക്ഷണം. പ്രധാനമായും മാസമുറ നീണ്ടുനിന്നതിനുശേഷമുള്ള രക്തസ്രാവം. വയറുവേദന, വയറുനിറഞ്ഞെന്ന തോന്നൽ, ക്രമം തെറ്റിയ മലമൂത്രവിസർജ്ജനം, വയറുവീർപ്പ് എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങൾ ആണെങ്കിലും ഒരു വലിയ വിഭാഗം ആളുകളിൽ യാതൊരു രോഗലക്ഷണങ്ങളും അണ്ഡാശഅർബുദം കാണിക്കാറില്ല.

പ്രായം ചെന്നവരിലും സ്തനാർബുദം, അണ്ഡാശയ അർബുദം, കുടലിലും മറ്റുമുള്ള കാൻസർ ബാധയോയുള്ള അടുത്ത ബന്ധുക്കളുള്ളവരിലും ഈ രോഗസാധ്യത കൂടുതലാണ്. കുഞ്ഞുങ്ങൾക്ക് പാലൂട്ടുന്നതിലൂടേയും കുടുംബാസൂത്രണത്തിന്‍റെ ഭാഗമായി ട്യൂബൽ ലൈഗേഷൻ ഓപ്പറേഷൻ ചെയ്യുന്നതിലൂടേയും ഈ രോഗം ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.


ഗർഭാശയമുഖത്തെ കാൻസർ പാപ്പ് സ്മിയർ ടെസ്റ്റിലൂടെ കണ്ടുപിടിക്കാൻ സാധിക്കുമെങ്കിലും അണ്ഡാശയ കാൻസർ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. തുടരെയുള്ള സ്കാനിംഗിങ്ങിലൂടേയും പരിശോധനകളിലൂടേയും ഇത് കണ്ട ുപിടിക്കാൻ ഒരു പിരിധിവരെ കഴിയും.

ഗർഭാശയ അർബുദം

സ്ത്രീ ജനനേന്ദ്രീയവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അർബുദരോഗമാണ് ഗർഭാശയ അർബുദം. ഇത് കുറച്ചുകൂടെ രോഗലക്ഷണങ്ങൾ കാണിക്കുന്ന ഒരു അർബുദരോഗമാണ്. മാസമുറ നിന്നതിനുശേഷമുള്ള രക്തസ്രാവം, വയറുവേദന, ക്രമം തെറ്റിയുള്ള രക്തസ്രാവം എന്നിവ ഇതിന്‍റെ ലക്ഷണങ്ങളാണ്.

ഈ അർബുദബാധ രണ്ടു തരത്തിൽ വരാം. ഗർഭാശയത്തിന്‍റെ അകത്തുള്ള പാടയിൽ നിന്നും വരുന്ന അർബുദവും ഗർഭാശയ ഭിത്തിയിൽ നിന്നും വരുന്ന അർബുദവും. തുടക്കത്തിൽ കണ്ടുപിടിച്ചാൽ എളുപ്പത്തിൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കുവാൻ സാധിക്കുന്ന അർബുദരോഗം കൂടിയാണിത്.

അൻപത് വയസിനു മുകളിലുള്ളവർ, അമിത ഭാരമുള്ളവർ, ഹോർമോണ്‍ ചികിത്സ എടുക്കുന്നവർ, കുഞ്ഞുങ്ങൾ ഇല്ലാത്തവർ, വളരെ നേരത്തെ ആർത്തവം ആരംഭിക്കുകയും വളരെ താമസിച്ച് ആർത്തവം നിൽക്കുന്നവർ എന്നിവരിലാണ് ഈ രോഗബാധ കൂടുതലും കണ്ടുവരുന്നത്. രക്തബന്ധമുള്ള ആളുകൾക്ക് കുടലിലെ കാൻസർ, അണ്ഡാശയ കാൻസർ, സ്തനാർബുദം എന്നിവ ഉള്ളവർക്കും രോഗസാധ്യത കൂടുതലാണ്.

