അണ്ഡാശയ അര്‍ബുദം
അണ്ഡാശയത്തില്‍ രൂപപ്പെടുന്ന അര്‍ബുദമാണ് അണ്ഡാശയ അര്‍ബുദം. ഇത്തരത്തിലുള്ള അര്‍ബുദം അണ്ഡാശയത്തില്‍ നിന്നും മറ്റു ശരീര ഭാഗങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത ഉണ്ട്. സാധാരണയായി കാണപ്പെടുന്ന അര്‍ബുദങ്ങളില്‍ ആറാമതും അര്‍ബുദത്താലുള്ള മരണങ്ങളില്‍ ഏഴാം സ്ഥാനത്തുമാണിത്. ഇന്ത്യയിലെ സ്ത്രീകളില്‍ കണ്ടുവരുന്ന അര്‍ബുദങ്ങളില്‍ ഗര്‍ഭാശയമുഖവും സ്തനാര്‍ബുദങ്ങള്‍ക്കും പുറമേ പൊതുവേ കണ്ടുവരുന്ന അര്‍ബുദമാണ് അണ്ഡാശയ അര്‍ബുദം. ഗര്‍ഭാശയ സംബന്ധമായ മറ്റു പ്രശ്നങ്ങളേക്കാള്‍ തെറ്റായ മുന്‍വിധികളാണ് അണ്ഡാശയ അര്‍ബുദത്തെക്കുറിച്ച് നിലവിലുള്ളത്.

ഉദരം വീര്‍ത്തിരിക്കുന്ന അവസ്ഥ, വയറുവേദന, ഇടുപ്പ് വേദന, അസ്വസ്ഥത, നടുവേദന, ക്രമരഹിതമായ ആര്‍ത്തവം, അര്‍ത്തവവിരാമത്തിനു ശേഷം ഉള്ള രക്തസ്രാവം, വിശപ്പില്ലായ്മ, ക്ഷീണം, വയറിളക്കം, ദഹനക്കേട്, നെഞ്ചെരിച്ചില്‍, മലബന്ധം, ഓക്കാനം, വയറു നിറഞ്ഞിരിക്കുന്നെന്ന തോന്നല്‍, തുടര്‍ച്ചയായ മൂത്രമൊഴിക്കല്‍ തുടങ്ങിയവയാണ് പൊതുവായ രോഗലക്ഷണങ്ങള്‍. അടിവയറിലേയും പെല്‍വിസിലേയും അനുബന്ധ അവയവങ്ങളെ അമര്‍ത്തി നോക്കിയും അല്ലെങ്കില്‍ ശരീരത്തിലെ വ്യാപനത്തിലൂടേയോ രോഗലക്ഷണങ്ങള്‍ പ്രകടമാക്കാം.

