കർഷകർക്ക് കൈത്താങ്ങായി സാന്തോം ഫുഡ് ഫാക്ടറി
Wednesday, October 8, 2025 12:30 PM IST
കർഷകനാടായ പാലായിൽ കർഷകർക്കു താങ്ങായി സാന്തോം ഫുഡ് ഫാക്ടറി. കർഷകരിൽനിന്നു നേരിട്ട് ചക്കയും കപ്പയും കൈതച്ചക്കയും ഏത്തക്കയും ഇതര പഴവർഗങ്ങളും പച്ചക്കറികളും ന്യായവിലയ്ക്കു സംഭരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിലിറക്കുകയാണ് ലക്ഷ്യം.
പാലാ രൂപതയുടെ കർഷക ശക്തീകരണ പദ്ധതിയായ കർഷക ബാങ്കിന്റെ കാർഷികമൂല്യ വർധിത സംരംഭമായിട്ടാണ് പാലാ സാന്തോം ഫുഡ് ഫാക്ടറി പ്രവർത്തിക്കുന്നത്. കരൂർ മുണ്ടുപാലം സ്റ്റീൽ ഇന്ത്യ കാന്പസിലെ അഗ്രോ ഇൻഡസ്ട്രിയൽ പാർക്കിലാണ് ഫാക്ടറി പ്രവർത്തിക്കുന്നത്.
രൂപതയുടെ സോഷ്യൽ സർവീസ് വിഭാഗമായ പിഎസ്ഡബ്ള്യുഎസിന്റെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ കർഷക കൂട്ടായ്മകൾ നടത്തിവരുന്ന മൂല്യവർധിത ഉല്പന്ന സംരംഭങ്ങൾക്ക് ശക്തി പകരുന്നതിനൊപ്പം നൂതന സാങ്കേതിക വിദ്യകളും യന്ത്രസാമഗ്രികളും വിനിയോഗിച്ചുള്ള മൂല്യവർധിത സംരഭമാണിത്.
സംസ്ഥാന കൃഷിവകുപ്പിന്റെ സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കണ്സോർഷ്യമെന്ന എസ്എഫ്എസിയിൽ നിന്നും കോട്ടയം ജില്ലയിൽ അനുവദിച്ച നാല് എഫ്പിഒകളിലൊന്നാണ് സാന്തോം എഫ്പിഒ.
കേവലം കർഷകർക്ക് അവരുടെ വിളകളോ ഉത്പന്നങ്ങളോ ഉണക്കുവാനുള്ള ഒരു യൂണിറ്റില്ല മറിച്ച് ഉത്പന്നങ്ങൾക്ക് ന്യായ വില ഉറപ്പുവരുത്തി വിൽക്കാനും അവയെ മൂല്യ വർധിത ഉത്പന്നങ്ങൾക്ക് ന്യായ വില ഉറപ്പുവരുത്തി വിൽക്കാനും അവയെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുമുള്ള സാധ്യതയാണ് ഫാക്ടറി ഉറപ്പുവരുത്തുന്നത്.
സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കന്പനിയുടെ കാൻ വേ പ്രൊഡക്ഷൻസ് യൂണിറ്റിലും മൂഴൂർ കാർഷിക വിള മൂല്യ വർധിത സംഭരണ കേന്ദ്രം, മൂഴൂർ മിത്രം പ്രൊഡക്ഷൻ യൂണിറ്റ്, മാൻവെട്ടം, വയല, വെള്ളിയാമറ്റം എന്നിവിടങ്ങളിലെ പ്രൊഡക്ഷൻ യൂണിറ്റുകളിലും ആയിരക്കണക്കിനു കിലോ കാർഷിക വിളകളുടെ പ്രാഥമിക സംസകരണം നടന്നുവരുന്നുണ്ട്.
ഈ യൂണിറ്റുകളുടെ മദർ യൂണിറ്റായിട്ടാണ് സാന്തോം പ്രവർത്തിക്കുന്നത്. പുതുതലമുറ കൃഷിയിൽനിന്ന് അകലുന്നതും വിദേശരാജ്യങ്ങളിൽ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പോകുന്നതുമായ സാഹചര്യമാണുള്ളത്. പല വീടുകളിൽനിന്നും മാതാപിതാക്കൾ താത്കാലികമായോ സ്ഥിരമായോ പ്രവാസി ജീവിതത്തിനു നിർബന്ധിതരാകുന്നു. ഈ സാഹചര്യത്തിൽ ഒട്ടേറെ വീടുകൾ അടഞ്ഞു കിടക്കുകയും കൃഷിയിടങ്ങൾ കാടുകളായി മാറുകയും ചെയ്തു.
ഇപ്രകാരം പാഴായി കിടക്കുന്ന കൃഷിയിടങ്ങളിൽ സംഘകൃഷി സാധ്യതകൾ വളർത്തിയെടുക്കാനും വിഷരഹിതമായ കൃഷിയും മായം കലരാത്ത ഉത്പന്നങ്ങളുമുണ്ടാക്കി പ്രവാസിസമൂഹത്തിന് എത്തിക്കുന്നതിനുമാണ് ഫാക്ടറി ലക്ഷ്യം വയ്ക്കുന്നത്.