ആരോഗ്യമുള്ള ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ ഒരു പരിധിവരെ രോഗം തടയാം. ഈ അർബുദത്തിൽ സ്കാനിംഗ് ടെസ്റ്റിലൂടെ അകത്തുളള പാടയുടെ കട്ടിക്കൂടുതൽ കണ്ടെത്താറുണ്ട്. അത് പരിശോധിച്ചാൽ രോഗം കണ്ടുപിടിക്കാവുന്നതാണ്. അതിനായി D&C ടെസ്റ്റ് ചെയ്യേണ്ടിവരും.

യോനീനാളിയിലും യോനീമുഖത്തുമുള്ള കാൻസറുകൾ

യോനീനാളിയിലും യോനീമുഖത്തുമുള്ള കാൻസർ രോഗബാധകൾ അപൂർവമായി കാണാറുണ്ട്. രക്തം കലർന്നസ്രവം പോകുന്നതും യോനിയിലെ നിറവ്യത്യാസം, തടിപ്പ്, ചൊറിച്ചിൽ എന്നിവയും രോഗത്തിനു മുന്നോടിയായി കാണപ്പെടാറുണ്ട്. ഇത്തരം രോഗലക്ഷണങ്ങൾ കാണുന്നുവെങ്കിൽ ഡോക്ടറെ സമീപിച്ച് ചികിത്സ തേടേണ്ടതാണ്.

പ്രതിവിധി

കാൻസർ കണ്ടുപിടിച്ചു കഴിഞ്ഞാൽ അടുത്തതായി അത് ഏത് ഘട്ടത്തിലാണ് എന്നു കണ്ടുപിടിക്കേണ്ടതുണ്ട്. അതിനായി കൂടുതൽ പരിശോധനകൾ ആവശ്യമായി വന്നേക്കാം. അതിനു ശേഷമാണ് ചികിത്സകൾ നിശ്ചയിക്കുന്നത്. പ്രധാനമായും മൂന്നു തരത്തിലുള്ള ചികിത്സകളാണ് ചെയ്യുന്നത്. ശസ്ത്രക്രിയ, റേഡിയേഷൻ, മരുന്നുകൾ കൊണ്ടുമാത്രം ചികിത്സിക്കുന്ന കീമോതെറാപ്പി.

തുടക്കത്തിൽ കണ്ടുപിടിച്ചാൽ ഒരുവിധം എല്ലാ അർബുദരോഗവും പൂർണമായി ചികിത്സയിലൂടെ ഭേദമാക്കാനാകും. മിക്കവാറും ശസ്ത്രക്രിയയിലൂടെ രോഗബാധിതമായ അവയവവും അനുബന്ധകലകളും പൂർണമായി നീക്കം ചെയ്താൽ ആദ്യഘട്ടത്തിലുള്ള അർബുദബാധ മാറ്റാൻ സാധിക്കും. രോഗം മറ്റു ഭാഗത്തേക്കു പടർന്നിട്ടുണ്ടെങ്കിൽ കീമോതെറാപ്പിയും റേഡിയേഷനും വേണ്ടിവന്നേക്കാം.

സ്ത്രീ ജനനേന്ദ്രീയ അർബുദരോഗങ്ങൾക്ക് രോഗലക്ഷണങ്ങൾ കാണുന്ന മുറക്കുതന്നെ ഗൈനക്കോളജിസ്റ്റിനെ സമീപിക്കുകയും ചികിത്സതേടുകയും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്താൽ ഏറെക്കുറെ തടയാനാകും. ശരിയായ ചികിത്സയിലൂടെ ആദ്യഘട്ടത്തിലുള്ള അർബുദരോഗം പരിപൂർണമായും ചികിത്സിച്ചു ഭേദമാക്കാനാകും.

ഡോ.ഗീത പി.
(ഗൈനക്കോളജി - ഒബ്സ്റ്റെട്രിക്സ് വിഭാഗം സീനിയർ കണ്‍സൾട്ടന്‍റ്
കിംസ്ഹെൽത്ത്, തിരുവനന്തപുരം)