സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസ്- രോഗശമനം ആയുര്‍വേദത്തിലൂടെ
Friday, January 7, 2022 12:28 PM IST
ഒരു സന്ധിയിലോ അനേകം സന്ധികളിലോ ഉണ്ടാകുന്ന നീര്‍വീക്കം മൂലം അവ ബലഹീനമാകുന്നതിനെയാണ് നാം സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസ് എന്ന് പറയുന്നത്. ഇന്ത്യയിലെ ജനസംഖ്യയില്‍ പ്രതിവര്‍ഷം 14%-ത്തോളം ആളുകള്‍ സന്ധിവാതവുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്നതായാണ് കണക്കുകള്‍. സന്ധിവാതത്തെ, ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്ന 80 തരം വാതവികാരങ്ങളുമായി ബന്ധിപ്പിക്കാവുന്നതാണ്.

വ്യത്യസ്തങ്ങളായ സന്ധിവാതം

സന്ധികളിലെ തേയ്മാനം മൂലമുണ്ടാകുന്ന വാതം (Osteoarthritis), ആമവാതം (Rheumatoid Arthritis), രക്തവാതം (Gouty Arthritis), സോറിയാട്ടിക് ആര്‍ത്രൈറ്റിസ് (Psoriatic Arthritis), ജുവനൈല്‍ ആര്‍ത്രൈറ്റിസ് (Juvenile Arthritis) തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന ആര്‍ത്രൈറ്റിസുകള്‍. സന്ധികളിലെ തേയ്മാനം മൂലമുള്ള വാതം സാധാരണയായി പ്രായമായവരിലാണ് കണ്ടുവരുന്നത്.

എന്നാല്‍ ഇന്ന് അമിത വ്യായാമം, ജിമ്മിലെ വര്‍ക്കൗട്ട് എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ ചെറുപ്പക്കാരിലും ഇത് ബാധിക്കുന്നുണ്ട്. ഓട്ടോ ഇമ്മ്യൂണ്‍ പ്രശ്‌നങ്ങളാണ് ആമവാതത്തിന് കാരണമാകുന്നത്. അതായത് ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളെ ആക്രമിക്കുന്നതാണ് ഓട്ടോഇമ്മ്യൂണ്‍ അവസ്ഥ. ഇത് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഹൃദയം, ശ്വാസകോശം, കണ്ണ് തുടങ്ങിയ ശരീര ഭാഗങ്ങളെയും ബാധിച്ചേക്കാം.

സന്ധികളില്‍ യൂറിക് ആസിഡ് അടിഞ്ഞ് കൂടുന്നത് മൂലമാണ് രക്തവാതം ഉണ്ടാകുന്നത്. സൊറിയാസിസ് എന്ന ചര്‍മരോഗം ഉള്ളവരിലാണ് സോറിയാട്ടിക് ആര്‍ത്രൈറ്റിസ് കണ്ടുവരുന്നത്. 16 വയസിന് താഴെയുള്ള കുട്ടികളിലാണ് ജുവനൈല്‍ ആര്‍ത്രൈറ്റിസ് ബാധിക്കുന്നത്.

സന്ധിവാതം ഉണ്ടാകാനുള്ള കാരണങ്ങള്‍

വിവിധ കാരണങ്ങള്‍ മൂലം ഉണ്ടാകുന്ന 100-ലേറെ വ്യത്യസ്ത സന്ധിവാതങ്ങളുണ്ട്. സന്ധികളില്‍ ഉണ്ടാകുന്ന പരിക്ക്, പൊണ്ണത്തടി, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍, ജനിതക കാരണങ്ങള്‍, അനാരോഗ്യകരമായ ജീവിതശൈലി, പേശികളുടെ ബലക്കുറവ് എന്നീ കാരണങ്ങള്‍ കൊണ്ട് സന്ധിവാതം ഉണ്ടാകാം. നിത്യേന എണ്ണ തേച്ചുള്ള കുളി സന്ധിവാതം ഉണ്ടാകാതിരിക്കാന്‍ സഹായിച്ചേക്കും.

ചികിത്സ

ആയുര്‍വേദത്തില്‍ സന്ധിവാതങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാണ്. രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് വേണ്ടി വന്നാല്‍ രക്ത പരിശോധനയും നടത്തി അതിന്റെ ഫലത്തിന് അനുസൃതമായ ചികിത്സയാണ് നിശ്ചയിക്കുന്നത്. രോഗഗ്രസ്ഥമായ സന്ധികളില്‍ അഭ്യംഗം, പിഴിച്ചില്‍, കിഴി, ധാര, ഉപനാഹം തുടങ്ങിയ ചികിത്സകളാണ് നല്‍കുന്നത്. പൂര്‍ണമായ ശരീര സുഖം ലഭ്യമാക്കാന്‍ ഉത്തമമാണ് അഭ്യംഗം അഥവാ മസ്സാജ്.

സന്ധിവേദനയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ലഘൂകരിക്കാന്‍ ഇത് ഏറെ സഹായകരമാണ്. മാനസിക പിരിമുറുക്കത്തിന് കാരണമാകുന്ന ഹോര്‍മോണായ കോര്‍ട്ടിസോള്‍ (Cortisol) ഉത്പാദനം ഗണ്യമായി കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.

