ഉഗാണ്ടയെ ഉലയ്ക്കുന്ന "ഡിംഗ ഡിംഗ'; ഒരു വിചിത്ര രോഗം...
Tuesday, December 31, 2024 10:47 AM IST
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ വിചിത്രവും അസ്വസ്ഥതയുളവാക്കുന്നതുമായ ഒരു രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. "ഡിംഗ ഡിംഗ' എന്ന ഈ രോഗം ശരീരത്തില്‍ അനിയന്ത്രിതമായ കുലുക്കവും നടക്കാന്‍ ബുദ്ധിമുട്ടും ഉണ്ടാക്കുന്നു.
പ്രാദേശിക ഭാഷയില്‍ "ഡിംഗ ഡിംഗ' എന്നതിന് നൃത്തം പോലെ കുലുങ്ങുന്നത് എന്നാണര്‍ഥം. നൂറുകണക്കിനാളുകളാണ് ഈ രോഗം നിമിത്തം ബുദ്ധിമുട്ടുന്നത്. കുടുതലും സ്ത്രീകളും കുട്ടികളും ആണ് ഡിംഗ ഡിംഗ രോഗികള്‍.
ഉഗാണ്ടയിലെ ബുണ്ടിബുഗ്യോ ജില്ലയിലാണ് ഡിംഗ ഡിംഗ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2023ന്റെ തുടക്കത്തില്‍ കണ്ടെത്തിയ ഈ രോഗത്തിന്റെ കാരണം കണ്ടെത്താന്‍ ഇതുവരെ ആരോഗ്യവിദഗ്ധര്ക്കായിട്ടില്ല.
ഡിംഗ ഡിംഗയുടെ ലക്ഷണങ്ങള്‍:
നൃത്തംചെയ്യുംപോലെ പോലെ ശരീരം അമിതമായി കുലുങ്ങുന്നതാണ് ഏറ്റവും ശ്രദ്ധേയമായ ലക്ഷണം. ഇതോടൊപ്പം, ഉയര്‍ന്ന പനി, കടുത്ത ബലഹീനത, ചില സന്ദര്‍ഭങ്ങളില്‍ പക്ഷാഘാതം എന്നിവയും അനുഭവപ്പെടുന്നു.
ഡിംഗ ഡിംഗയ്ക്കുള്ള ചികിത്സ:
കമ്മ്യൂണിറ്റി ഹെല്‍ത്ത് ടീമുകള്‍ നല്കുന്ന ആന്റിബയോട്ടിക്കുകള്‍ മാത്രമാണ് ഡിംഗ ഡിംഗ രോഗികള്‍ക്ക് നല്‍കുന്നത്. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ് ആശ്വാസകരമായ കാര്യം. എന്നാല്‍ രോഗം അതിവേഗം പടരുകയാണ്.
അതേ സമയം ഉഗാണ്ടയുടെ അയല്‍രാജ്യമായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ മറ്റൊരു അജ്ഞാത രോഗത്തിന്റെ പിടിയിലാണ്. ആഫ്രിക്കന്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ "ഡിസീസ് എക്സ്' എന്ന് വിളിക്കുന്ന ഈ രോഗം അപകടകാരിയാണ്.
ഒക്ടോബര്‍ അവസാനം മുതല്‍, ക്വാംഗോ പ്രവിശ്യയിലെ പാന്‍സി ഹെല്‍ത്ത് സോണില്‍ 406 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 79 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ് മരണപ്പെട്ടവരില്‍ ഭൂരിഭാഗവും.