"അപ്പോൾ എങ്ങനാ... ഉറപ്പിക്കാവോ?.' ആടുതോമ വരുന്നു; ഫെബ്രുവരിയിൽ
Tuesday, November 29, 2022 11:35 AM IST
28 വർഷത്തിനിപ്പുറം ഭദ്രൻ-മോഹൻലാൽ കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രം ആടുതോമ വീണ്ടും വരുന്നു. സ്ഫടികം സിനിമയുടെ റി മാസ്റ്റർ ചെയ്ത പുതിയ പതിപ്പാണ് പുറത്തിറങ്ങുന്നത്. 4കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദ വിന്യാസത്തോടെയും 2023 ഫെബ്രുവരി ഒൻപതിന് ചിത്രം റിലീസിനെത്തും. മോഹൻലാലാണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്.
എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എന്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം ഒന്‍പതിന് സ്ഫടികം 4k Atmos എത്തുന്നു.
ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്...'അപ്പോൾ എങ്ങനാ... ഉറപ്പിക്കാവോ?.' മോഹൻലാൽ കുറിച്ചു.
പഴയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തെളിവോടെ 4 കെ അറ്റ്മോസ് മിക്സിലാണ് സ്ഫടികം വരുന്നത്. ചെന്നൈയില്‍ പ്രിയദര്‍ശന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ വെച്ചാണ് ചിത്രത്തിന്റെ റീ മാസ്റ്ററിംഗ് പൂര്‍ത്തിയായത്. ഒരു കോടിയിലധികം രൂപ ചിലവഴിച്ചാണ് പുതിയ പതിപ്പ് എത്തുന്നത്.