കാർത്തിയുടെ നായികയായി അനു ഇമ്മാനുവേൽ; ജപ്പാൻ ടീസർ
Thursday, May 25, 2023 11:52 AM IST
കാർത്തിയെ നായകനാക്കി രാജു മുരുകൻ രചനയും സംവിധാനം നിർവഹിക്കുന്ന ജപ്പാന് എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ പുറത്തിറക്കിയത്.
വേറിട്ട ലുക്കിലാണ് കാർത്തി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളിയായ അനു ഇമ്മാനുവലാണ് നായിക. തെലുങ്ക് നടൻ സുനില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നു.
ഡ്രീം വാരിയർ പിക്ചർസ് നിർമിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ജപ്പാൻ. എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ. പ്രഭു എന്നിവരാണ് നിർമാണം. കാർത്തിയുടെ 25-മത്തെ സിനിമയായ ജപ്പാൻ വലിയ ബജറ്റിലാണ് അണിയിച്ചൊരുക്കുന്നത്.
ഗോലി സോഡ, കടുക് എന്നീ സിനിമകൾ സംവിധാനം ചെയ്ത ഛായഗ്രാഹകൻ വിജയ് മിൽടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ.
പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വർമനാണ് ഛായാഗ്രാഹകൻ. അനൽ-അരസ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. പിആർഒ: സി.കെ. അജയ് കുമാർ. ചിത്രം ദീപാവലി റിലീസായി തിയറ്ററുകളിലെത്തും.