അണ്ഡോദ്പ്പാദന സമയവുമായി അണ്ഡാശയ അര്‍ബുദം ബന്ധപ്പെട്ടിരിക്കുന്നു. അണ്ഡോദ്പ്പാദനത്തിന് നീണ്ട കാലയളവ് എടുത്തുകൊണ്ടുള്ള ആദ്യ ആര്‍ത്തവവും വൈകിയുള്ള ആര്‍ത്തവ വിരാമവും അപകടസാധ്യതയുള്ള ഘടകങ്ങളാണ്. അമിതവണ്ണവും ഹോര്‍മോണ്‍ മാറ്റിവയ്ക്കുന്ന ചികിത്സയും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആര്‍ത്തവ ചക്രം കുറവുള്ള സ്ത്രീകള്‍, ആര്‍ത്തവ ചക്രമില്ലാത്തവര്‍, മുലയൂട്ടുന്നവര്‍, ഗര്‍ഭനിരോധന മരുന്നുകള്‍ സ്വീകരിക്കുന്നവര്‍, ഒന്നിലധികം തവണ ഗര്‍ഭം ധരിച്ചവര്‍, ചെറുപ്രായത്തിലെ ഗര്‍ഭം ധരിച്ചവര്‍ എന്നിവരില്‍ ഇതിനുള്ള സാധ്യത കുറവാണ്. ആര്‍ത്തവവിരാമ സമയത്ത് ഈസ്ട്രജനൊപ്പം ചെയ്യുന്ന ഹോര്‍മോണ്‍ മാറ്റുന്നതിനുള്ള തെറാപ്പിയും (HRT) അണ്ഡാശയ അര്‍ബുദത്തിന്‍റെ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കുടുംബത്തില്‍ അണ്ഡാശയ അർബുദം ഉള്ളവർ ഉണ്ടായിട്ടുണ്ടെങ്കിൽ രോഗം വരാൻ ഉള്ള സാധ്യത ഏറെയാണ്. പാരമ്പര്യമായി നോണ്‍പോളിപോസിസ് കൊളോൺ കാന്‍സര്‍ (ലിഞ്ച് സിന്‍ഡ്രം), BRCA-1, BRCA-2 എന്നിവയിലെ ജനിതക തകരാറുകള്‍ ഉള്ളവരിൽ രോഗസാധ്യത വര്‍ദ്ധിച്ച്‌ കാണുന്നു. BRCA -1 ജനിതക വ്യതിയാനം ഉള്ളവരില്‍ അണ്ഡാശയ അര്‍ബുദത്തിനുള്ള സാധ്യത 15-45% ശതമാനം വരെയാണ്. BRCA-2 ലുള്ള ജനിതക വ്യതിയാനം BRCA-1 നെ അപേക്ഷിച്ച് അപകടസാധ്യത 10-40% ശതമാനം വരെ മാത്രമാണ്. എന്‍ഡോമെട്രിയല്‍ കാന്‍സര്‍, കോളന്‍ കാന്‍സര്‍, മറ്റു ഗ്യാസ്ട്രോഇന്‍റ്റസ്റ്റൈനല്‍ കാന്‍സര്‍ എന്നിവ പാരമ്പര്യമായി കണ്ടുവരുന്നവരില്‍ ലിഞ്ച് സിന്‍ഡ്രത്തിന്‍റെ സാന്നിധ്യമുണ്ട്. ഇത് അണ്ഡാശയ അര്‍ബുദമുള്‍പ്പെടെയുള്ള അര്‍ബുദങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

പുകവലിയും പെരിനിയല്‍ ടാല്‍ക്ക്, കീടനാശിനികള്‍, കളനാശിനി എന്നിവ ശരീരത്തിൽ ചെല്ലുന്നത് അണ്ഡാശയ അര്‍ബുദ സാധ്യത വര്‍ദ്ദിപ്പിക്കുന്നു. അണ്ഡാശയ എപ്പിത്തീലിയത്തിന് കേടുവരുത്തുന്ന അണ്ഡോദ്പ്പാദനത്തെ നിയന്ത്രിക്കുന്നതിലൂടെ ഒരു പരിധി വരെ സംരക്ഷണം ലഭിക്കുന്നു. കുട്ടികളുണ്ടാകുക, ഗര്‍ഭനിരോധന മരുന്നുകള്‍ സ്വീകരിക്കുക, മുലയൂട്ടല്‍ എന്നിവ സംരക്ഷണ ഘടകങ്ങളാണ്.


രോഗനിര്‍ണയത്തില്‍ പെല്‍വിക് പരിശോധന, രക്ത പരിശോധന (CA -125), ഉദരത്തിന്‍റെ സിടി സ്കാന്‍, ഇമേജ് ഗൈഡഡ് ബയോപ്സി/ അസൈറ്റിക് ഫ്ളൂയിഡ് സൈറ്റോളജി, ലാപ്പറോസ്കോപ്പി, ലാപ്പറോറ്റമി എന്നിവ ഉള്‍പ്പെടുന്നു. അണ്ഡാശയത്തിന്‍റെ ഉപരിതലത്തിലോ ആവരണത്തിലോ കാണപ്പെടുന്ന അര്‍ബുദമായ സര്‍ഫസ് എപ്പിത്തേലിയല്‍ സ്ട്രോമല്‍ ട്യൂമറിനെ ഒവേറിയന്‍ എപ്പിത്തെലിയല്‍ കാര്‍സിനോമ എന്നറിയപ്പെടുന്നു. ഇതാണ് പൊതുവേ കാണപ്പെടുന്ന 90% അണ്ഡാശയ അര്‍ബുദവും. ഫിഗോ സ്റ്റേജിംഗ് സിംസ്റ്റത്തിന്‍റെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയക്കുശേഷമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാല് ഘട്ടങ്ങളായി വേര്‍തിരിക്കാം. അണ്ഡാശയത്തില്‍ മാത്രം ഒതുങ്ങുന്നതാണ് സ്റ്റേജ് 1 ട്യൂമര്‍. ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിച്ച അര്‍ബുദമാണ് നാലാം ഘട്ടം. രോഗലക്ഷണങ്ങള്‍ കൂടുതലായി പ്രകടിപ്പിക്കുന്നത് മൂന്നാം ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ അര്‍ബുദം അടിവയറിൽ പടർന്നിട്ടുണ്ടാവും.

