അഞ്ചുവർഷം വരുമാനം ഒന്നുമില്ലാതെ വീട്ടിലിരുന്നു; ആരും വിളിച്ചില്ല; ശാന്തകുമാരി പറയുന്നു
Friday, May 26, 2023 12:07 PM IST
അഞ്ചുവർഷത്തോളം സിനിമകളൊന്നുമില്ലാതെ വീട്ടിലിരുന്ന അനുഭവം തുറന്നു പറഞ്ഞ് നടി ശാന്തകുമാരി. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു കിടപ്പിലാണെന്നു പ്രചരിപ്പിച്ചിക്കുകയാണെന്നും അതിനാൽ തന്നെ ആരും സിനിമയിലേക്ക് വിളിച്ചില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശാന്തകുമാരി പറയുന്നു.
വീടില്ലാതെ ഹോസ്റ്റലിൽ 13 വർഷം താമസിച്ചെന്നും ദിലീപാണ് തന്നെ കണ്ടെത്തി വീട് പണിത് തന്നതെന്നും അവർ പറയുന്നു.
എനിക്ക് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞെന്നു പറഞ്ഞു പ്രചരിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട്, എന്നെ ഇപ്പോൾ ആരും വിളിക്കാറില്ല. എനിക്കറിയില്ലായിരുന്നു. അഞ്ചു വർഷമാണ് ഞാൻ വീട്ടിലിരുന്നത്.
ഒറ്റ ആളും വിളിക്കാറില്ല. ഒരു വരുമാനവുമില്ല. പല പ്രൊഡക്ഷൻ കൺട്രോളർമാരും ആഹാരം കൊണ്ടുവന്നു തരും. 13 വർഷം ഞാൻ ഹോസ്റ്റലിൽ ആയിരുന്നു.
ഈ 13 വർഷവും ഓരോരുത്തരായി എനിക്ക് ആഹാരം എത്തിച്ചു തന്നു. ഞാൻ എറണാകുളത്തു തന്നെ ഉണ്ടായിരുന്നു. ദിലീപ് എന്നെ കണ്ടെത്തി. അങ്ങനെയാണ് എനിക്ക് വീടുണ്ടാകുന്നത്. ഇപ്പോൾ കുഴപ്പമൊന്നുമില്ല. ശാന്തകുമാരിയുടെ വാക്കുകൾ.
ഈയടുത്ത് തിയറ്ററിലെത്തിയ ഹിറ്റ് ചിത്രം 2018ൽ പ്രധാനവേഷത്തിൽ ശാന്തകുമാരി എത്തിയിരുന്നു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം വൻ വിജയം നേടി മുന്നേറുകയാണ്.