മരുന്നുകൾ വായിലെ വ്രണത്തിന് കാരണമാകുമോ?
Tuesday, February 4, 2025 4:59 PM IST
നമ്മുടെ ശരീരത്തിൽ ന്യൂട്രോഫിലുകളുടെ കുറവിനു കാരണമാകുന്ന മരുന്നുകളായ വേദനസംഹാരികൾ, കാർബമസെപീൻ, ഫിനോതയാസിൻ, ആന്റിബയോട്ടിക്കുകൾ എന്നിവയുടെ ഉപയോഗവും വായ്പുണ്ണ് (ആഫ്തൻ സ്റ്റൊമറ്റൈറ്റിസ്) ഉണ്ടാക്കാം.
വായ്ക്കകത്തെ രോഗപ്രതിരോധശേഷിക്ക് കാരണമാകുന്ന ന്യൂട്രോഫിലുകളുടെ പ്രവർത്തനത്തിലുള്ള പ്രശ്നങ്ങളും അന്നപഥത്തിൽനിന്ന് ഭക്ഷണം ആഗിരണം ചെയ്യുന്നതിലുള്ള തടസങ്ങളും (സീലിയാക് രോഗം) ഈ വ്രണങ്ങളുണ്ടാകുന്നതിന് കാരണമാകുന്നു.
മൂന്നുതരത്തിലുള്ള വ്രണങ്ങൾ
സാധാരണയായി മൂന്നുതരത്തിലുള്ള വ്രണങ്ങളാണ് വായ്ക്കകത്ത് ഉണ്ടാകുന്നത്. ഒരു സെൻറിമീറ്ററിൽ താഴെയുള്ള വ്രണങ്ങളാണ് 80 ശതമാനം ആളുകളിലും ഉണ്ടാകുന്നത്.
അത് സാധാരണയായി 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ ഉണങ്ങാറുണ്ട്. ഇവ പൊതുവേ പൊറ്റകളുണ്ടാക്കാറില്ല.
എന്നാൽ ഒരു സെൻറിമീറ്ററിന് മുകളിൽ വലിപ്പമുള്ള വ്രണങ്ങൾ ഉണങ്ങാൻ ഒരുമാസത്തിലധികം സമയമെടുക്കാറുണ്ട്. ഇവ ഉണങ്ങുന്പോൾ പൊറ്റകൾ ഉണ്ടാവുകയും ചെയ്യുന്നു.
മൂന്നാമത്തെ വിഭാഗത്തിൽ നിരവധി തീരെ ചെറിയ വ്രണങ്ങളാണ് ഉണ്ടാകുന്നത്.
എന്തുകൊണ്ട് വ്രണങ്ങൾ?
സാധാരണയായി വായ്ക്കകത്ത് വ്രണങ്ങളുണ്ടാകുന്നത് മാസമുറയുടെ സമയത്തോ മാനസികസമ്മർദങ്ങളുണ്ടാകുന്പോഴോ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടാകുന്പോഴോ ആകാം.
തുടക്കത്തിൽ വായ്ക്കകത്ത് ചെറിയ നീറ്റൽ അനുഭവപ്പെടും. ഇത് രണ്ടുമുതൽ 48 മണിക്കൂർവരെ നീണ്ടുനിൽക്കാം. തുടർന്നു വായ്ക്കകത്ത് ഏതെങ്കിലും ഒരു ഭാഗത്ത് അല്ലെങ്കിൽ പല ഭാഗങ്ങളിൽ ചുവപ്പുനിറം കാണപ്പെടുന്നു.
തുടർന്ന് ഈ ചുവപ്പുകളിൽ ചെറിയ തടിപ്പുണ്ടാകുകയും അത് പൊട്ടി വൃത്താകൃതിയിലുള്ള ആഴം കുറഞ്ഞ വ്രണങ്ങളുണ്ടാകുകയും ചെയ്യുന്നു. പിന്നീടുള്ള 48-72 മണിക്കൂറുകൾക്കുള്ളിൽ ഇതിനു വലുപ്പം വർധിക്കുകയും ചെയ്യുന്നു.
വായ്ക്കകത്തോ നാവിലോ ഉള്ള ശ്ലേഷ്മസ്തരത്തിൽ ഏതുഭാഗത്തും ഈ വ്രണങ്ങൾ ഉണ്ടാകാം. ബെഷറ്റ്സ് രോഗം, റീറ്റേഴ്സ് സിൻഡ്രം, സ്വീറ്റ്സ് സിൻഡ്രം, മാജിക് സിൻഡ്രം എന്നീ രോഗങ്ങളിലും മേൽസൂചിപ്പിച്ചിട്ടുള്ള തരത്തിലുള്ള വ്രണങ്ങൾ ഉണ്ടാകാറുണ്ട്.
വിവരങ്ങൾ: ഡോ. ജയേഷ്. പി
(MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ), ത്വക്ക് രോഗ വിദഗ്ധന്, പാനൂര്, കണ്ണൂര് ജില്ല. ഫോൺ: 0490 2316330.