ശസ്ത്രക്രിയയും കീമോതെറാപ്പിയും ഉള്‍പ്പെടുന്നതാണ് ചികിത്സ. ശസ്ത്രക്രിയയെ സ്റ്റേജിംഗ് ലാപ്രോട്ടമി എന്ന് അറിയപ്പെടുന്നു. ട്യൂമര്‍ ഉള്‍പ്പെടെ രണ്ട് അണ്ഡാശയങ്ങളും, ഗര്‍ഭാശയവും, ട്യൂമറും മറ്റും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നു. ശസ്ത്രക്രിയക്കു ശേഷം അര്‍ബുദ ബാധിത കോശങ്ങളുടെ എന്തെങ്കിലും ശേഷിപ്പ് ഉണ്ടെങ്കില്‍ കീമോതെറാപ്പിക്ക് വിധേയമാക്കുന്നു. ചില കേസുകളില്‍ ആദ്യം കീമോ തെറാപ്പിക്കുശേഷമാണ് ശസ്ത്രക്രിയ നടത്തുന്നത്. മൂന്നാംഘട്ട അർബുദത്തിൽ ശസ്ത്രക്രിയ സമയത്ത് നല്‍കുന്നതാണ് HIPEC. 40-42 ഡിഗ്രി സെല്‍ഷ്യസില്‍ ഉദരത്തിൽ കിമോതെറാപ്പി ചെയ്യുന്നതാണിത്. ഇത് വീണ്ടുമുള്ള രോഗസാധ്യത കുറയ്ക്കുകയും രോഗിയുടെ ആയുർദൈർക്യം കൂട്ടുകയും ചെയ്യും. കിംസ്ഹെല്‍ത്ത് കാന്‍സര്‍ സെന്‍റര്‍ ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ മാത്രമേ ഈ സാങ്കേതിക മികവും വൈദഗ്ധവുമുള്ളൂ.

അണ്ഡാശയ അര്‍ബുദം വീണ്ടും വരുന്നതിനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ കൃത്യമായ തുടര്‍ പരിശോധന ആവശ്യമാണ്. ആദ്യ മൂന്നു വര്‍ഷങ്ങളില്‍ ഓരോ മൂന്നു മാസം കൂടുമ്പോഴും നാല്-അഞ്ച് വര്‍ഷങ്ങളില്‍ ഓരോ ആറ് മാസത്തിലൊരിക്കലും പരിശോധനകള്‍ നടത്തണം. വര്‍ഷത്തിലൊരിക്കല്‍ സ്കാനിങ്ങിന് വിധേയമാകുകയും രക്ത പരിശോധന നടത്തേണ്ടതുമാണ്. വീണ്ടും രോഗം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കീമോതെറാപ്പിയോ, ശസ്ത്രക്രിയയോ വേണ്ടിവന്നേക്കാം. മുൻകൂട്ടി രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞു ചികിൽസിക്കാൻ കഴിഞ്ഞാൽ നല്ല രീതിയിൽ ജീവിതം മുൻപോട്ടു കൊണ്ട് പോകാൻ സാധിക്കും.

ഡോ. ബി ജെ സുനില്‍ MS , MCh,
കണ്‍സള്‍ട്ടന്‍റ് , സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്
കിംസ്ഹെല്‍ത്ത് കാന്‍സര്‍ സെന്‍റര്‍, തിരുവനന്തപുരം