കാഴ്ച ആദ്യം: ആഗോള ശ്രദ്ധ ക്ഷണിച്ച് ലോക കാഴ്ചദിനം
ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ പത്തിനാണ് ലോക കാഴ്ചദിനം. അന്തര്‍ദ്ദേശീയ അന്ധത നിവാരണ സമിതിയുടെ ആഭിമുഖ്യത്തില്‍ അന്ധതയ്ക്കും കാഴ്ചവൈകല്യങ്ങള്‍ക്കും നേരെ ആഗോള ശ്രദ്ധ ക്ഷണിക്കുകയാണ് ലോക കാഴ്ച ദിനം.

പൊതുജനങ്ങളെ അന്ധത നിവാരണത്തെക്കുറിച്ചും വിഷന്‍ 2020 നെക്കുറിച്ചും അതിന്‍റെ പ്രവര്‍ത്തനത്തെകുറിച്ചും ബോധവാന്മാരാക്കുക, ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പൊതുജന പിന്തുണയും നേടിയെടുക്കുക എന്നിങ്ങനെയാണ് അന്തര്‍ദേശീയ അന്ധത നിവാരണ സമിതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍.

പദ്ധതി നടപ്പാക്കുന്നത് അന്തര്‍ദേശീയ അന്ധത നിവാരണ സമിതിയും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ്. നിരവധി സര്‍ക്കാര്‍ ഇതര സംഘടനകളും ഇതില്‍ പങ്കുചേരുന്നുണ്ട്. ചികിത്സയിലൂടെ മാറ്റാനാവുന്ന കാഴ്ചാ വൈകല്യങ്ങള്‍ പരമാവധി ഒഴിവാക്കുകയാണ് വിഷന്‍ 2020 ന്‍റെ ലക്‍ഷ്യം.

പ്രധാന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നായ അന്ധതയെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക, വികസ്വര രാഷ്ട്രങ്ങളിലെ സര്‍ക്കാരുകളേയും ആരോഗ്യമന്ത്രാലയങ്ങളേയും അന്ധത നിവാരണത്തിനു വേണ്ട ഫണ്ട് ഉയര്‍ത്തുവാന്‍ പ്രേരിപ്പിക്കുക തുടങ്ങിയവ ഈ പദ്ധതിയുടെ ഭാഗമാണ്.

ദേശീയ അന്ധതാ - കാഴ്ചവൈകല്യ നിയന്ത്രണ സമിതിയുടെ നേതൃത്വത്തിലാണ് ഇന്ത്യയിൽ അന്ധതാ നിയന്ത്രണ പരിപാടികൾ നടപ്പിലാക്കുന്നത്.

കാഴ്ച ദിനം ആയി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പങ്കുവയ്ക്കുന്നു.. "വിഷൻ ഫസ്റ്റ്' (കാഴ്ച ആദ്യം) ആണ് ഇത്തവണത്തെ തല വാചകം..എന്നാണ് അവസാനം നിങ്ങളുടെ കാഴ്ച പരിശോധിച്ചത്?

നിങ്ങളുടെ കുട്ടികളെയും, മാതാപിതാക്കളെയും കൂട്ടി ഒരു കാഴ്ച പരിശോധനക്ക് പോവുക. കാഴ്ച കണ്ണിന്‍റെ ആരോഗ്യത്തിന്‍റെ വാതിൽ തന്നെ ആണ്. ഏറ്റവും എളപ്പത്തിൽ അധികം നേരം എടുക്കാതെ ചെയ്യാവുന്ന ഒരു ടെസ്റ്റ് ആണ് ഇത്..

നമ്മുടെ നാട്ടിൽ സ്കൂളിൽ ചേർക്കുന്നതിന് മുൻപ് കാഴ്ച പരിശോധന നിർബന്ധം ഇല്ല. കുട്ടികളോ ടീച്ചർമാരോ മാതാപിതാക്കളോ പറയുന്നതു വരെ പലപ്പോഴും കാഴ്ചവൈകല്യം ശ്രദ്ധയിൽപ്പെടാൻ സാധ്യത ഇല്ല. ഒരു കണ്ണിന് മാത്രം ആണെങ്കിൽ പ്രത്യേകിച്ചും.

