ഹെഡ് ആൻഡ് നെക്ക് കാൻസർ: ജനിതക ഘടകങ്ങൾക്കു സ്വാധീനമുണ്ടോ?
Wednesday, August 7, 2024 5:02 PM IST
ഭക്ഷണ ഘടകങ്ങൾ
പഴങ്ങളും പച്ചക്കറികളും കുറഞ്ഞ ഭക്ഷണക്രമവും വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കുറവും ഹെഡ് ആൻഡ് നെക്ക് കാൻസർ സാധ്യത വർധിപ്പിക്കുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (എൻഐഎൻ) റിപ്പോർട്ട് പ്രകാരം കേരളമുൾപ്പെടെ പല പ്രദേശങ്ങളിലും പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപഭോഗം കുറവാണ്. ഇതും ഉയർന്ന കാൻസർ സാധ്യതകൾക്ക് കാരണമാകുന്നു.
ജനിതക ഘടകങ്ങൾ
ഹെഡ് ആൻഡ് നെക്ക് കാൻസർ വരാൻ ജനിതക പ്രത്യേകതകളും കാരണമാകാറുണ്ട്. വിരളമാണെങ്കിലും ഫാൻകോണി അനീമിയ (fanconi anemia), ലി-ഫ്രോമേനി സിൻഡ്രോം(Li -Fraumeni syndrome) തുടങ്ങിയ ജനിതക സിൻഡ്രോമുകളുടെ ഫാമിലി ഹിസ്റ്ററിയും ഹെഡ് ആൻഡ് നെക്ക് കാൻസറിനു കാരണമായി കാണുന്നുണ്ട്.
ഓറൽ ക്യാവിറ്റി ക്യാൻസർ
ചുണ്ടുകൾ, നാവ്, കവിൾ, വായയുടെ അടിഭാഗം, മോണ എന്നിവയിലെ കാൻസറുകൾ ഇതിൽ ഉൾപ്പെടുന്നു. വായിൽ സ്ഥിരമായ വ്രണങ്ങളോ മുഴകളോ ഉണ്ടാകുക, ചവയ്ക്കാനോ വിഴുങ്ങാനോ ഉള്ള ബുദ്ധിമുട്ട്, ശബ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവയാണ് പലപ്പോഴും ലക്ഷണങ്ങളായി കാണാറുള്ളത്.
പുകയിലയുടെ ഉയർന്ന തോതിലുള്ള ഉപയോഗം മൂലമാണ് വായയിലെ കാൻസർ കൂടുതലാകുന്നത്.
തൊണ്ടയിലെ കാൻസർ
നാസോഫാരിൻജിയൽ, ഓറോ ഫാരിൻജിയൽ, ഹൈപ്പോഫാരിഞ്ചിയൽ കാൻസർ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. തൊണ്ടവേദന,അല്ലെങ്കിൽ വിഴുങ്ങാൻ ബുദ്ധിമുട്ട്, ചെവി വേദന, മൂക്കിലെ തടസം എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടാം.
നാസോഫാരിൻജിയൽ കാൻസർ താരതമ്യേന അപൂർവമാണ്. പക്ഷേ, എച്ച്പിവി അണുബാധയുമായി ബന്ധപ്പെട്ടിരിക്കാം.
ശ്വാസനാളത്തിലെ കാൻസർ
ശ്വാസനാളത്തെയോ വോയ്സ് ബോക്സിനെയോ ബാധിക്കുന്നു. പരുക്കൻ ശബ്ദം അല്ലെങ്കിൽ ശബ്ദം മാറൽ, വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങൾ. പുകയില, മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ടതാണ് ഇത്തരത്തിലുള്ള കാൻസർ.
നാസൽ കാവിറ്റിയും പാരനാസൽ സൈനസ് കാൻസറും
മൂക്കിലെ തടസം, ഇടയ്ക്കിടെ മൂക്കിൽ നിന്ന് രക്തസ്രാവം, മുഖത്തെ വേദന അല്ലെങ്കിൽ വീക്കം എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടാം. ഈ അർബുദങ്ങൾ കുറവാണ്.
പക്ഷേ, തൊഴിൽപരമായ ശാരീരികാവസ്ഥകളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു.
ഡോ. ദീപ്തി ടി.ആർ
സ്പെഷലിസ്റ്റ്; ഏർലി കാൻസർ ഡിറ്റക്ഷൻ ആൻഡ് പ്രിവൻഷൻ.
ഓൺക്യൂർ പ്രിവന്റിവ് ആൻഡ് ഹെൽത്ത് കെയർ സെന്റർ, കണ്ണൂർ.
ഫോൺ- 6238265965. [email protected]