കൊഴുപ്പു കുറവുള്ള പച്ചക്കറിയാണു ബീറ്റ്റൂട്ട്. വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളം. ജലത്തിൽ ലയിക്കുന്ന തരം നാരുകളുമുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം, ഇരുന്പ്, വിറ്റാമിൻ എ, ബി6, സി, ഫോളിക്കാസിഡ്, സിങ്ക്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ.... പോഷകസമൃദ്ധമാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിലുളള ആന്റി ഓക്സിഡൻറുകളും ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങളും കാൻസർസാധ്യത കുറയ്ക്കുന്നു. പാകപ്പെടുത്തിയും പച്ചയ്ക്കു സാലഡാക്കിയും ബീറ്റ്റൂട്ട് കഴിക്കാം. ജ്യൂസാക്കി കഴിക്കാം. വിപണിയിൽ സുലഭം.
ഇരുന്പ് ഇഷ്ടംപോലെ
ശരീരമാകെ ഓക്സിജനെത്തിക്കുന്നത് രക്തകോശങ്ങളിലെ ഹീമോഗ്ലോബിനാണ്. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുന്പ് അടങ്ങിയ തന്മാത്രയാണു ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിൻ നിർമാണത്തിന് ഇരുന്പ് അവശ്യം. രക്തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും ഇരുന്പ് വേണം. ഹീമോഗ്ലോബിന്റെ തോതു കുറയുന്പോഴാണ് വിളർച്ച അഥവാ അനീമിയ ഉണ്ടാകുന്നത്. ബീറ്റ്റൂട്ടിൽ ഇരുന്പ് ഇഷ്ടംപോലെ; ബീറ്റ്റൂട്ടിൽ അടങ്ങിയ കോപ്പർ ഇരുന്പിന്റെ ആഗിരണം കാര്യക്ഷമമാക്കുന്നു.
ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിയാൽ ചുവന്നരക്താണുക്കൾക്കു പുതുജീവൻ നല്കാം, വിളർച്ചയിൽ നിന്നു രക്ഷനേടാം. മാർക്കറ്റിൽ നിന്നു വാങ്ങിയ ബീറ്റ്റൂട്ട് പുളിവെള്ളത്തിലോ വിനാഗരി കലർത്തിയ വെള്ളത്തിലോ ഒരു മണിക്കൂറെങ്കിലും മുങ്ങിക്കിടക്കുംവിധം സൂക്ഷിച്ചതിനു ശേഷമേ പാകം ചെയ്യാൻ എടുക്കാവൂ.
കൊളസ്ട്രോൾ കുറയ്ക്കുന്നു
ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അഥവാ എൽഡിഎൽ എന്ന ചീത്ത കൊളസ്ട്രോളിന്റെ തോതു കുറയ്ക്കുന്നതിനു ബീറ്റ്റൂട്ട് ഗുണപ്രദം.
ബീറ്റ്റൂട്ടിലെ കരോട്ടിനോയ്ഡ്്, ഫ്ളേവനോയ്ഡ് എന്നിവ ചീത്ത കൊളസ്ട്രോളിന്റെ തോതു കുറയ്ക്കുന്നു. ബീറ്റ്റൂട്ടിലെ നാരുകളും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനു സഹായകം.
ബിപി നിയന്ത്രണത്തിന്
ബീറ്റ്റൂട്ടിൽ ഉയർന്ന തോതിൽ നൈട്രേറ്റ് അടങ്ങിയിരിക്കുന്നു. ശരീരം നൈട്രേറ്റിനെ നൈട്രൈറ്റും നൈട്രിക്് ഓക്സൈഡുമാക്കി മാറ്റുന്നു. ഇവ രക്തധമനികളുടെ ഉൾവ്യാസം വർധിപ്പിക്കുന്നു. രക്തസമ്മർദം കുറയ്ക്കുന്നു. രക്തസമ്മർദം നിയന്ത്രിതമായാൽ സ്ട്രോക്ക്, ഹൃദയാഘാതം, ഹൃദയസംബന്ധമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കുളള സാധ്യത കുറയും. അതിനാൽ ബീറ്റ്റൂട്ട് പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.
