കരളിന്റെ ആരോഗ്യത്തിന് കൊഴുപ്പു കുറഞ്ഞ ആഹാരം
Tuesday, November 2, 2021 11:59 AM IST
കൂടുതൽ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്ന ആഹാരം കഴിക്കാതിരിക്കുന്നത് കരളിന്റെ ആരോഗ്യം നല്ല നിലയിൽ നിലനിർത്താൻ സഹായിക്കും. മദ്യം കഴിക്കാതിരിക്കുന്നതും പുകയില പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുന്നതും പ്രധാനപ്പെട്ടതാണ്.
കരളിന്റെ ആരോഗ്യം തകരുന്ന വഴികൾ
ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി വൈറസുകൾ, മദ്യപാനം, മറ്റുള്ള ലഹരി പദാർഥങ്ങളുടെ ഉപയോഗം എന്നിവയിലൂടെയാണ് കൂടുതൽ പേരിലും കരളിന്റെ ആരോഗ്യം തകരുന്നതും രോഗങ്ങൾ ബാധിക്കുന്നതും. ജനിതക രോഗങ്ങളുടെ തുടർച്ചയായും ചിലർ ചിലപ്പോൾ കരൾ രോഗികൾ ആകാറുണ്ട്.
കരൾവീക്കം അഥവാ സിറോസിസ്
കരളിലുണ്ടാകുന്ന രോഗങ്ങൾ മുന്നോട്ട് പോയി സങ്കീർണതകൾ നിറഞ്ഞ അവസ്ഥയാണ് കരൾവീക്കം അഥവാ സിറോസിസ് എന്ന് പറയുന്നത്. ഈ ഘട്ടത്തിൽ എത്തുന്നവരിലാണ് ഇപ്പോൾ കരൾ മാറ്റ ശസ്ത്രക്രിയകളെ കുറിച്ച് സംസാരിക്കുന്നത്.
കരളിലെ കോശങ്ങൾക്ക് സാരമായി നാശം സംഭവിക്കുകയും അതിന്റെ തുടർച്ചയായി കരളിന് വീക്കവും ചിലപ്പോൾ പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണ് സിറോസിസ്.
വിഷാംശം പുറത്തു കളയാനാകാതെ വരുന്പോൾ
കരളിന് ശരിയായ രീതിയിൽ പ്രവർത്തനം നടത്താൻ കഴിയാതെ വരുമ്പോൾ ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയാൻ കഴിയാതാവും. ഇതിന്റെ ഭാഗമായി ശരീരത്തിലെ
ജൈവ രാസ പ്രക്രിയകൾ താളം തെറ്റാനിടയാകുന്നു. അതിന്റെ ഫലമായി സംഭവിക്കുന്ന സങ്കീർണതകൾ മുന്നോട്ട് പോകുകയാണ് എങ്കിൽ രോഗിയുടെ ബോധം ക്രമേണ ഇല്ലാതാകുകയും മരണം വരെ സംഭവിക്കുകയും ചെയ്യും.
രോഗനിര്ണയം
വയറിനു മുകളിൽ വലത് വശത്ത് കൈപ്പത്തി കൊണ്ട് അമർത്തി നോക്കിയാൽ കരളിൽ വീക്കം ഉണ്ടായിട്ടുണ്ടോ എന്ന് മനസിലാക്കാൻ കഴിയും. മുൻകാലങ്ങളിൽ അത് പരിശോധനയുടെ ഒരു പ്രധാന ഭാഗം ആയിരുന്നു. ഇപ്പോൾ അൾട്രാസൗണ്ട് സ്കാനിംഗ്, ലിവർ ഫംഗ്ഷൻ പരിശോധന എന്നിവയിലൂടെ രോഗനിർണയം വളരെ വ്യക്തതയോടെയും വേഗത്തിലും സാധിക്കുന്നുണ്ട്.
അൾട്രാസൗണ്ട് പരിശോധന
കരളിന് രോഗമുണ്ടോ എന്ന് സംശയം തോന്നിയാൽ ആദ്യമേ തന്നെ രോഗിയുടെ രക്തം, മൂത്രം എന്നിവ പരിശോധന നടത്തണം. അതോടൊപ്പം അൾട്രാസൗണ്ട് പരിശോധനയും ആകാവുന്നതാണ്.
മദ്യപാനം ഉപേക്ഷിക്കാം
ചികിത്സയുടെ ആദ്യ ഭാഗമായി, മദ്യം കുടിക്കുന്നവർ ആ ശീലം ഉപേക്ഷിക്കാൻ തയാറാകണം. ആഹാരം, ശരിയായ രീതിയിൽ... ഡോക്ടർ പറയുന്നത് അനുസരിച്ച് ക്രമീകരിക്കുകയും വേണം.
(തുടരും)