അമിതമായ കൊഴുപ്പിലൂടെ വയര്‍ ചാടിയോ; പ്രതിവിധിക്കായി ഇക്കാര്യങ്ങള്‍ ചെയ്യാം...
Saturday, July 20, 2024 2:41 PM IST
വയറില്‍ കൊഴുപ്പ് അടിഞ്ഞ് ആകാരഭംഗി വികൃതമാകുന്നവര് നമ്മുക്കിടയില്‍ ഏറെ. ബെല്ലി ഫാറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഈ അവസ്ഥയ്ക്കു ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സകളുമുണ്ട്.
എന്നാല്‍, അത്തരം സാഹചര്യങ്ങളിലേക്ക് ഒന്നും പോകാതെ, സ്വയം ഈ പ്രശ്നത്തിനു പ്രതിവിധി കാണാവുന്നതാണ്. വയറിലെ കൊഴുപ്പ്, വിസറല്‍ കൊഴുപ്പ് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമാകും.
വയറിലെ അമിതമായ കൊഴുപ്പ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്...
നാരുകള്‍ ധാരാളം കഴിക്കുക
ഭക്ഷണത്തില്‍ ലയിക്കുന്ന നാരുകള്‍ ധാരാളം ഉള്‍പ്പെടുത്തുകയാണ് ആദ്യ പോംവഴി. നാരുകള്‍ വെള്ളം ആഗിരണം ചെയ്യുകയും നിങ്ങളുടെ ദഹനവ്യവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ഭക്ഷണം മന്ദഗതിയിലാക്കാന്‍ സഹായിക്കുന്ന ഒരു ജെല്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
ഈ നാരുകള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, ഓട്സ്, ബാര്‍ലി ഇവയെല്ലാം നാരുകള്‍ ധാരാളമുള്ള ഭക്ഷണങ്ങളാണ്.
ട്രാന്‍സ് ഫാറ്റ് ഭക്ഷണങ്ങള്‍, മദ്യം
സോയാബീന്‍ ഓയില്‍ പോലുള്ള അപൂരിത കൊഴുപ്പുകളിലേക്ക് ഹൈഡ്രജന്‍ പമ്പ് ചെയ്യുന്നതിലൂടെയാണ് ട്രാന്‍സ് ഫാറ്റുകള്‍ സൃഷ്ടിക്കപ്പെടുന്നത്. പലപ്പോഴും പാക്കേജുചെയ്ത ഭക്ഷണങ്ങളില്‍ ഇവ കാണാറുണ്ട്.
ഈ കൊഴുപ്പുകള്‍ വീക്കം, ഹൃദ്രോഗം, ഇന്‍സുലിന്‍ പ്രതിരോധം, വയറിലെ കൊഴുപ്പ് വര്‍ധനവ് എന്നിവയ്ക്കു കാരണമാകും. അതുപോലെ അമിതമായ മദ്യം വയറിലെ കൊഴുപ്പിന് കാരണമാകുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
അരയ്ക്ക് ചുറ്റും അധിക കൊഴുപ്പ് സംഭരിക്കാനുള്ള സാധ്യത മദ്യം വര്‍ധിപ്പിക്കുന്നു. മദ്യം ഉപേക്ഷിക്കുന്നത് നിങ്ങളുടെ അരക്കെട്ടിന്റെ വലിപ്പം കുറയ്ക്കാന്‍ സഹായിച്ചേക്കാം.
പ്രോട്ടീന്‍ ഭക്ഷണക്രമം പാലിക്കുക
ശരീരഭാരം നിയന്ത്രിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ് പ്രോട്ടീന്‍. പ്രോട്ടീന്‍ ധാരാളം ഉള്ളില്‍ ചെല്ലുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായകമാണ്.
പ്രോട്ടീന്‍ മെറ്റബോളിക് നിരക്ക് ഉയര്‍ത്തുകയും ശരീരഭാരം കുറയ്ക്കുമ്പോള്‍ പേശികളുടെ പിണ്ഡം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
കൂടുതല്‍ പ്രോട്ടീന്‍ കഴിക്കുന്ന ആളുകള്‍ക്ക് കുറഞ്ഞ പ്രോട്ടീന്‍ ഭക്ഷണം കഴിക്കുന്നവരേക്കാള്‍ വയറിലെ കൊഴുപ്പ് കുറവാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
മാംസം, മത്സ്യം, മുട്ടകള്‍, പാലുല്‍പ്പന്നങ്ങള്‍, ബീന്‍സ് എന്നിവയെല്ലാം പ്രോട്ടീന്‍ ധാരാളമുള്ള ഭക്ഷണങ്ങളാണ്.
