ധ്യാനിന്റെ അഭിമുഖങ്ങൾ കാണാറില്ല; സങ്കടം വരും: അമ്മ വിമല
Tuesday, May 23, 2023 3:21 PM IST
ധ്യാൻ ശ്രീനിവാസൻ നൽകുന്ന ചില അഭിമുഖങ്ങൾ കാണുമ്പോൾ സങ്കടം വരാറുണ്ടെന്ന് അമ്മ വിമല. ധ്യാനിന്റെ സംസാരം ആളുകൾ തമാശ രൂപത്തിലാണ് എടുക്കുന്നതെന്നും എന്നാൽ ചിലപ്പോൾ കാണുന്പോൾ സങ്കടം വരുമെന്നും വിമല പറഞ്ഞു.
കുട്ടിക്കാലത്ത് വിനീതിനെക്കാൾ നന്നായി പഠിക്കുന്ന കുട്ടി ധ്യാനായിരുന്നുവെന്നും തനിക്ക് അത്ര സുഖകരമായി തോന്നാത്തതുകൊണ്ടാണ് അഭിമുഖങ്ങൾ കാണാത്തതെന്നും മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ വിമല ശ്രീനിവാസൻ പറഞ്ഞു.
ധ്യാൻ നൽകുന്ന അഭിമുഖങ്ങള് കാണാറുണ്ട്. ചിലതൊക്കെ കേൾക്കുമ്പോ സങ്കടം വരും. അതുകൊണ്ട് എല്ലാം കാണില്ല. അവന്റെ സംസാരം ആളുകൾ തമാശ രൂപത്തിലാണ് എടുക്കുന്നത്. ശ്രീനിവാസൻ ചേട്ടൻ ആശുപത്രിയിൽ കിടക്കുമ്പോൾ പൊറോട്ട വേണമെന്നു പറഞ്ഞിട്ടില്ല.
അത് അവൻ തമാശയ്ക്കു പറഞ്ഞതാണ്. പണ്ടുമുതലേ പൊറോട്ട വീട്ടിൽ കയറ്റില്ല. അങ്ങനെ മോശം സാധനം കഴിക്കാൻ ഞാൻ പിന്തുണ കൊടുക്കില്ല. മൈദ കൊണ്ടുണ്ടാക്കുന്നതല്ലേ, ഒരു പൊറോട്ട കഴിച്ചാൽ പത്തു ഗ്ലാസ് വെള്ളം കുടിച്ചാലേ വയർ ശരിയാകൂ.
അതുകൊണ്ട് ഞാൻ അത് കഴിക്കരുതെന്നാണ് പറയുന്നത്. പുറത്തു പോകുമ്പോൾ വല്ലപ്പോഴും ഒരു പൊറോട്ട കഴിച്ചാലായി.
ചിലപ്പോൾ ധ്യാൻ, ‘അമ്മയ്ക്ക് എന്താ വേണ്ടത്’ എന്നു ചോദിച്ചപ്പോൾ ഒരു പൊറോട്ടയെന്നു പറഞ്ഞുകാണും, അതാണ് അവൻ അങ്ങനെ പറയുന്നത്.
അവൻ ചെറുപ്പത്തിൽ പഠിക്കാൻ മിടുക്കനായിരുന്നു. വിനീതിനെക്കാൾ ഷാർപ് ബ്രെയിൻ ആയിരുന്നു. അച്ഛൻ തന്നെ അവനൊരു പ്രൈസ് കൊടുക്കുന്ന ഫോട്ടോ ഉണ്ട്. ആ സമയത്ത് വിനീതിന് മാപ്പിള പാട്ടിന് സ്കൂൾ യൂത്ത്ഫെസ്റ്റിവലിൽ സ്റ്റേറ്റ് പ്രൈസ് കിട്ടിയിരുന്നു.
അച്ഛൻ തന്നെയാണ് രണ്ടുപേർക്കും അവാർഡ് നൽകിയത്. വിമല പറയുന്നു. അതേസമയം, ധ്യാൻ എന്തിനെപ്പറ്റി പറഞ്ഞതാണ് വിഷമിപ്പിച്ചതെന്ന് അവതാരകൻ ചോദിച്ചിട്ടും വിമല ശ്രീനിവാസൻ വ്യക്തമാക്കിയില്ല.