ഫാസ്റ്റ്ഫുഡ് ശീലമാക്കിയാൽ അപകടം
Tuesday, August 5, 2025 11:57 AM IST
ഏറ്റവുമധികം സ്വാദ് കിട്ടുന്നതു കൊഴുപ്പിൽ നിന്നും ഉപ്പിൽ നിന്നുമാണ്. ഫാസ്റ്റ് ഫുഡിൽ ഇവയുടെ തോത് വളരെക്കൂടുതലാണ്. ഇത്തരം ഭക്ഷണം കഴിക്കുന്നവർ പച്ചക്കറികൾ അടങ്ങിയ മറ്റു വിഭവങ്ങൾ കഴിക്കുന്നതും കുറവാണ്.
ചുരുക്കത്തിൽ സാധാരണ ഭക്ഷണത്തിനു പകരം പതിവായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരിൽ കൊഴുപ്പിന്റെ അളവു കൂടുതലാകുന്നു. നാരിന്റെ തോതു കുറയുന്നു. ഉളളിലെത്തുന്നതു പോഷകാംശം തീരെക്കുറഞ്ഞ സംസ്കരിച്ച ഭക്ഷണമായിരിക്കും.
ഇതു വിവിധ ജീവിതശൈലീരോഗങ്ങൾക്കുളള സാധ്യത കൂട്ടുന്നു.
വിറ്റാമിനുകളും ധാതുക്കളുമില്ല
ഫാസ്റ്റ് ഫുഡിൽ നിന്നു ശരീരത്തിനു കിട്ടുന്നതു കാർബോഹൈഡ്രേറ്റും കൊഴുപ്പിൽ നിന്നുളള ഊർജവുമാണ്. മറ്റു വിറ്റാമിനുകളും ധാതുക്കളും തീരെയില്ല. ഇതിൽ നിന്നു കിട്ടുന്നത് വെറും ഊർജം മാത്രം.
ചോറു കഴിച്ചാലും നമുക്കു കിട്ടുന്നത് ഈ കാർബോ ഹൈഡ്രറ്റ് തന്നെ. എന്നാൽ ആരോഗ്യജീവിതത്തിനു വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും ധാതുക്കളും അടങ്ങിയ വിഭവങ്ങൾ കൂടി കഴിക്കണം. പച്ചക്കറികളും പഴങ്ങളും കഴിക്കണം.
മറ്റു ഭക്ഷണം ഒഴിവാക്കിയാണല്ലോ ഫാസ്റ്റ് ഫുഡ് പ്രേമികൾ അതു തെരഞ്ഞെടുക്കുന്നത്. പക്ഷേ, അതിൽ പോഷകങ്ങളില്ല. അതാണ് ഫാസ്റ്റ് ഫുഡ് ശീലമാക്കുന്നതിലെ അപകടം.
എണ്ണയുടെ ആറാട്ട്!
പൊറോട്ട കഴിക്കുന്നവർ അതിനൊപ്പം എണ്ണ കൂടുതലുളള ചില്ലി ചിക്കൻ പോലെയുളള വിഭവങ്ങളാണു മിക്കവരും തെരഞ്ഞെടുക്കുന്നത്. പോഷകങ്ങൾ ഇല്ല എന്നു മാത്രമല്ല അതിൽ അഡിറ്റീവ്സ് എന്നറിയപ്പെടുന്ന ചില രാസപദാർഥങ്ങൾ ചേർത്തിരിക്കുന്നു.
നിറത്തിനും മണത്തിനും രുചിക്കും വേണ്ടിയാണ് ഇവ ചേർക്കുന്നത്. ഇത്തരം വസ്തുക്കളും എണ്ണയുമാണ് ഫാസ്റ്റ് ഫുഡിൽ ഏറെയും. അതിൽനിന്നൊക്കെ കിട്ടുന്ന ഊർജം മാത്രമാണു ഫാസ്റ്റ് ഫുഡ് നല്കുന്നത്.
ഫാസ്റ്റ് ഫുഡിൽ ഏറെയും വറുത്ത വിഭവങ്ങളാണ്. വറുക്കുന്പോൾ കൂടുതൽ എണ്ണ ചേരുന്നതിനാൽ അത്തരം വിഭവങ്ങളിൽ ഉയർന്ന കലോറി ഊർജം അടങ്ങിയിരിക്കുന്നു. എണ്ണയുളള വിഭവങ്ങളിലെല്ലാം ഊർജം കൂടുതലാണ്.
ആ രുചിക്കു പിന്നിൽ...
ഫാസ്റ്റ് ഫുഡിലെ മറ്റൊരപകടകാരി ഉപ്പാണ്. ചിലതരം ചൈനീസ് വിഭവങ്ങളിൽ രുചിക്കു വേണ്ടി സോയാസോസ് ചേർക്കാറുണ്ട്. അതിൽ ഉപ്പു കൂടുതലാണ്. ഉപ്പു കുറച്ചുപയോഗിക്കുക എന്നതാണ് ലോകാരോഗ്യസംഘടന മുന്നോട്ടു വയ്ക്കുന്ന നിർദേശം.
എത്രത്തോളം ഉപ്പ് കുറച്ചുപയോഗിക്കുന്നുവോ അത്രത്തോളം സ്ട്രോക്കും ഉയർന്ന രക്തസമ്മർദവും തടയാനാകും എന്നതാണു വാസ്തവം. അതുപോലെ തന്നെ ചൈനീസ് വിഭവങ്ങളിൽ രുചിക്കുവേണ്ടി ചേർക്കുന്ന അജിനോമോട്ടോയിലും സോഡിയം ഉണ്ട്.
അജിനോമോട്ടോ ചേർത്ത വിഭവം ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ പ്രേരണ ഉണ്ടാകുന്നു.
കുട്ടികൾക്കു കൊടുക്കാമോ?
രണ്ടു വയസുവരെ പ്രായമുളള കുട്ടികൾക്ക് ഇത്തരം ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ കൊടുക്കരുതെന്നു വിദഗ്ധർ നിർദേശിക്കുന്നു. ഈ പ്രായത്തിലാണു തലച്ചോറിന്റെ വളർച്ച നടക്കുന്നത്.
ആ സമയത്ത് അജിനോമോട്ടോ പോലെയുളള അഡിറ്റീവ്സ് ചേർത്ത വിഭവങ്ങളോ ഡ്രിംഗ്സോ കുട്ടികളെക്കൊണ്ടു കഴിപ്പിക്കരുത്. വലിയ കുട്ടികൾ ഇത്തരം അഡിറ്റീവ്സ് ചേർത്ത വിഭവങ്ങൾ അപൂർവമായി കഴിക്കുന്നതിൽ തെറ്റില്ല.
എന്നാൽ ശീലമാക്കരുത്. അത് ആരോഗ്യകരമല്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിത മോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്സൾട്ടന്റ്