അരികെ എന്നും അനുരാധ
Sunday, July 30, 2017 6:02 AM IST
അരികിൽ നിന്ന് പ്രണയം അറിഞ്ഞതാണ് അനുരാധ. അത് അനുഭവിച്ചറിയാൻ അവൾക്കു സാധിച്ചിരുന്നില്ല. എല്ലാം അരികിലുണ്ടായിരുന്നെങ്കിലും അകലെ മാത്രമായിരുന്നു അവളുടെ സ്വപ്നവും പ്രതീക്ഷയുമെല്ലാം. ഒടുവിൽ സൗഹൃദത്തിനും പ്രണയത്തിനുമിടയിലെ അനുഭൂതിയിൽ, ഒരു പ്രതീക്ഷയോടെയാണവൾ തിരിഞ്ഞു നോക്കിയത്. അവിടെ ശാന്തനുവിന്റെ കണ്ണുകൾ അവൾക്കായി കാത്തിരിപ്പുണ്ടായിരുന്നു.
കല്ലുകൊണ്ടൊരു പെണ്ണ്, അഗ്നിസാക്ഷി, അകലെ, ഒരേ കടൽ, ഇലക്ട്ര തുടങ്ങിയ തന്റെ ഓരോ സിനിമകളിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ഒരുക്കുന്ന സംവിധായകനാണ് ശ്യമ പ്രസാദ്. പതിവു ചിത്രങ്ങളിൽ നിന്നൊക്കെ മാറി സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും മറ്റൊരു ഇടങ്ങളിലൂടെ സഞ്ചരിക്കുന്ന അനുരാധയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു അരികെ.
അനുരാധ, ശാന്തനു, കല്പന എന്നീ മൂന്നു പേരിലൂടെ സഞ്ചരിക്കുന്ന ചിത്രം സ്നേഹത്തിന്റെ മൂന്നു വ്യത്യസ്തങ്ങളായ അനുഭവമാണ് പ്രേക്ഷകർക്കു പകരുന്നത്. മംമ്ത മോഹൻദാസ്, ദിലീപ്, സംവൃത സുനിൽ എന്നിവരാണ് ആ കഥാപാത്രങ്ങളായെത്തിയത്. നിഷേധിക്കപ്പെട്ട സ്നേഹാനുഭവത്താൽ ഈ ലോകത്തു സ്നേഹമില്ലെന്നു വിശ്വസിക്കുന്നവളാണ് അനുരാധ. സുഹൃത്തായ കല്പനയാകട്ടെ സ്നേഹം ഒരു തമാശയായി കാണുന്നു. കല്പനയുടെ കാമുകനായ ശാന്തനു ക്രൂരമായി നിഷേധിക്കപ്പെട്ടിട്ടും സ്നേഹത്തിൽ പിന്നെയും വിശ്വസിക്കുന്നവനാണ്.
ഒറ്റപ്പെടലിന്റേയും കാത്തിരിപ്പിന്റേയും ഇരയായിത്തീർന്നവളാണ് അനുരാധ. കല്പനയുടേയും ശാന്തനുവിന്റേയും പ്രണയത്തിനിടയിലെ മധ്യവർത്തിതയുമാണ് അവൾ. മംമ്ത മോഹൻദാസിന്റെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് അരികെയിലെ അനുരാധ. ലോകത്തിനോടു മുഴുവൻ വിരക്തിയാണ് അവളുടെ മനസിൽ. അനുരാധയുടെ മനസിൽ ഇന്നും അവളുടെ കോളജ് പഠന കാലത്തെ പ്രണയത്തിന്റെ ഓർമ്മകളുണ്ട്. കാത്തിരിപ്പിന്റെ അവശേഷിപ്പുണ്ട്.