കലണ്ടറിലെ അക്കങ്ങളോ ടിവിയിലെ ചെറിയ അക്ഷരങ്ങൾ ഒക്കെ ഒരു പത്ത് അടി ദൂരത്ത് നിന്ന് നോക്കാം. രണ്ടു കണ്ണുകൾ തമ്മിൽ കാഴ്ച വ്യത്യാസം ഉണ്ടെങ്കിൽ ഒരു ചെറിയ പരിധി വരെ നമുക്ക് അറിയാൻ പറ്റും..

എന്നാലും കാഴ്ച പരിശോധനക്ക് കൃത്യമായ അളവുകോലുകൾ ഉണ്ട്. വെളിച്ചവും ദൂരവും ഏറ്റവും കൃത്യം ആയാൽ മാത്രമേ കാഴ്ച പരിശോധിച്ചത് കൃത്യമാകു. അതുകൊണ്ട് മടിക്കാതെ ഒരു കാഴ്ച പരിശോധനക്ക് തയാറാവുക. അതിനു ഏറ്റവും അടുത്തുള്ള ഒരു ഒപ്ടോമെട്രിസ്റ്റിനെ സമീപിക്കാം.

കുട്ടികളിലെ കാഴ്ചക്കുറവ് ചെറുപ്രായത്തിൽ കണ്ടുപിടിക്കുക എന്നത് ആവശ്യമാണ്. എങ്കിലേ പലപ്പോഴും പൂർണമായ പരിഹാരം കിട്ടുകയുള്ളൂ. കൗമാരപ്രായത്തിനു ശേഷം കണ്ണട വച്ചാൽ ചിലപ്പോൾ ചെറുപ്പത്തിൽ കിട്ടുന്ന അത്രയും കാഴ്ചക്കുറവു പരിഹരിക്കപ്പെടും എന്നില്ല.

നമ്മുടെ ജില്ലയിൽ നേത്രവിഭാഗവുമായി ബന്ധപ്പെട്ട് ജില്ലാ ജനറൽ ആശുപത്രിയിലും എല്ലാ താലൂക്ക് ആശുപത്രികളിലും, ചില സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും ഒഫ്താൽമോളജിസ്റ്റിന്‍റെ (നേത്രരോഗ വിദഗ്ധൻ) സേവനം ലഭ്യമാണ്. ഇൗയിടങ്ങളിലൊക്കെയും ഒപ്റ്റോമെട്രിസ്റ്റിന്‍റെ (നേത്രപരിശോധകർ) സാന്നിധ്യവും ഉണ്ട്.

എല്ലാ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും ഒപ്റ്റോമെട്രിസ്റ്റ് ഉണ്ട്. പ്രാഥമിക തലത്തിലുള്ള നേത്ര പരിശോധനകൾ അവർ നടത്തുന്നതും കൂടുതൽ പരിശോധന ആവശ്യമായവരെ താലൂക്ക് ജില്ലാ ആശുപത്രികളിലെ ഒഫ്താൽമോളജിസ്റ്റിന്‍റെ പക്കലേക്ക് റഫർ ചെയ്യുകയും ചെയ്യുന്നു.

എല്ലാ ഫാമിലി ഹെൽത്ത് സെന്‍റർ, പ്രാഥമിക ആരോഗ്യ കേന്ദ്രം ഇവിടെയൊക്കെ മാസത്തിൽ ഒരിക്കൽ ഒപ്റ്റോമെട്രിസ്റ്റ് വരുന്നത് ആണ്. അതതു ആരോഗ്യ കേന്ദ്രത്തിൽ അന്വേഷിച്ചാൽ ഏതു ദിവസം എന്നത് കൃത്യമായി അറിയാൻ പറ്റും. കാഴ്ച പരിശോധിച്ച് കണ്ണടയുടെ പ്രിസ്ക്രിപ്ഷൻ കൊടുക്കുന്നു, പ്രാഥമിക പരിശോധനക്ക് ശേഷം കാഴ്ച കുറവ് പരിഹരിച്ചില്ല എങ്കിൽ അവരെ റഫർ ചെയ്യുന്നു

