ചർമ സംരക്ഷണം എങ്ങനെ?
Wednesday, August 21, 2024 2:37 PM IST
മഴക്കാലത്ത് ഈർപ്പമുള്ള അന്തരീക്ഷം കാരണം ചർമം വരളും. നനഞ്ഞ കാലാവസ്ഥയിൽ തൊലിയിൽ പൊട്ടൽ ഉണ്ടാകാനും തന്മൂലം അണുബാധയ്ക്കും സാധ്യതയുണ്ട്.
അതിനാൽ തണുപ്പുള്ള ഈ കാലാവസ്ഥയിൽ ചർമസംരക്ഷണം വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ശരീരത്തിലെ ഏറ്റവും വലിയ അവയവം ചർമമാണ്. അത് ജാഗ്രതയോടെ തന്നെ സൂക്ഷിക്കേണ്ടതുമാണ്.
സോപ്പ് കുറയ്ക്കാം
സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. കൂടെക്കൂടെ കൈയ്യും കാലും സോപ്പോ മറ്റു ഡിറ്റർജന്റുകളോ ഉപയോഗിച്ച് കഴുകരുത്. തണുപ്പുള്ളപ്പോൾ തൊലി വരളാൻ ഇത് കാരണമാകാം.
വായുസഞ്ചാരം കൂടുതലുള്ള ഇടം
ചൂടുള്ള അന്തരീക്ഷത്തിൽ ഇരിക്കാൻ ശ്രമിക്കുക. വായുസഞ്ചാരം കൂടുതലുള്ളതും ഈർപ്പം കുറവുള്ളതുമായ അന്തരീക്ഷം ചർമത്തിലെ സ്നിദ്ധത നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സഹായിക്കും.
എണ്ണ തേച്ചു കുളിതൊലി വരളാതെയിരിക്കാൻ എണ്ണ സമൃദ്ധമായി തേച്ചു കുളിക്കുക. സാധാരണ വെളിച്ചെണ്ണ വളരെ ഫലപ്രദമാണ്.
ഷാംപൂ പതിവാക്കരുത്
തലമുടി കൂടെ കൂടെ ഷാംപൂ ചെയ്യാതിരിക്കുക. കണ്ടീഷണർ അടങ്ങിയ ഷാംപൂ ഉപയോഗിക്കുക.
നനവുള്ള മുടി കെട്ടിവയ്ക്കരുത്
നനവുള്ള മുടി കെട്ടി വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. മുടിയിലെ കായ് എന്നു പറയാറുള്ള ഫംഗസ് രോഗത്തിനു (Piedra) സാധ്യതയുണ്ട്. കുളി കഴിഞ്ഞ് മുടി നന്നായി ഉണക്കാൻ ശ്രദ്ധിക്കണം.
ഇറുക്കമുള്ള ഷൂസ് ഒഴിവാക്കാം
ഇറുക്കമുള്ള ഷൂസ് ധരിച്ചാൽ പാദങ്ങളിൽ നനവ് കെട്ടി നിൽക്കുന്നതുമൂലം ഫംഗസ് രോഗം വരാൻ സാധ്യതയുണ്ട്. രാത്രി കിടക്കുന്നതിനു മുമ്പ് പാദങ്ങൾ നന്നായി കഴുകി ഈർപ്പം തുടച്ചു മാറ്റി
ഇമിഡസോൾ അടങ്ങിയ പൗഡർ കാൽവിരലിൽ പൂശുക.
നെയിൽ പോളിഷ് പുരട്ടാം
കൈനഖങ്ങളിൽ നെയിൽ പോളിഷ് പുരട്ടുന്നത് ഇർപ്പം തങ്ങി നിൽക്കാതിരിക്കാൻ സഹായിക്കും. കാലിന്റെയും കൈയുടെയും നഖം അകത്തേക്ക് കയറ്റി വെട്ടാതിരിക്കാൻ ശ്രദ്ധിക്കുക.
നഖത്തിനിടയിൽ നനവ് മാറാതിരിക്കാനും അഴുക്ക് കയറാനും അണുബാധ ഉണ്ടാകാനും ഇത് കാരണമാകും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ്, ത്വക് രോഗ വിഭാഗം എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം.