ഒരുമിച്ച് സന്തോഷത്തോടെയെടുത്ത തീരുമാനം; ആദ്യവിവാഹം പിരിയാനുള്ള കാരണം പറഞ്ഞ് ആശിഷ് വിദ്യാർഥി
Saturday, May 27, 2023 11:34 AM IST
ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹമോചിതനാകാനുള്ള കാരണത്തെക്കുറിച്ചും തുറന്ന് പറഞ്ഞ് നടൻ ആശിഷ് വിദ്യാർഥി. രണ്ടാം വിവാഹത്തിന് പിന്നാലെ ആശിഷ് വിദ്യാർഥിയുടെ ആദ്യഭാര്യ സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമായിരുന്നു.
ആദ്യ ഭാര്യ രജോഷി ബറുവയുമായുള്ള തന്റെ ബന്ധം സൗഹാർദ്ദപരമായാണ് അവസാനിച്ചതെന്നും ഒന്നിച്ച് യാത്ര ചെയ്യാൻ കൂടെ ഒരാൾ വേണമെന്ന ആഗ്രഹത്തിലാണ് വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചതെന്നും ആശിഷ് യു ട്യൂബിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

നമ്മുടെ ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. ഓരോരുത്തർക്കും വ്യത്യസ്തമായ വെല്ലുവിളികൾ, വ്യത്യസ്ത പശ്ചാത്തലങ്ങൾ, വിദ്യാഭ്യാസം, ചിന്താരീതികൾ ഒക്കെയുണ്ട്. ഓരോരുത്തരുടെയും തൊഴിലുകൾ വ്യത്യസ്തമാണ്.
നാമെല്ലാവരും വ്യത്യസ്ത സാമൂഹിക തലങ്ങളിൽ നിന്നും വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും മതങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നുമുള്ളവരാണ്, എന്നാൽ പൊതുവായ ഒരു കാര്യം, നാമെല്ലാവരും സന്തോഷവാനായിരിക്കാൻ ആഗ്രഹിക്കുന്നു എന്നതാണ്.
22 വർഷം മുമ്പ് പൈലുവും ഞാനും കണ്ടുമുട്ടി, ഞങ്ങൾ വിവാഹിതരായി. അത് അദ്ഭുതകരമായ ഒന്നായിരുന്നു. ഞങ്ങൾക്ക് ഇപ്പോൾ 22 വയസുള്ള മകനുണ്ട് (ആർത്ത്), അവൻ ജോലി ചെയ്യുന്നു.
എന്നാൽ എങ്ങനെയോ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ ഒരുമിച്ച് പൂർത്തിയാക്കിയ മനോഹരമായ ഒരു ഇന്നിംഗ്സിന് ശേഷം ഞങ്ങളുടെ ഭാവി പരസ്പരം വ്യത്യസ്തമാണെന്ന് പിലൂവും ഞാനും കണ്ടെത്തി. രണ്ട് വർഷം മുമ്പാണത്.

ഞങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിച്ചപ്പോൾ, വ്യത്യാസങ്ങൾ പരിഹരിക്കാനാകുമെന്നും എന്നാൽ അത് രണ്ടുപേരിൽ ഒരാൾ മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കുകയും സന്തോഷത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്ന വിധത്തിലാകാമെന്ന് ഞങ്ങൾക്ക് മനസിലായി.
സന്തോഷമാണ് നമുക്കെല്ലാവർക്കും വേണ്ടത്, അല്ലേ? അതിനാൽ ഞങ്ങൾ പിരിയാൻ തീരുമാനിച്ചു. കഴിഞ്ഞ 22 വർഷവും സന്തോഷത്തോടെയാണ് ഒരുമിച്ച് ജീവിച്ചത്. പക്ഷേ സങ്കടപ്പെടാൻ ഞങ്ങൾക്ക് ഇഷ്ടമായിരുന്നില്ല. മാത്രമല്ല ഞങ്ങളുടെ മുന്നിൽ പല പല ഉദാഹരണങ്ങളുമുണ്ടായിരുന്നു.
നമുക്ക് ഒരുമിച്ച് സൗഹൃദപരമായി മുന്നോട്ട് നടക്കാൻ കഴിയുന്നില്ലെങ്കിൽ, നമുക്ക് വേറിട്ട് നടക്കാം എന്ന് തീരുമാനിച്ചു. പക്ഷേ സൗഹാർദ്ദപരമായി ആ ബന്ധം തുടരാം.
അങ്ങനെ സൗഹൃദത്തോടെയാണ് ഞങ്ങൾ പിരിഞ്ഞത്. മകന്റെ അടുത്തും സുഹൃത്തുക്കളുടെ അടുത്തും ബന്ധുക്കളുടെ അടുത്തുമൊക്കെ സംസാരിച്ച ശേഷമാണ് പിരിയാൻ തീരുമാനിച്ചത്.
എനിക്ക് ആരുടെയെങ്കിലും കൂടെ യാത്ര ചെയ്യാൻ ആഗ്രഹമുള്ളതിനാൽ വീണ്ടും വിവാഹം കഴിക്കണമെന്നു തോന്നി. എനിക്ക് അപ്പോൾ പ്രായം 55 വയസായിരുന്നു, എനിക്ക് ആരെയെങ്കിലും വിവാഹം കഴിക്കണമെന്ന് ഞാൻ ലോകത്തോടു പറഞ്ഞു.

അപ്പോഴാണ് ഞാൻ റൂപാലി ബറുവയെ പരിചയപ്പെടുന്നത്. ഞങ്ങൾ ചാറ്റ് ചെയ്തു, ഒരു വർഷം മുമ്പ് ഞങ്ങൾ കണ്ടുമുട്ടി, ഞങ്ങൾ പരസ്പരം രസകരമായ കാര്യങ്ങൾ കണ്ടെത്തി, ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് നടക്കാമെന്ന് ഞങ്ങൾ കരുതി.
അതിനാൽ ഞാനും റൂപാലിയും വിവാഹിതരായി. അവൾക്ക് 50, എനിക്ക് 57, 60 അല്ല. പക്ഷേ എന്റെ സുഹൃത്തിന് പ്രായം പ്രശ്നമല്ല. പ്രായഭേദമന്യേ നമുക്കോരോരുത്തർക്കും സന്തോഷിക്കാം.
നമുക്ക് മുന്നോട്ടുനീങ്ങിക്കൊണ്ടിരിക്കാം. ആളുകൾ അവരുടെ ജീവിതം എങ്ങനെ ജീവിക്കുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം.
ഓരോരുത്തരും വ്യത്യസ്തരാണ്, ഉത്തരവാദിത്വങ്ങൾ നിറവേറ്റി സന്തോഷവാനായിരിക്കാൻ അവർക്കു കഴിയട്ടെ, ആ ജീവിതങ്ങളെ നമുക്ക് ബഹുമാനിക്കാം. ആശിഷ് വിദ്യാർഥി പറഞ്ഞു.
സിഐഡി മൂസ, ചെസ്, ബാച്ചിലർ പാർട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ ആശിഷ് വിദ്യാർഥി വ്യാഴാഴ്ചയാണ് പുനർവിവാഹിതനായത്.
ആസാം ഗോഹട്ടി സ്വദേശിനിയും ഫാഷൻ ഡിസൈനറുമായ രൂപാലി ബറുവയാണ് ആശിഷിന്റെ വധു. വ്യാഴാഴ്ച കോൽക്കത്തയിൽ വച്ചായിരുന്നു വിവാഹം.