കുറച്ച് അന്തർമുഖനും അബ്രാഹ്മണനും ഇടത്തരം സാന്പത്തിക ജീവിതാവസ്ഥയിലൂടെ പോകുന്ന ശാന്തനുവും സന്പന്ന ബ്രാഹ്മണ കുടുംബത്തിലേതും ശാന്തനുവിനു നേരെ വിപരീത സ്വഭാവമുള്ള കല്പനയുടേയും പ്രണയത്തിനരുകിലാണ് അനുരാധ. എന്നാൽ ഏറെ നിഗൂഢതകളിലൂടെയാണ് അവളുടെ ജീവിതം. അനുഭവമാണ് ഈ ലോകത്തിൽ സ്നേഹമില്ലെന്ന് അവളെ പഠിപ്പിച്ചത്. തന്നെ നോക്കുന്ന ലോകത്തിന്റെ കണ്ണുകളിലും കാമത്തിന്റെ നിഴലുകൾ മാത്രമാണ് അവൾ കണ്ടത്. അയൽപക്കത്തെ പയ്യനിൽ, വഴിയരികിലെ മുഖങ്ങളിൽ, സുഹൃത്തിന്റെ ഭർത്താവിൽ എല്ലാം ആ അനുഭവം മാത്രം. എന്നാൽ ശാന്തനുവിന്റേയും കല്പനയുടേയും പ്രണയം അവളിൽ സന്തോഷം നൽകുന്നു. ഈ ലോകത്തിൽ സ്നേഹമില്ലെന്നു പറയുന്പോഴും ഒരു സ്നേഹം കൊതിക്കുന്ന മനസാണ് അവളുടേതെന്ന് അനുരാധ പറയാതെ പറയുന്നു.
ശാന്തനുവിന്റെ പ്രണയ കത്തുകൾക്കു കല്പന മറുപടിയെഴുതിക്കുന്നത് അനുരാധയെക്കൊണ്ടാണ്. അതുകൊണ്ടുതന്നെ ശാന്തനുവിനെ കല്പനയേക്കാൾ അനുരാധയ്ക്ക് അറിയാമായിരുന്നു. ഒരിക്കൽ ശാന്തനുവിനെ കാണാൻ കല്പനയ്ക്കൊപ്പം എത്തുന്പോൾ തലേന്നുവരെ അയാൾക്കു പനിയായിരുന്നോ എന്നു ചോദിച്ചറിയുന്നത് അനുരാധയാണ്. എന്നാൽ അവരുടെ ഇടയിൽ നിന്നു മാറിനിൽക്കാൻ ശ്രമിക്കുകയും ചെയ്തു. ഒരിക്കൽ തങ്ങൾക്കൊപ്പം സമയം ചിലവഴിക്കാൻ ശാന്തനുവും അനുരാധയെ വിളിക്കുന്പോൾ അതു നിഷേധിച്ച് നടന്നു നീങ്ങുന്നു. എങ്കിലും ഒരു പുനർചിന്തയിൽ തിരിഞ്ഞു നോക്കുന്പോൾ തനിക്കായി കാത്തിരിക്കുന്ന ശാന്തനുവിനെ പ്രതീക്ഷിച്ചെങ്കിലും ശൂന്യതയായിരുന്നു മിച്ചം. അപ്പോഴും അവൾ സ്വയം പുഞ്ചിരിച്ചു.
പിന്നീട് കല്പനയുടെ സ്നേഹം നഷ്ടപ്പെട്ടു നിൽക്കുന്ന ശാന്തനുവിനെ ആശ്വസിപ്പിക്കാൻ ആ കടൽത്തീരത്ത് അവളെത്തി. ആശ്വാസത്തിന്റേയും നിർവികാരതയുടേയും ഒടുവിൽ ശാന്തനുവിനു തന്റെയുള്ളിലെവിടയോ അറിയാതെ കിടന്ന അനുരാധയോടുള്ള സ്നേഹത്തിനെ തിരിച്ചറിയുന്നു. എന്നാൽ അവളുടെ ചിന്തയിൽ ലോകത്തിനോടുള്ള വിരക്തി അവിടെ നിന്നും പെട്ടെന്നു നടന്നു പോകാൻ പ്രേരിപ്പിച്ചു. ശാന്തനു തന്റെ അരികിലുള്ള സ്നേഹത്തിനെ തിരിച്ചറിഞ്ഞപ്പോൾ അനുരാധയിലേക്ക് സ്നേഹത്തിന്റെ പുതിയ സ്പർശമാണ് പകർന്നു കിട്ടുന്നത്. നടന്നകലാൻ ശ്രമിച്ച് പാതിവഴിയിൽ വീണ്ടും അവൾ തിരിഞ്ഞു നോക്കുന്പോൾ ശാന്തനു അവൾക്കു വേണ്ടി പ്രതീക്ഷിച്ചു അവിടെ കാത്തു നിൽക്കുന്നു. ആ നിമിഷം ലോകത്തിനോട് അവൾക്കു സ്നേഹം തോന്നി. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആ മനസ് തയാറായി. അറിയാതെ പോയ അരികിലുള്ള സ്നേഹം ഇരുവരിലേക്കും പകർന്നൊഴുകി.
അനൂപ് ശങ്കർ