കൊതുകിൽ നിന്നു രക്ഷ നേടാം; മലന്പനിയിൽ നിന്നും...
Thursday, May 21, 2020 3:27 PM IST
കൊതുകിൽ നിന്നു രക്ഷ നേടിയാൽ തന്നെ മലന്പനിയിൽ നിന്നും രക്ഷ നേടാവുന്നതാണ്. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി മഴക്കാല പൂർവ ശുചീകരണം ശക്തിപ്പെടുത്തേണ്ടതാണ്. മലന്പനിക്ക് മറ്റു പനിയുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ പനി, മലന്പനിയാണോ അല്ലയോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അംഗീകൃത ചികിത്സാ മാർഗരേഖ പ്രകാരം മലന്പനിക്കെതിരായ ഫലപ്രദമായ സന്പൂർണ ചികിത്സ സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും തികച്ചും സൗജന്യമായി ലഭ്യമാണ്.
രോഗാണു
പ്ലാസ്മോഡിയം വിഭാഗത്തിൽപ്പെട്ട ഒരു ഏകകോശ പരാദമാണ് മലന്പനിക്ക് കാരണം. പ്ലാ: വൈവാക്സ്, പ്ലാ: ഫാൽസി പാറം എന്നീ രണ്ടിനങ്ങളാണ് നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്. പ്ലാസ്മോഡിയം ഫാൽസി പാറം സെറിബ്രൽ മലേറിയ പോലെയുള്ള (തലച്ചോറിനെ ബാധിക്കുന്നത്) ഗുരുതര മലന്പനിക്കും അതുമൂലമുള്ള മരണത്തിനും കാരണമാകാൻ സാധ്യതയുള്ളതാണ്.
രോഗപ്പകർച്ച
കൊതുകുജന്യ രോഗമായ മലന്പനി അനോഫിലിസ് വിഭാഗത്തിൽപെട്ട പെണ്കൊതുകുകളാണ് പടർത്തുന്നത്. മലന്പനി രോഗിയുടെ രക്തം സ്വീകരിക്കുന്നതു വഴിയും രോഗ ബാധയുണ്ടാകാം. ചുരുക്കം സന്ദർഭങ്ങളിൽ ഗർഭാവസ്ഥയിൽ അമ്മയിൽ നിന്ന് കുഞ്ഞിനു രോഗം
പകരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
രോഗലക്ഷണങ്ങൾ
പനിയോടൊപ്പം ശക്തമായ കുളിരും, തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുന്പോഴോ ആവർത്തിക്കുന്നത് മലന്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം. ഇതോടൊപ്പം മനംപുരട്ടൽ, ഛർദ്ദി, ചുമ, ചർമത്തിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാം. പനി, ശക്തമായ തലവേദന എന്നീ ലക്ഷണ ങ്ങൾ മാത്രമായും മലന്പനി കാണാറുണ്ട്.
രോഗസ്ഥിരീകരണം
കൈവിരലുകളിൽ നിന്നും എടുക്കുന്ന രണ്ടോ മൂന്നോതുള്ളി രക്തം കൊണ്ട് സ്മിയർ ഉണ്ടാക്കി മൈക്രോസ്കോപ്പിൽ കൂടി നോക്കി രോഗം സ്ഥിരീകരിക്കാനും ഏതു വിഭാഗത്തിൽ പെട്ട മലന്പനിയാണെന്ന് കണ്ടുപിടിക്കാനും സാധിക്കും. കൂടാതെ ബൈവാലന്റ് ആർ.ഡി.റ്റി കിറ്റുകൾ (ദ്രുത പരിശോധനാ കിറ്റുകൾ) ഉപയോഗിച്ചും മലന്പനി സ്ഥിരീകരിക്കാനാവും. ഇവ തികച്ചും സൗജന്യമായി സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കിയിട്ടുണ്ട്.
രോഗ പ്രതിരോധ മാർഗങ്ങൾ
* ആരംഭത്തിലേ രോഗം കണ്ടുപിടിച്ച് സന്പൂർണ ചികിത്സ ഉറപ്പാക്കുക.
* കൊതുകുകടി ഏൽക്കാതിരിക്കാനായി വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുക.
* മലന്പനിക്ക് കാരണമാകുന്ന കൊതുകുകൾ ശുദ്ധ ജലത്തിൽ മുട്ടയിട്ട് വളരുന്നതിനാൽ വീടിനുള്ളിലും പരസരങ്ങളിലും വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യം ഒഴിവാക്കുക.
* ആഴം കുറഞ്ഞ കിണറുകളിലും മറ്റും കൂത്താടികളെ ഭക്ഷിക്കുന്ന ഗപ്പി, ഗാംബൂസിയ തുടങ്ങിയ ചെറു മത്സ്യങ്ങളെ നിക്ഷേപിക്കുകയോ കിണറുകളും ടാങ്കുകളും കൊതുകു കടക്കാത്ത വിധം വലകൊണ്ട് മൂടി സംരക്ഷിക്കുകയോ ചെയ്യുക.
* തീരപ്രദേശത്ത് സൂക്ഷിക്കുന്ന ഉപയോഗിക്കാത്ത ബോട്ടുകളിൽ വെള്ളം കെട്ടി നിന്ന് കൂത്താടികൾ പെരുകാൻ കാരണമാകും. കൊതുകു നാശിനികൾ തളിയ്ക്കുകയോ, ബോട്ടുകൾ കമഴ്ത്തിയിടുകയോ ചെയ്യുക.
* റോഡ്/കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലും ജല ദൗർലഭ്യമുള്ള സ്ഥലങ്ങളിലും വെള്ളം സൂക്ഷിച്ചിരിക്കുന്ന ടാങ്കുകളിലും പാത്രങ്ങളിലും കൊതുക് വളരുന്നില്ലെന്ന് ഉറപ്പാക്കുക.
രോഗനിയന്ത്രണം
ഒരാൾക്ക് മലന്പനി സ്ഥിരീകരിച്ചു കഴിഞ്ഞാൽ മറ്റു കുടുംബാംഗങ്ങളുടെയും ചുറ്റുമുള്ള 50 വീടുകളിൽ ഉള്ളവരുടെയും രക്ത പരിശോധന നടത്തി രോഗപ്പകർച്ചാസാധ്യത നിർണയിക്കേണ്ടതാണ്. പത്ത് ദിവസത്തിനുള്ളിൽ ഐ.ആർ.എസ് (വീടിനുള്ളിലെ ചുമരിൽ കീടനാശിനി തളിക്കുന്നത്) ഐ.എസ്.എസ്, ഫോഗിംഗ് എന്നീ കൊതുക നശീകരണ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തേണ്ടതാണ്. അതിനായി പൊതുജനങ്ങൾ ആരോഗ്യ പ്രവർത്തകരോട് സഹകരിക്കേണ്ടതാണ്.
ശ്രദ്ധിക്കുക
പനിയുള്ളപ്പോൾ രക്തം പരിശോധിച്ച് മലന്പനി അല്ലെന്നുറപ്പു വരുത്തുക. സർക്കാർ ആശുപത്രികളിൽ മലന്പനിക്കെതിരേയുള്ള സന്പൂർണ ചികിത്സ തികച്ചും സൗജന്യമായി ലഭ്യമാണ്. കൊതുകു നിവാരണ പ്രവർത്തനങ്ങളിൽ ഏവരും പങ്കാളികളാകുക.
വിവരങ്ങൾക്കു കടപ്പാട്:
കേരള ഹെൽത്ത് സർവീസസ്