സ്നേഹം നിഷേധിക്കപ്പെട്ട എസ്.പി
Friday, September 22, 2017 4:25 AM IST
ചതിയുടെ കളിക്കളത്തിൽ എല്ലാം നഷ്ടപ്പെട്ടവനായിരുന്നു സത്യപ്രതാപൻ. മറ്റാരോ തീർത്ത കളിക്കളത്തിൽ തെറ്റിദ്ധാരണയും വിദ്വേഷവും സടകുടഞ്ഞെഴുന്നേറ്റപ്പോൾ അവനുംവീണുപോയി. എല്ലാം നഷ്ടമായി. എങ്കിലും തോൽക്കാൻ മനസില്ലായിരുന്നു. അവൻ ഒറ്റക്കു പൊരുതി. ഒപ്പം തങ്ങായി അമ്മാവൻ പരമേശ്വര മാമനുണ്ടായിരുന്നു. സത്യങ്ങളും അസത്യങ്ങളും മാറിമറിഞ്ഞപ്പോൾ സ്നേഹിച്ച മനസ് പോലും പകകൊണ്ട് അന്ധമായി മാറി. ഒരുകാലത്ത് ആരെല്ലാമൊക്കെയോ ആയിരുന്നവൾ ഇന്ന് അവന്റെ നാശത്തിനായി വെല്ലുവിളിക്കുന്നു. അന്നും ഇന്നും സത്യപ്രതാപൻ തോറ്റുപോയത് സ്നേഹത്തിന്റെ പേരിലായിരുന്നു...
മമ്മൂട്ടിയുടെ ശക്തമായ കഥാപാത്രമായിരുന്നു 2003-ൽ റിലീസായ ക്രോണിക് ബച്ച്ലറിലെ എസ്.പി എന്ന സത്യപ്രതാപൻ. കഥയുടെ ദൃഢതയ്ക്കൊപ്പം മമ്മൂട്ടിയുടെ അഭിനയവും സൗന്ദര്യവും മാറ്റുരച്ചപ്പോൾ വലിയ വിജയമാണ് ചിത്രം നേടിയത്. ഹിറ്റ്ലറിലൂടെ മമ്മൂട്ടിക്കു മികച്ച കരിയർ ബ്രേക്കു നൽകിയ സിദ്ധിഖ് വീണ്ടും മമ്മൂട്ടിയുമായി ചേർന്നപ്പോഴും ആ വിജയം ആവർത്തിച്ചു. വലിയ താര നിരയിലെത്തിയ ചിത്രം മമ്മൂട്ടിക്കൊപ്പം ഇന്ദ്രജയുടെ വില്ലൻ വേഷത്തിനും വേദിയൊരുക്കി. കഥാപാത്രത്തിന്റെ ശക്തിയേക്കാൾ കഥ മുന്നിൽ നിൽക്കുന്പോഴും എസ്.പിയായി എത്തിയ മമ്മൂട്ടിയുടെ പ്രകടനമാണ് ചിത്രത്തിനു പ്രേക്ഷക സ്വീകാര്യത നൽകിയത്. വൈകാരികമായി പ്രേക്ഷകരെ തന്റെ കഥാപാത്രങ്ങളോട് എന്നും ചേർത്തു നിർത്തുന്ന മമ്മൂട്ടി എസ്.പിയിലൂടെ അതു ഒരുപടികൂടി മുന്നിലെത്തിച്ചു.
ഫ്ളാഷ് ബാക്കിലൂടെയാണ് സത്യപ്രതാപന്റെ ജീവിതം പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. അന്ന് അവൻ സ്നേഹിച്ച പെണ്കുട്ടിയായിരുന്നു ഭവാനി. ഭവാനിയുടെ കസിനെ സത്യപ്രതാപന്റെ സഹേദരിക്കും ഇഷ്ടമായിരുന്നു. എന്നാൽ ഭവാനിയുടെ കസിൻ കൊല്ലപ്പെട്ടത് സത്യപ്രതാപന്റെ അച്ഛനിലേക്കു കുറ്റം ചുമത്തി. സഹോദരി ആത്മഹത്യ ചെയ്യുന്നതോടെ അവന്റെ മനസിൽ അച്ഛനും ശത്രുവായി മാറി. പിന്നീട് സ്വത്തിന്റെയും ഫാക്ടറിയുടേയും ഇടപാടിലേക്കു ഭവാനിയേയും ഒപ്പം കൂട്ടി. എന്നാൽ കൗശലക്കാരനായ ഭവാനിയുടെ അച്ഛൻ അവന്റെ സന്പാദ്യമെല്ലാം കരസ്ഥമാക്കി. അമ്മാവനൊപ്പം കൊലപാതകത്തിന്റെ ചുരുൾ തേടിപ്പോകുന്ന അവൻ ഭവാനിയുടെ അച്ഛന്റെ ചതി തിരിച്ചറിയുന്നു. എന്നാൽ ഭവാനി അവനെ വിശ്വസിക്കാൻ കൂട്ടാക്കാതെ ശത്രുവായി മാറി. അമ്മയുടെ മരണത്തോടെ തനിച്ചാവുന്ന സത്യപ്രതാപൻ അച്ഛനു മറ്റൊരു സ്ത്രീയിലുള്ള മകളെ കാണാൻ ചെന്നു. എന്നാൽ ഒരു ശത്രുവിനോടെന്നവണ്ണം അവരും പെരുമാറി. തന്റെ ജീവിതത്തിൽ ഇനി ഒരു സ്ത്രീയുമില്ലെന്നു ശപഥം ചെയ്ത് അവൻ ജീവിതത്തിനോട് പടവെട്ടാനാരംഭിച്ചു.