പ്രായമായവരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന തിമിരം മൂലമുള്ള കാഴ്ചക്കുറവ് ആണ്. ചെറിയ ഒരു പരിശോധനയിലൂടെ തിമിരം ഉണ്ടോ എന്ന് മനസിലാക്കാനും അവരെ ശസ്ത്രക്രിയയ്ക്കു വേണ്ടി നേത്രരോഗവിദഗ്ധന്‍റെ അടുത്തേക്ക് അയക്കാനും പറ്റും. ഡയബറ്റിസ് കൊണ്ടും ഗ്ലോക്കോമ കൊണ്ടുമെല്ലാമുള്ള, കണ്ണിനെ ബാധിക്കുന്ന മറ്റു തകരാറുകൾ ഏറ്റവും വേഗത്തിൽ അറിയാൻ പറ്റുക കാഴ്ച പരിശോധന വഴി ആണ്.


കണ്ണിന്‍റെ പ്രഷർ നോക്കാനും ഫീൽഡ് ടെസ്റ്റ് ചെയ്യാനും ഉള്ള ഉപകരണങ്ങളും ഉണ്ട്. കണ്ണിന്‍റെ പ്രഷർ കൂടുന്ന ഗ്ലോക്കോമ എന്ന രോഗം കണ്ണിന്‍റെ ഞരമ്പിനെയാണ് ബാധിക്കുന്നത്. എത്രയും പെട്ടെന്ന് കണ്ടുപിടിക്കുകയും തുടർചികിത്സ നടത്തുകയും വേണ്ട ഒരു രോഗാവസ്ഥയാണിത്. പലപ്പോഴും പരിശോധന നടത്തിയില്ലെങ്കിൽ അറിയാതെ പോകുന്ന ഒന്നു കൂടി ആണിത്.

ഡയബറ്റിസ് ഉള്ളവരിൽ വരാൻ സാധ്യതയുള്ള, നേത്രപടലത്തെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതിയും എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ട ഒന്നാണ്. മുൻകൂട്ടി കണ്ടുപിടിച്ചാൽ ഇതുമൂലം ഉണ്ടാകുന്ന അന്ധത തടയാവുന്നതാണ്.

നേത്രരോഗവിദഗ്ധനെ സമീപിച്ചാൽ കൃഷ്ണമണി വികസിപ്പിച്ചു ഉള്ള റെറ്റിന പരിശോധനയിലൂടെ ഇത് കണ്ടുപിടിക്കാൻ പറ്റും. ലേസർ പോലുള്ള ചികിത്സകൾ ആവശ്യമെങ്കിൽ നിർബന്ധമായും ചെയ്യേണ്ടതാണ്.

ഏറ്റവും പുതിയതായി ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ് വേണ്ടിയുള്ള നോൺ മിഡ്രിയേറ്റിക് ഫണ്ടസ്‌ കീമറകൾ എല്ലാ വിഷൻ സെന്‍ററുകളിലും വന്നിട്ടുണ്ട്. ജില്ലയിൽ എട്ട് എണ്ണം പ്രവർത്തനസജ്ജമായിട്ടുണ്ട്.

ഒരു ഫോട്ടോ എടുക്കുന്നത്രക്കും എളുപ്പത്തിൽ റെറ്റിനയുടെ പടം എടുത്ത് ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടോ എന്ന് തിരിച്ചറിയാനും അങ്ങനെയുള്ളവരെ വേണ്ട ചികിത്സയ്ക്ക് റഫർ ചെയ്യാനുമുള്ള സംവിധാനം നടപ്പിലാക്കി വരുന്നു. ആരോഗ്യമേഖലയിലെ വലിയ ഒരു കാൽവയ്പ്പാണ് പ്രാഥമിക തലത്തിലുള്ള ഇൗ പുതിയ മാറ്റങ്ങൾ. തിരക്ക് കുറഞ്ഞ ഇത്തരം സെന്‍ററുകളിൽ നിന്ന് പരിശോധിക്കുന്നത് രോഗികളുടെ സമയം ലാഭിക്കാൻ സഹായിക്കുന്നു.

അഞ്ചുവർഷത്തിനു മേൽ ഡയബറ്റിസ് ബാധിച്ച കാഴ്ചക്കുറവ് ഉള്ളവരും ഇല്ലാത്തവരും നിർബന്ധമായും റെറ്റിന പരിശോധന നടത്തേണ്ടത് ആണ്. ഡയബറ്റിക്‌ റെറ്റിനോപതി കൊണ്ടുള്ള കേടുപാടുകൾ കൂടുതൽ വ്യപിക്കാതെയിരിക്കാൻ നേരത്തെ ഉള്ള കണ്ടുപിടുത്തം ഏറ്റവും ആവശ്യം ആണ്.

ദേശീയ അന്ധത നിവാരണ സമിതിയുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിയിൽ ഒരു മൊബൈൽ യൂണിറ്റ്, അതായത് സഞ്ചരിക്കുന്ന നേത്രവിഭാഗം പ്രവർത്തിക്കുന്നുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്താൽ ക്ലബുകൾ ലൈബ്രറികൾ , റെസിഡന്‍റ് അസോസിയേഷനുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ക്യാമ്പുകൾ നടത്താറുണ്ട്. സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ വഴിയോ , ജില്ലാ ആശുപത്രി വഴിയോ ജില്ലയിലെ ഏത് ഉൾപ്രദേശത്തും തികച്ചും സൗജന്യം ആയി ക്യാമ്പുകൾ നടത്താവുന്നതാണ്.

സൗജന്യമായി കണ്ണടയുടെ പ്രിസ്ക്രിപ്‌ക്ഷൻ കൊടുക്കുകയും, തിമിരം ,ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപതി സ്ക്രീനിംഗ് ഇതൊക്കെയും സഞ്ചരിക്കുന്ന നേത്ര വിഭാഗം ചെയ്യുന്നുണ്ട്. ആവശ്യമുള്ള രോഗികളെ തുടർചികിത്സക്കായി ക്യാമ്പിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്യുന്നു. ആംഗൻവാടികളുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസുകൾ കൃത്യമായി നടന്നു വരുന്നു.

എല്ലാ ആശുപത്രിയിലെ നേത്രവിഭാഗവും ആയി ബന്ധപ്പെട്ട് സ്കൂൾ സ്ക്രീനിംഗ് ഉണ്ട്.
സ്കൂൾ കുട്ടികളിലെ കാഴ്ചപരിശോധന സ്കൂൾ ഹെൽത്തിലെ മറ്റു വിഭാഗങ്ങളുമായി സഹകരിച്ച് നടത്തിവരുന്നു. സ്കൂൾ കുട്ടികൾക്ക് സൗജന്യമായി കണ്ണട വിതരണവും ചെയ്യുന്നുണ്ട്.

ആംബ്ലായോപിയ അഥവാ ലേസി കണ്ണ് ഇതിനൊക്കെ ചികിത്സ ഉണ്ട്. നേരത്തെ കണ്ടുപിടിച്ചാൽ മാത്രമേ ഉപയോഗമുണ്ടാകൂ എന്നുമാത്രം. അതുകൊണ്ട് തന്നെ അല്പം മുൻകൈ എടുത്ത് കാഴ്ച പരിശോധനക്ക് തയാറാവണം. ഏതു ആശുപത്രിയിലെയും നേത്രരോഗ വിഭാഗവും ആയി ബന്ധപ്പെട്ടാൽ സംശയ നിവാരണം നടത്താൻ കഴിയുന്നതാണ്.

ബിപിഎൽ ആയവർക്ക് ചില പവറുകളിൽ കണ്ണട സൗജന്യമായി കൊടുക്കാനുള്ള സംവിധാനവും ഉണ്ട്. കാഴ്ച തീരെ കുറഞ്ഞ ലോ വിഷൻ ആളുകൾക്കും വേണ്ട പരിശോധനയും ചികിത്സയും ലഭ്യമാണ്. അവരുടെ റിഹാബിലിറ്റേഷൻ ആയി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്കും നേത്രരോഗ വിഭാഗത്തെ സമീപിക്കുക.

കാഴ്ചയുടെ തെളിച്ചവും, നന്മയും എല്ലാവരിലേക്കും എത്തിക്കാൻ ഇത്തരം സേവനങ്ങൾ ഉപയോഗിക്കുക.ലോക കാഴ്ചദിനത്തിൽ കുടുംബവുമായി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ നേത്ര വിഭാഗത്തിൽ എത്തുക. 'കാഴ്ച ആദ്യം ' എന്നത് ഇത്തവണ എല്ലാവരിലും എത്താൻ ഒത്തൊരുമിച്ച് ശ്രമിക്കാം.