ചിരിയിൽ തുന്നിയ മൂടുപടം
സി. വിനോദ് കൃഷ്ണൻ
Monday, March 27, 2023 12:14 PM IST
ഇന്നസെന്റ് എന്ന പേരുതന്നെ ചിരിയുടെ പര്യായമായി മറ്റുള്ളവർ കരുതുന്പോൾ അതിനെ സൗകര്യപൂർവം പരിചയാക്കി ഉപയോഗിക്കുകയായിരുന്നു ഇന്നസെന്റ് എന്ന വ്യക്തി. ഫലിതത്തിൽ ചാലിച്ചാൽ എന്തും ആരോടും പറയാമെന്ന് ഇന്നസെന്റ് വ്യക്തമാക്കിയിട്ടുമുണ്ട്.
അപ്രിയ സത്യം ഹാസ്യത്തിന്റെ മേന്പൊടിചേർത്തു പറയുന്പോൾ ആസ്വദിക്കാനേ തോന്നുവെന്നതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇന്നസെന്റ്. ചെറുതായാലും വലുതായാലും തമ്മിൽ ചേരാത്ത ഈഗോയുള്ള താരങ്ങളെ ഒരു കുടക്കീഴിലാക്കുന്ന അമ്മ എന്ന സംഘടനയുടെ ഏറ്റവും അധികം കാലം പ്രസിഡന്റ് പദവി വഹിച്ചത് ഇന്നസെന്റാവുന്നതിനു കാരണം ആദ്യംപറഞ്ഞ രസതന്ത്രജ്ഞതയാണ്.
എല്ലാ താരങ്ങളേയും ഒന്നിപ്പിച്ച് ട്വന്റി ട്വന്റി എന്ന ചിത്രം നിർമിച്ചത് നടൻ ദിലീപാണെങ്കിലും ചിത്രം സാധിപ്പിച്ചെടുത്തത് ഇന്നസെന്റിന്റെ നയതന്ത്രമാണ്. ഒരാളെ ഒറ്റനോട്ടത്തിൽ മനസിലാക്കാൻ കഴിവുള്ള തനിക്ക് ഒരാളുടെ കാര്യത്തിൽമാത്രമേ തെറ്റു പറ്റിയിട്ടുള്ളൂ എന്ന് നടൻ നെടുമുടി വേണു പറഞ്ഞിട്ടുണ്ട്. അത് ഇന്നസെന്റിന്റെ കാര്യത്തിലാണ്.
ഇയാളെ ആദ്യം കണ്ടപ്പോൾ കോളജ് പ്രഫസറായിരിക്കും എന്നാണത്രെ നെടുമുടി കരുതിയത്. അത്രക്കായിരുന്നു ഇന്നസെന്റിന്റെ ലോക പരിചയം. സിനിമയിലും താമാശയായി പറഞ്ഞുപോകേണ്ട പേരാണോ ഇന്നസെന്റ്, അല്ലേയല്ല.
ഈ നടന്റെ ചലച്ചിത്ര ജീവിതം സൂക്ഷ്മപരിശോധന നടത്തേണ്ട ഒന്നാണ്. ഫാസിലും പ്രിയദർശനും സത്യൻ അന്തിക്കാടും കമലും സിദ്ദിഖ്ലാലും മാത്രം ഉപയോഗിച്ച നടനല്ല ഇന്നസെന്റ്. സേതുമാധവൻ, രാമു കാര്യാട്ട്, ജി. അരവിന്ദൻ, കെ.ജി. ജോർജ് തുടങ്ങിയ സംവിധായകർ ഈ നടന്റെ ഗൗരവമുഖം ഉപയോഗിച്ചിട്ടുണ്ട്.
ഐ.വി. ശശി, ഭരതൻ, പത്മരാജൻ, മോഹൻ, ജേസി തുടങ്ങി മധ്യവർത്തി ചലച്ചിത്ര പ്രതിഭകളുടേയും ഇഷ്ടനടനായിരുന്നു ഇന്നസെന്റ്. ഇവരാരുംതന്നെ ഏതെങ്കിലുമൊരു വേഷത്തിലല്ല ഇന്നസെന്റിനെ അഭിനയിപ്പിച്ചത്.
ഒരുപക്ഷെ ഇത്രയധികം വ്യത്യസ്ത സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിച്ച മറ്റൊരു നടനും ഉണ്ടാകില്ല. അരവിന്ദന്റെ ഒരിടത്തിലെ ഡോക്ടറും ജോർജിന്റെ പഞ്ചവടിപ്പാലത്തിലെ ബറാബാസും ഭരതന്റെ കേളിയിലെ ലാസർ മുതലാളിയും പദ്മരാജന്റെ ഇന്നലെയിലെ ശങ്കരപ്പിള്ളയും എല്ലാം ചിത്രത്തോടൊപ്പം മനസിൽ എന്നും തങ്ങിനിൽക്കുന്നവയാണ്.
ഹാസ്യവും കുടുംബകഥകളും മാത്രമല്ലായിരുന്നു ഈ നടന്റെ പട്ടികയിൽ. ആക്ഷൻ ചിത്രങ്ങളുടെ തന്പുരാക്കൻമാരായിരുന്ന ജോഷിയും ഷാജി കൈലാസും തുടർച്ചയായി തങ്ങളുടെ ചിത്രങ്ങളിൽ ഇന്നസെന്റിനെ പങ്കെടുപ്പിച്ചിരുന്നു. ഇതുകൊണ്ടെല്ലാം ഇന്നസെന്റിന് ഏതുവേഷവും അനായാസമായിരുന്നു. ഏതു സംവിധായകനും നടനും വിശ്വാസമായിരുന്നു.
ഇന്നസെന്റിന്റെ സമകാലീനനായിരുന്ന ജഗതി ശ്രീകുമാറിനുപോലും ആ അവസരം ലഭിച്ചില്ല. ഇന്നസെന്റ് അവതരിപ്പിച്ച മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും അടക്കമുള്ള അച്ഛൻ വേഷങ്ങളാണ് അതിനു തെളിവ്. എത്ര നല്ല സിനിമ ആയിരുന്നാലും എത്ര പ്രധാന വേഷമായിരുന്നാലും എത്ര വലിയ നടനോടൊപ്പമായിരുന്നാലും തനിക്കു വേണ്ട എന്നു തോന്നിയാൽ ഇന്നസെന്റ് അഭിനയിക്കില്ലായിരുന്നു.
തൊമ്മനും മക്കളും സിനിമയിലെ രാജൻ പി. ദേവിന്റെ കഥാപാത്രംപോലെ ഇന്നസെന്റ് ഒഴിവാക്കിയ ചിത്രങ്ങളുടെ പട്ടികയും വലുതാണ്. ഇന്നസെന്റിന്റെ ഏറ്റവും പ്രശസ്തമായ റാംജി റാവുവിലെ മാന്നാർ മത്തായി വരെ തിരക്കുമൂലം ഈ നടൻ ഒഴിവാക്കിയതാണ്. ഒടുവിൽ നടൻ മുകേഷിന്റെ നിർബന്ധത്താലാണ് അഭിനയിച്ചത്.
ഒരുഘട്ടം കഴിഞ്ഞപ്പോൾ കുടുംബജീവിതത്തിനും പ്രാധാന്യം കൊടുത്ത് ഇന്നസെന്റ് ചിത്രങ്ങളുടെ എണ്ണം വളരെ കുറച്ചു. അതോടെ ഇന്നസെന്റിന്റെ കഥാപാത്രങ്ങൾ കൂടുതൽ തിളങ്ങുകയാണുണ്ടായത്.