പഞ്ചസാര, സമ്മര്‍ദ്ദം കുറയ്ക്കുക
സ്ട്രെസ് ഹോര്‍മോണ്‍ എന്നും അറിയപ്പെടുന്ന കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കാന്‍ അഡ്രീനല്‍ ഗ്രന്ഥികളെ പ്രേരിപ്പിക്കുന്നതിലൂടെ സമ്മര്‍ദ്ദം നിങ്ങളുടെ വയറിലെ കൊഴുപ്പ് വര്‍ധിപ്പിക്കും എന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.
ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് വിശപ്പ് വര്‍ധിപ്പിക്കുകയും വയറിനു ചുറ്റും കൊഴുപ്പ് സംഭരണം കൂട്ടുകയും ചെയ്യും. അതുപോലെ പഞ്ചസാരയിലെ ഫ്രക്ടോസ് അമിതമാകുമ്പോള്‍ നിരവധി വിട്ടുമാറാത്ത രോഗങ്ങള്‍ ഉണ്ടാകും.
ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, കൊഴുപ്പുള്ള കരള്‍ (ഫാറ്റി ലിവര്‍) എന്നിവ ഇതില്‍പെടും. ഉയര്‍ന്ന പഞ്ചസാര ഉപഭോഗവും വയറിലെ കൊഴുപ്പ് വര്‍ധിക്കുന്നു.
എയ്റോബിക് വ്യായാമം ചെയ്യുക
നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കലോറി കത്തിക്കുന്നതിനുമുള്ള ഫലപ്രദമായ മാര്‍ഗമാണ് എയ്റോബിക് വ്യായാമം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ വ്യായാമമാണിതെന്നും പഠനങ്ങള്‍ കാണിക്കുന്നു.
അതുപോലെ യോഗ, ധ്യാനം തുടങ്ങിയവയും പരീക്ഷിക്കാം. വ്യായാമം ചെയ്യുന്നതുകൊണ്ടു മാത്രം ഫലം ലഭിക്കില്ല. കാര്‍ബോഹൈഡ്രേറ്റുകള്‍ കുറയ്ക്കണം, പ്രത്യേകിച്ച് ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ്. കാര്‍ബ് ഉപഭോഗം കുറയ്ക്കുന്നത് വയറിലെ കൊഴുപ്പ് ഇല്ലാതാകാന്‍ ഗുണകരമാണ്.
കൊഴുപ്പുള്ള മത്സ്യം, മതിയായ ഉറക്കം
ശരീരഭാരം ഉള്‍പ്പെടെ ആരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉറക്കം പ്രധാനമാണ്. വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കുന്നത് ചിലര്‍ക്ക് അമിതവണ്ണം, വയറിലെ കൊഴുപ്പ് വര്‍ധിക്കല്‍ തുടങ്ങിയവയ്ക്കു കാരണമാകും.
കൊഴുപ്പുള്ള മത്സ്യം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പടിയല്‍ കുറയ്ക്കാന്‍ സഹായിക്കും. കൊഴുപ്പുള്ള മത്സ്യങ്ങളിലെ പ്രോട്ടീനും ഒമേഗ-3 കൊഴുപ്പുകളും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും.
ഈ ഒമേഗ-3 കൊഴുപ്പുകള്‍ വിസറല്‍ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായകമാണ്. സാല്‍മണ്‍, ഹെറിംഗ്, മത്തി തുടങ്ങിയവ കൊഴുപ്പുള്ള മത്സ്യങ്ങളാണ്.
സോഫ്റ്റ് ഡ്രിംഗ് ഒഴിവാക്കുക
ജ്യൂസുകള്‍ ഉള്‍പ്പെടെയുള്ള റെഡിമെയ്ഡ് സോഫ്റ്റ് ഡ്രിംഗുകള്‍ ഒഴിവാക്കുന്നത് വയറില്‍ കൊഴുപ്പ് അടിയുന്നത് ഗണ്യമായി കുറയ്ക്കാന്‍ സഹായകമാണ്. ഉദാഹരണത്തിന്, 8 ഔണ്‍സ് (248 മില്ലി) മധുരമില്ലാത്ത ആപ്പിള്‍ ജ്യൂസില്‍ 24 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്.
അമിതമായി സോഫ്റ്റ് ഡ്രിംഗ്സും ജ്യൂസും കഴിക്കുന്നത് ഗുണകരമല്ലെന്നു ചുരുക്കം.