കർഷക ഉത്പാദക സംഘടനകൾ, കന്പനികൾ, കർഷകദള ഫെഡറേഷനുകൾ, ഫാർമേഴ്സ് ക്ലബുകൾ, സ്വാശ്രയ സംഘങ്ങൾ തുടങ്ങിയവ വഴി ചക്കയും കപ്പയും കൈതച്ചക്കയും ഏത്തക്കയും ഇതര പഴവർഗങ്ങളും പച്ചക്കറികളും കർഷകരിൽ നിന്നും ന്യായവിലയ്ക്ക് സംഭരിക്കും. ഇവയെ ഫാക്ടറിയിൽ സംസ്കരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കും.
ആഭ്യന്തരവിപണിയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലേക്കും വിപണി ശൃംഖല വ്യാപിപ്പിച്ച് ആരോഗ്യമുള്ള ഭക്ഷ്യവസ്തുക്കൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തനതു ബ്രാൻഡിൽ എത്തിക്കുവാനുള്ള ഉദ്യമമാണ് ഫാക്ടറിയുടെ ലക്ഷ്യം.
ഫാക്ടറി കോന്പൗണ്ടിൽ വിശാലമായ സ്ഥലത്ത് കപ്പയും വിവിധ തരം പഴവർഗങ്ങളും പച്ചക്കറികളും കൃഷി ചെയ്തു വരുന്നു. ഒന്നേമുക്കാൽ ഏക്കറിൽ കറുത്ത മിക്സ്ചർ കപ്പ വിളവെടുക്കാറായി കഴിഞ്ഞു.
രണ്ടര ഏക്കർ സ്ഥലത്താണ് പഴവർഗ കൃഷി. ഡ്രാഗണ്, ദുരിയാൻ, വിവിധതരം നാരകങ്ങൾ, ഹൈബ്രിഡ് പേരകൾ, വിവിധ തരം റംബുട്ടാൻ, ദുക്കോണ്, മംഗ്ഡോവ, ഫിലോസാൻ, വിവിധ തരം ആഞ്ഞിലി എന്നിവയാണ് പ്രധാന പഴവർഗങ്ങൾ.
എട്ടാം മാസത്തിൽ കുല വെട്ടാവുന്ന മഞ്ചേരി കുള്ളൻ വാഴത്തോട്ടവും ഫാക്ടറി കോന്പൗണ്ടിലുണ്ട്. കഴിഞ്ഞ ജൂലൈ 24ന് കൃഷി മന്ത്രി പി. പ്രസാദാണ് ഫാക്ടറി ഉദ്ഘാടനം ചെയ്തത്. ഭക്ഷ്യവസ്തുക്കളുടെ പരിശോധയ്ക്കും മറ്റുമായുള്ള ലാബ് സൗകര്യം ഫാക്ടറിയോടു ചേർന്ന് ഉടൻ ആരംഭിക്കും.
പാലായുടെയും മീനച്ചിൽ താലൂക്കിന്റെയും കാർഷിക ഭൂപടത്തിലെ പുതിയ അധ്യായമാണ് സാന്തോം ഫുഡ് ഫാക്ടറിയെന്നും അധ്വാനമഹത്വത്താൽ മണ്ണിൽ പൊന്നു വിളയിക്കുന്ന മീനച്ചിൽ താലൂക്കിലെ കർഷകരെ ചേർത്തു പിടിക്കാൻ സാന്തോം ഫാക്ടറിക്കു കഴിയുമെന്നും ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ പറഞ്ഞു.

ഫാക്ടറിയിലെ മെഷീനുകളും ഉപയോഗവും
റൈസ് വാഷർ: അരിയിൽ അടങ്ങിയിരിക്കുന്ന പൊടി, അഴുക്കുകൾ, അധിക സ്റ്റാർച്ച്, കീടനാശിനി അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യുന്നു. ബോക്സ് സ്റ്റീമർ: അരി, പച്ചക്കറികൾ എന്നിവ പാകം ചെയ്യുന്നതിനും അണുവിമുക്തമാക്കുന്നതിനും ഉപയോഗിക്കുന്നു.
പൾവറൈസർ: അരി, മുളക്, പയറുവർഗങ്ങൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ പൊടിയാക്കി ഏകീകൃത ടെക്സ്ചർ ഉണ്ടാക്കുന്നു. ഇലക്ട്രിക് റോസ്റ്റർ: അരിപ്പൊടി, മസാലകൾ, വിത്തുകൾ, കാപ്പി എന്നിവയുടെ റോസ്റ്റിംഗിലൂടെ സ്വാദു വർധിപ്പിക്കുന്നു.
റെകാംഗിൾ ഷിഫ്റ്റർ: പൊടിയാക്കിയ വസ്തുക്കളെ വിവിധ മെഷ് സൈസുകളിലൂടെ ഗ്രേഡ് ചെയ്ത് ഏകീകൃത കണികാ വലുപ്പം ഉറപ്പാക്കുന്നു. ബ്ലാഞ്ചർ: പച്ചക്കറികളും പഴങ്ങളും നിയന്ത്രിത ചൂടുവെള്ളത്തിൽ ഹ്രസ്വകാലത്തേക്ക് മുക്കി എൻസൈം പ്രവർത്തനം നിർത്തുന്നു.
പൾപ്പർ: പഴങ്ങളിൽ നിന്നും വിത്തുകൾ, തൊലി, ഫൈബർ എന്നിവ വേർതിരിച്ച് ശുദ്ധവും മിനുസമാർന്നതമായ പൾപ്പ് ഉത്പാദിപ്പിക്കുന്നു. ഫ്രൂട്ട് മിൽ: പഴങ്ങളെ യൂണിഫോം മെഷിലൂടെ പാസ് ചെയ്ത് ഫൈൻ പൾപ്പ് ഉത്പാദിപ്പിക്കുന്നു.
ഹൊമജനൈസർ: ജ്യൂസ്, മിൽക്ക് പ്രൊഡക്ടുകൾ, ബിവറേജുകൾ എന്നിവയിൽ ഏകീകൃതമായ ടെക്സ്ചറും സ്ഥിരതയും ഉണ്ടാക്കുന്നു. റൈപ്പനിംഗ് ചേംബർ: പഴങ്ങളെ നിയന്ത്രിത പരിസ്ഥിതിയിൽ ഏകീകൃതമായി പഴുപ്പിക്കുന്നതിനുള്ള അത്യാധുനിക സംവിധാനം.
വാക്ക്-ഇൻ ചില്ലർ: ഫ്രഷ് പ്രൊഡക്ടുകളും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളും വലിയ അളവിൽ ചെറുചൂടിൽ സൂക്ഷിക്കുന്നതിനുള്ള സംവിധാനം. ബ്ലാസ്റ്റ് ഫ്രീസർ: ഭക്ഷ്യവസ്തുക്കളെ റാപ്പിഡ് ഫ്രീസിംഗ് ടെക്നോളജി ഉപയോഗിച്ച് അതിവേഗം ശീതീകരിക്കുന്നു.
വാക്ക്-ഇൻ ഫ്രീസർ: ഫ്രോസണ് ഫുഡ് പ്രൊഡക്ടുകളുടെ നീണ്ടകാല സംഭരണത്തിനുള്ള ഇൻഡസ്ട്രിയൽ ഗ്രേഡ് ഫ്രീസിംഗ് സൊല്യൂഷൻ. ഹീറ്റ് പന്പ് ഡ്രയർ: കുറഞ്ഞ താപനിലയിൽ ഭക്ഷ്യവസ്തുക്കളെ ഡിഹൈഡ്രേറ്റ് ചെയ്യുന്നതിലൂടെ പോഷകങ്ങളും സ്വാഭാവിക നിറവും രുചിയും സംരക്ഷിക്കുന്നു.
വാക്വം ഫ്രയർ: അന്തരീക്ഷത്തിൽ കുറഞ്ഞ താപനിലയിൽ ഫ്രൈയിംഗ് നടത്തുന്നതിലൂടെ ആരോഗ്യകരവും പോഷകസന്പന്നവുമായ സ്നാക്ക് ഫുഡുകൾ ഉത്പാദിപ്പിക്കുന്നു.

നൂതന സാങ്കേതികവിദ്യയും യന്ത്രസാമഗ്രികളും
ആധുനിക സാങ്കേതിക വിദ്യയോടു കൂടിയ 18 യന്ത്രസാമഗ്രികളാണ് ഫാക്ടറിയിൽ ആരംഭഘട്ടത്തിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുള്ളത്. കർഷകർക്ക് തങ്ങളുടെ കാർഷിക വിളകളും ഉൽപന്നങ്ങളും പഴുപ്പിക്കുവാനുള്ള ഡ്രൈപ്പണിംഗ് ചേംബർ, കാർഷികവിളകളും ഉത്പന്നങ്ങളും കേടുകൂടാതെ സൂക്ഷിക്കുവാൻ സാധിക്കുന്ന ഫ്രീസർ യൂണിറ്റ് ഗോഡൗണ് എന്നിവ ഏറെ ശ്രദ്ധേയമാണ്.
45,000 കിലോയോളം ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. എണ്ണയുടെ അമിതമായ ഉപയോഗം ഒഴിവാക്കി വാക്വം ഫ്രയർ യൂണിറ്റിലൂടെ പലഹാരങ്ങൾ നിർമിക്കുവാനുള്ള ഉപകരണങ്ങളും.
ഡീഹൈഡ്രേഷൻ ടെക്നോളജിയിലൂടെ കാർഷിക വിളകളും ഉൽപ്പന്നങ്ങളും ഉണക്കി സംസ്കരിക്കുവാനുള്ള ഉപകരണവുമാണ് ഫാക്ടറിയിലെ മാസ്റ്റർ പീസ് മെഷീനുകൾ.
(ഡയറക്ടർ - പിഎസ്ഡബ്ല്യുഎസ്).
ഫോണ്: 9447284884