ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് 2018; ആഗോളതലത്തിൽ 150 കോടി നേടുന്ന ആദ്യ മലയാള ചിത്രം
Saturday, May 27, 2023 3:45 PM IST
ആഗോളതലത്തിൽ 150 കോടി നേടുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടം സ്വന്തമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018സിനിമ. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുന്പോഴാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
2018-ന്റെ നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നേട്ടത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.
150 കോടിക്കൊപ്പം നിൽക്കുമ്പോഴും താൻ തലകുനിച്ചു കൈകൂപ്പി പ്രേക്ഷകരെ വന്ദിക്കുന്നുവെന്ന് വേണു കുറിച്ചു. അതിരുകടന്ന ആഹ്ലാദമോ അഹങ്കാരമോ ഇല്ലെന്നും ഇതെല്ലാം ദൈവനിശ്ചയമാണെന്നും നിർമാതാവ് ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ ലോകമൊട്ടാകെ ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന നേട്ടം പുലിമുരുകനിൽ നിന്നും 2018 സ്വന്തമാക്കിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 146 കോടി രൂപയാണ് പുലിമുരുകന്റെ കളക്ഷൻ. പുലിമുരുകന്റെ കേരള ഗ്രോസ് ദിവസങ്ങൾക്കുള്ളിൽ 2018 മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജൂഡ് ആന്തണി ജോസഫിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരിക്കും 2018.വൻ താരനിരയുണ്ടായിട്ടും വലിയ പ്രമോഷനൊന്നുമില്ലാതെ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് 2018.
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്.
ജൂഡ് ആന്തണിക്കൊപ്പം അഖിൽ പി. ധർമജനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ ജോർജാണ്. ചമൻ ചാക്കോ ചിത്രസംയോജനം. നോബിൻ പോളിന്റേതാണ് സംഗീതം.
വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈൻ. കാവ്യാ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പിള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവരാണ് നിർമാണം.