വെറും വയറ്റില്‍ നെയ് കഴിക്കൂ; അനുഭവിച്ചറിയാം ഈ ഗുണങ്ങള്‍...
Saturday, August 3, 2024 11:21 AM IST
രാവിലെ എഴുനേല്ക്കുന്നപാടേ കട്ടൻ കാപ്പി, പാല്കാപ്പി അല്ലെങ്കില്‍ ചായ തുടങ്ങിയവ കഴിക്കുന്നത് സര്‍വസാധാരണമാണ്. എന്നാല്‍, വെള്ളം മാത്രം കുടിക്കുന്നവരുമുണ്ട്.
ഓരോന്നിനും അതിന്റേതായ ഗുണങ്ങള്‍ ഉണ്ട്. വെറുംവയറ്റില്‍ അല്പം നെയ് കഴിക്കുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...? ആയുര്‍വേദം പിന്തുടരുന്നവര് രാവിലെ നെയ് സേവിക്കുന്നത് സാധാരണമാണ്.
എന്നാല്‍, സാധാരണയാളുകള്‍ അങ്ങനെ ചെയ്യാറില്ല. രാവിലെ എഴുന്നേല്ക്കുമ്പോള് ആദ്യംതന്നെ അല്പം നെയ് ഉള്ളില്‍ ചെന്നാല്‍ അതിന്റേതായ ഗുണങ്ങള്‍ പലതുണ്ട്.
പ്രഭാത ദിനചര്യയില്‍ നെയ് ഉള്‍പ്പെടുത്തിയാല്‍ എന്തെല്ലാം ഗുണങ്ങളാണ് ഉള്ളതെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ:
ശുദ്ധീകരിച്ച വെണ്ണയായ നെയ് നൂറ്റാണ്ടുകളായി ഇന്ത്യന്‍ പാചകരീതിയിലെ പ്രധാന ഘടകമാണ്. ആയുര്‍വേദത്തില്‍ ദഹനം, ശക്തി, ചൈതന്യം എന്നിവ നെയ് പ്രോത്സാഹിപ്പിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.
വെളിച്ചെണ്ണയില്‍ കൊഴുപ്പ് കൂടുതലുള്ളതിനാല്‍ ഇത് അനാരോഗ്യകരമാണെന്ന് പലരും വിശ്വസിക്കുന്നു. അതുകൊണ്ട് നെയ് പാകം ചെയ്യാന്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്.
എങ്ങനെ ഉപയോഗിക്കാം
വെറും വയറ്റില്‍ നെയ് എങ്ങനെ ഉപയോഗിക്കാം എന്നതും സുപ്രധാനമാണ്. ഗീ മില്‍ക്ക്, ഗീ കോഫി എന്നിങ്ങനെ നെയ് പലതരത്തില്‍ വെറും വയറ്റില്‍ സേവിക്കാം.
നെയ് കാപ്പി, നെയ് ചേര്‍ത്ത പാല് എന്നിവ ഇപ്പോള്‍ ആളുകള്‍ക്കിടയില്‍ വന്‍ പ്രചാരം നേടിയിട്ടുണ്ട്.
ഒരു ടീസ്പൂണ്‍ നെയ് ആണ് ആദ്യം ഉപയോഗിക്കേണ്ടത്. പിന്നീട് ഇതിന്റെ അളവ് വര്‍ധിപ്പിക്കുന്നതിലും തെറ്റില്ല.
ദഹനം പ്രോത്സാഹിപ്പിക്കും
നെയ് പലവിധത്തില്‍ ദഹനത്തിനു സഹായകമാണ്. ആമാശയത്തിലെ ആസിഡുകളെ ഉത്തേജിപ്പിക്കാന്‍ നെയ് ഫലപ്രദം. ഇത് ഭക്ഷണത്തെ കൂടുതല്‍ കാര്യക്ഷമമായി ദഹിക്കാന്‍ സഹായിക്കും.
അതോടെ വേഗത്തില്‍ പോഷകങ്ങള്‍ വേര്‍തിരിച്ചെടുക്കാനും ആഗിരണം ചെയ്യാനും ശരീരത്തിനു സാധിക്കും. ശരീരത്തിന് ഭക്ഷണം കൂടുതല്‍ ഫലപ്രദമായി സംസ്കരിക്കാന്‍ നെയ്യുടെ സാന്നിധ്യത്തിലൂടെ കഴിയും.
നെയ് പോഷകങ്ങളുടെ ആഗിരണം വര്‍ധിപ്പിക്കുന്നതിനാല്‍ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും അത്യാവശ്യമാണ്.
വിഷാംശം ഇല്ലാതാക്കും
ശരീരത്തിനുള്ളിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നതാണ് നെയ്. ആയുര്‍വേദത്തില്‍ വിഷാംശം ഇല്ലാതാക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും ഏറ്റവും അധികം ഉപയോഗിക്കുന്നത് നെയ്യാണ്.
ഇത് വന്‍കുടല്‍ കോശങ്ങള്‍ക്ക് ഊര്‍ജം നല്‍കുകയും ശരീരത്തിന്റെ സ്വാഭാവിക ശുദ്ധീകരണ പ്രക്രിയയെ പ്രോത്സാഹിപ്പിക്കും.
കുടലിന്റെ ലൈനിംഗ് മെച്ചപ്പെടുത്തല്‍, ആരോഗ്യകരമായ മലവിസര്‍ജനം, മെച്ചപ്പെട്ട പോഷക ആഗിരണം, രോഗപ്രതിരോധ ശേഷി എന്നിവയിലേക്കും നെയ് നമ്മളെ നയിക്കും.
കുടലിലെ വീക്കം, മെറ്റബോളിസം
വിവിധ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഒരു സാധാരണ പ്രശ്നമാണ് കുടലിലെ വീക്കം. ഇതു തടയാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി ഏജന്റാണ് നെയ്.
ഇതിന്റെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ കുടല് വീക്കപോലുള്ള ഇറിറ്റബിള്‍ ബോവല്‍ സിന്‍ഡ്രോം (ഐബിഎസ്) മയപ്പെടുത്തുന്നതിനു സഹായിക്കും.
ഭക്ഷണത്തില്‍ നെയ് ഉള്‍പ്പെടുത്തുന്നതിലൂടെ വീക്കം കുറയ്ക്കാനും ഐബിഎസിന്റെയും കുടല് സംബന്ധമായ മറ്റ് പ്രശ്നങ്ങളുടെയും ലക്ഷണങ്ങള്‍ ലഘൂകരിക്കാനും കഴിയും. നെയ്യുടെ സവിശേഷതയാണ് ഫാറ്റി ആസിഡ് പ്രൊഫൈല്‍.
ഇത് മെറ്റബോളിസം വര്‍ധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നെയ് കലോറി കൂടുതലുള്ള ഭക്ഷണമാണ്. അതിനാല്‍ മിതത്വം പാലിക്കാന്‍ ശ്രദ്ധിക്കുക.