ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹം; ചർച്ചയായി ആദ്യഭാര്യയുടെ കുറിപ്പ്
Friday, May 26, 2023 10:01 AM IST
നടൻ ആശിഷ് വിദ്യാർഥിയുടെയും ഫാഷൻ സ്റ്റൈലിസ്റ്റ് രൂപാലി ബറുവയുടെ വിവാഹമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. അറുപതുകാരനായ താരത്തിന്റെ രണ്ടാം വിവാഹമാണിത്. വധു രൂപാലിയ്ക്ക് അൻപതുവയസുമാണ് പ്രായം.
എന്നാൽ ഇവരുടെ വിവാഹവാർത്ത വന്നതിന് പിന്നാലെ ആദ്യ ഭാര്യ രജോഷി ഇൻസ്റ്റഗ്രാമിൽ കുറിച്ച വരികളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി രണ്ട് കുറിപ്പുകളാണ് രജോഷി പോസ്റ്റ് ചെയ്തത്. ഇതിലൊന്നിൽ എഴുതിയിരിക്കുന്നത് മനസ്സിനേറ്റ മുറിവിനെക്കുറിച്ചാണ്.

‘‘ജീവിതത്തിലെ ശരിയായ ആൾ, നിങ്ങൾ അവർക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തിൽ നിങ്ങളെ ചോദ്യം ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുമെന്ന് അവർക്കറിയാവുന്ന കാര്യങ്ങൾ അവർ ചെയ്യില്ല. അത് ഓർക്കുക.’’. രജോഷി കുറിച്ചു.
രണ്ടാമത്തെ പോസ്റ്റ് അമിത ചിന്തയുടെ കാരണങ്ങൾ ഇല്ലാതാക്കി ജീവിതത്തിൽ സമാധാനവും ശാന്തതയും കണ്ടെത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നു.

അമിതചിന്തയും സംശയവും മനസ്സിൽ നിന്ന് പുറത്തുപോകട്ടെ. ആശയക്കുഴപ്പത്തിന് പകരം വ്യക്തത വരട്ടെ. സമാധാനവും ശാന്തതയും നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ. നിങ്ങൾ ശക്തനാണ്, നിങ്ങളുടെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ തുടങ്ങേണ്ട സമയമാണിത്. നിങ്ങൾ അത് അർഹിക്കുന്നു.
ഹിന്ദി സീരിയലുകളിലൂടെ അഭിനയരംഗത്തും സജീവമായ വ്യക്തിയാണ് രജോഷി. പ്രശസ്ത ബംഗാളി നടി ശകുന്തള ബറുവയുടെ മകളാണ് രജോഷി. ആദ്യ വിവാഹത്തിൽ ആശിഷ് -രജോഷി ദന്പതികൾ ഒരു മകനാണുള്ളത്. ആർത് വിദ്യാർഥി.
മകൻ ഇപ്പോൾ അമേരിക്കയിൽ പഠിക്കുകയാണ്. രജോഷി ബറുവയിൽ നിന്നും വിവാഹമോചനം നേടിയ ശേഷമാണ് ആശിഷ് വീണ്ടും വിവാഹിതനായതെന്നും രണ്ടാം വിവാഹത്തിന് മകന്റെ അനുവാദം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.