ഇന്നു വലിയ ബിസിനസ് സാമ്രാജ്യത്തിനുടമയാണ് എസ്.പി. പരമേശ്വര മാമനോടുള്ള കടപ്പാടിന്റെ പേരിൽ മകൻ ശ്രീകുമാറിനെ നന്നാക്കാനായി വീട്ടിലേക്കു കൊണ്ടു വരുന്നു. അവന്റെ ലക്ഷ്യം തന്റെ അർധ സഹോദരി സന്ധ്യയെ പ്രണയിക്കുകയാണെന്നും അറിഞ്ഞിട്ടും അയാൾ കണ്ണടച്ചു. സന്ധ്യയുടെ കൂട്ടുകാരി ഭാമ എസ്.പിയ്ക്കു സന്ധ്യയുമായുള്ള ബന്ധം കണ്ടെത്തുന്നുവെങ്കിലും സ്പോണ്സർ മാത്രമാണെന്നു സന്ധ്യയോട് പറയുന്നു. സന്ധ്യയും ശ്രീകുമാറും ഇഷ്ടത്തിലാകുന്നതോടെ അവരുടെ കല്യാണം നടത്താൻ എസി.പി തീരുമാനിച്ചു. തന്റെ സ്വത്തുക്കൾ സന്ധ്യയ്ക്കുള്ളതാണെന്നും അവൾ സഹോദരിയാണെന്നും ശ്രീകുമാരിന്റെ വീട്ടുകാരെ എസ്.പി അറിയിക്കുന്നത് അവൾ കേൾക്കുന്നു. സഹോദരിക്കു തന്നോട് വെറുപ്പായിരിക്കുമെന്നു കരുതിയ എസ്.പിക്ക് അവിടെ തെറ്റി. അന്നു ശത്രുവായി പറഞ്ഞെങ്കിലും സന്ധ്യയും അമ്മയും എന്നും എസ്.പിയെ സ്നേഹിച്ചിരുന്നു.
കല്യാണം ഉറപ്പിക്കുന്നതോടെ ഭവാനി സന്ധ്യയുടെ മൂത്ത സഹോദരനായ ശേഖരൻകുട്ടിയുമായി വന്നു. ഭവാനിയുടെ സഹോദരൻ ഹരീന്ദ്രനുമായി അവർ കല്യാണം ഉറപ്പിക്കുന്നു. എന്നാൽ ശേഖരൻകുട്ടിക്ക് എസ്.പിയോടുള്ള ദ്വേഷ്യത്തിന്റെ പേരിൽ സന്ധ്യയെ ഉപദ്രവിക്കുന്നതോടെ അവർ തമ്മിൽ സംഘട്ടനമാകുന്നു. ഒരുകാലത്ത് തന്റെ ജീവനായി കണ്ടവൾ ഇന്നു തന്റെ മരണത്തിനായി കൊതിക്കുന്പോൾ, ഭവാനിയുടെ കസിന്റെ മരണത്തിനു പിന്നിൽ അവളുടെ അച്ഛൻ തന്നെയായിരുന്നു എന്ന സത്യം വെളിച്ചത്തു കൊണ്ടുവരുന്നു. എല്ലാവരും സത്യം തിരിച്ചറിഞ്ഞു. എല്ലാവരുടേയും ജീവിതത്തിനെ എസ്.പി സന്തോഷമാക്കിയപ്പോൾ ശപഥത്തിനെ തിരുത്തിക്കുറിച്ച് ഭാമയും അയാളുടെ ജിവിതത്തിലേക്കെത്തി.
മമ്മൂട്ടിയുടെ അവിസ്മരണീയ കഥാപാത്രങ്ങൾ പ്രേക്ഷകർക്കു മുന്പിൽ നിരവധിയുണ്ട്. അതിൽ എന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളുടെ ഒരു പട്ടിക തയാറാക്കിയാൽ അതിൽ എസ്.പിയെ മാറ്റിനിർത്താനാകില്ല എന്നതാണ് വാസ്തവം.
തയാറാക്കിയത്: അനൂപ് ശങ്കർ