അതിന് പുറമേ രക്തസമ്മര്‍ദ്ദം കുറച്ചേക്കാവുന്ന ആര്‍ജിനൈന്‍-വാസോപ്രസ്സിന്‍ (Arginine- Vasopressin) ഹോര്‍മോണിന്‍റേയും വേദനയുണ്ടാക്കുന്ന നിരവധി സൈറ്റോകീനുകളുടെയും (Cytokines) അളവ് കുറയ്ക്കാനും മാനസികോന്മേഷത്തിന് കാരണമാകുന്ന സെറട്ടോണിന്‍ (Serotonin) ഹോര്‍മോണിന്‍റെ ഉത്പാദനം കൂട്ടാനും അഭ്യംഗം സഹായിക്കുന്നുവെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.


ഇതിന് പുറമേ ശരീരഭാരം നിയന്ത്രിക്കുകയും യോഗ, ഫിസിയോതെറാപ്പി, ആരോഗ്യപ്രദമായ ആഹാരം തുടങ്ങിയവയിലൂടെ നല്ല രീതിയില്‍ രോഗശമനം ഉണ്ടാക്കാനാകും.

ശരീരഭാരം നിയന്ത്രിക്കല്‍

സന്ധിവാത ലക്ഷണങ്ങളുടെ കാഠിന്യത്തിനെ പ്രധാനമായും സ്വാധീനിക്കുന്നത് നിങ്ങളുടെ ശരീരഭാരമാകാം. ശരീരഭാരം കൂടുന്നത് സന്ധികളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകാന്‍ കാരണമാകും. പ്രത്യേകിച്ച് നിങ്ങളുടെ കാല്‍മുട്ട്, ഇടുപ്പ്, കാല് എന്നിവയില്‍. ശരീരഭാരം കുറയ്ക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഒരു വെയിറ്റ് ലോസ് പ്ലാന്‍ തയ്യാറാക്കാനും ഒരു ഡോക്ടര്‍ക്ക് നിങ്ങളെ സഹായിക്കാനാകും.

യോഗ

സന്ധിവാത ചികിത്സയില്‍ യോഗയ്ക്ക് പ്രധാന പങ്കുണ്ട്. നിങ്ങളില്‍ എന്തുതരം സന്ധിവാതമായാലും അതിന് പരിഹാരമുണ്ടാക്കാന്‍ യോഗയ്ക്ക് കഴിയും. യോഗ ചെയ്യുന്നത് സന്ധികളിലെ പേശികള്‍ ബലപ്പെടുത്തുന്നതിനും പേശികളില്‍ അയവുണ്ടാക്കുന്നതിനും സഹായിക്കും. താഡാസനം, വൃക്ഷാസനം, വീരഭദ്രാസനം, മാര്‍ജാര്യാസനം, ത്രികോണാസനം, സേതുബന്ധാസനം എന്നിവയാണ് സന്ധിവാതത്തിനുള്ള പ്രധാന ആസനങ്ങള്‍.

ഫിസിയോതെറാപ്പി

സന്ധിവാതം ഉള്ളവരില്‍ വേദന കുറയ്ക്കുന്നതില്‍ വലിയ പങ്ക് ഫിസിയോതെറാപ്പിക്കുണ്ട്. എന്തെങ്കിലും കാര്യം കൂടുതല്‍ ചെയ്യുന്നതോ ആവശ്യത്തിന് ചെയ്യാതിരിക്കുന്നതോ രോഗാവസ്ഥ സങ്കീര്‍ണമാക്കിയേക്കാം. നിങ്ങള്‍ക്ക് വഴങ്ങുന്ന ഗതിവേഗത്തില്‍ ശാരീരിക പ്രവര്‍ത്തനം കൂട്ടുന്നതിനോടൊപ്പം വിശ്രമത്തിനും വ്യായാമത്തിനുമിടയ്ക്ക് സന്തുലനം കണ്ടെത്താനും ഒരു ഫിസിയോതെറാപ്പിസ്റ്റിന് സഹായിക്കാനാകും.

നിങ്ങളുടെ സന്ധികളിലും പേശികളിലും വാതം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ഫിസിയോതെറാപ്പിസ്റ്റിന് സഹായിക്കാനാകും. നിങ്ങളുടെ സന്ധികളിലെ വാതത്തെക്കുറിച്ച് ധാരണയുണ്ടാകുന്നത് അതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഏറെ സഹായകരമാണ്.

ആരോഗ്യപ്രദമായ ആഹാരം

ഭക്ഷണം ഔഷധമാണ്. ആന്‍റിഓക്‌സിഡന്‍റുകളും വേദന നിവാരണ ഘടകങ്ങളും അടങ്ങിയ ഭക്ഷണം ഏറെ ഫലപ്രദമാകും. വേദന കുറയ്ക്കാനും സന്ധിവാതത്തിന്‍റെ മറ്റ് ലക്ഷണങ്ങള്‍ ലഘൂകരിക്കാനും ഇത് സഹായകരമാകും. പൈനാപ്പിളും ചീരയും അടങ്ങുന്ന ജ്യൂസ്, കാരറ്റ്, പൈനാപ്പിള്‍, മഞ്ഞള്‍ എന്നിവ അടങ്ങിയ ജ്യൂസ്, കാരറ്റ്, പിയര്‍ ജ്യൂസ് തുടങ്ങിയവ സന്ധിവാതത്തിന് വളരെ നല്ലതാണ്.

ഡോ. അനില്‍ വി. കൈമള്‍
ചീഫ് ആയുര്‍വേദ ഫിസിഷ്യന്‍, സഞ്ജീവനം ആയുര്‍വേദിക് ഹോസ്പിറ്റല്‍, കൊച്ചി