സ്റ്റാമിനയ്ക്ക്
കായികവും മാനസികവുമായ കരുത്ത്... അതാണല്ലോ സ്റ്റാമിന. അതു കൂട്ടുന്നതിനു ബീറ്റ്റൂട്ട് സഹായകം. വ്യായാമത്തിനു മുന്പ് പതിവായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതു ഗുണപ്രദം. അതു കായികക്ഷമത വർധിപ്പിക്കും. ബീറ്റ്റൂട്ടിലെ നൈട്രേറ്റിനെ ശരീരം നൈട്രൈറ്റും നൈട്രിക് ഓക്സൈഡുമാക്കി മാറ്റുന്നതായി നേരത്തേ സൂചിപ്പിച്ചിരുന്നുവല്ലോ. നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകൾ വികസിപ്പിക്കുന്നു. ശരീരമാകമാനം ഓക്സിജൻ പെട്ടെന്ന് എത്തുന്നതിന് അതു സഹായകം. ഓരോ കോശത്തിലും ഓക്സിജൻ എത്തുന്നതോടെ കരുത്തു നേടിയതായും ക്ഷീണം അകന്നതായും അനുഭവപ്പെടും. ഇതാണ് അതിനു പിന്നിലെ ശാസ്ത്രം.
എല്ലുകൾക്കും പല്ലുകൾക്കും
എല്ലുകളുടെ മാത്രമല്ല പല്ലുകളുടെയും കരുത്തിനും ബീറ്റ്റൂട്ട് സഹായകം. ആരോഗ്യവും കരുത്തുമുളള എല്ലുകൾക്ക് അവശ്യപോഷകമാണു കാൽസ്യം. എല്ലുകളുടെ ആരോഗ്യത്തിനു സഹായകമായ ഫോളേറ്റ്, വിറ്റാമിൻ സി, മാംഗനീസ്, മഗ്നീഷ്യം, കോപ്പർ എന്നീ പോഷകങ്ങളും ബീറ്റ്റൂട്ടിൽ ധാരാളം. ബീറ്റ്റൂട്ട് പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ ഓസ്റ്റിയോപൊറോസിസ് എന്ന എല്ലുരോഗത്തിനുള്ള സാധ്യത കുറയ്ക്കാം.
മാലിന്യനിർമാർജനം
ബീറ്റ്റൂട്ട് ജ്യൂസ് ഡീ ടോക്സിഫിക്കേഷൻ പ്രവർത്തനങ്ങൾക്കു കരളിനു സഹായിക്കും. ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന വിവിധതരം വിഷമാലിന്യങ്ങളെ ശരീരത്തിൽ നിന്നു പുറന്തളളുന്ന പ്രവർത്തനമാണ് ഡീടോക്സിഫിക്കേഷൻ. കരൾ, കുടൽ, ചർമം, വൃക്കകൾ എന്നിവ ഈ ജോലി നിർവഹിക്കുന്നു. ഈ ജോലിയിൽ ബീറ്റ്റൂട്ട് ജ്യൂസ് കരളിനെ സഹായിക്കുന്നു. മദ്യാസക്തി, പ്രോട്ടീന്റെ കുറവ് എന്നിവമൂലം കരളിൽ ഫാറ്റ് അടിഞ്ഞുകൂടുന്ന ഫാറ്റി ലിവറിൽ നിന്നു കരളിനെ സംരക്ഷിക്കുന്നതിനും ബീറ്റ്റൂട്ട് ജ്യൂസ് സഹായകം.
ഗർഭസ്ഥശിശുവിനും സഹായകം
തലച്ചോറിലേക്കുളള രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും ബീറ്റ്റൂട്ട്് സഹായകം. പ്രായമായവരെ ഡിമെൻഷ്യ(ഓർമക്കുറവ്) എന്ന ആരോഗ്യപ്രശ്നത്തിൽ നിന്നു സംരക്ഷിക്കുന്നു. ബീറ്റ്റൂട്ടിൽ ഫോളിക് ആസിഡ് ധാരാളം. ഗർഭസ്ഥശിശുവിന്റെ സ്പൈനൽ കോഡിന്റെ രൂപപ്പെടലിനു സഹായിക്കുന്നു.
ചർമാരോഗ്യത്തിന്
ചർമാരോഗ്യത്തിനു ബീറ്റ്റൂട്ടിന്റെ ആന്റി ഇൻഫ്ളമേറ്ററിസ്വഭാവം സഹായകം. ചർമത്തിലെ പൊളളൽ, കുരുക്കൾ എന്നിവ ഭേദപ്പെടുത്തുന്നു. രക്തശുദ്ധിക്കും സഹായകം. ചർമത്തിലെ മൃതകോശങ്ങളെ നീക്കി പുതിയവ രൂപപ്പെടുത്തുന്നു. ബീറ്റ്റൂട്ടിലെ ആന്റി ഓക്സിഡൻറുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കി ചർമത്തിനു തിളക്കം നല്കുന്നു, യുവത്വം നിലനിർത്തുന്നു.