നവംബറിന്റെ നഷ്ടമായ മീര
Saturday, September 2, 2017 11:00 AM IST
പ്രകൃതിയുടെ പ്രണയകാലമാണ് നവംബർ മാസം. മഞ്ഞിന്റെ പുതപ്പിനെ പുണർന്ന് വസന്തത്തിന്റെ ആലസ്യത്തിൽ ശിശിരകാലത്തിലേക്കുള്ള പ്രണയ സഞ്ചാരം. എന്നാൽ ആ പ്രണയ നഷ്ടത്തിൽ വിരിയാൻ കാത്തു നിൽക്കാതെ സ്വയം കൊഴിഞ്ഞു വീണൊരു പുഷ്പമായിരുന്നു മീരാ പിള്ള (23 വയസ്). മാനസിക രോഗാശുപത്രിയിലെ 11-ാം നന്പർ സെല്ലിൽ കഴിഞ്ഞ ദിവസം രാത്രി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട പെണ്കുട്ടി. അവൾ നവംബറിന്റെ നഷ്ടകാവ്യം.
മലയാളത്തിൽ നിരവധി സ്ത്രീ കഥാപാത്രങ്ങൾക്കു ജീവൻ പകർന്ന മാധവിയുടെ ശക്തമായ കഥാപാത്രമായിരുന്നു പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടത്തിലെ മീരാ പിള്ള. ബോധമനസിന്റേയും അബോധ മനസിന്റേയും ഇടയിലൂടെയുള്ള യാത്രയിൽ അവർ ബോധത്തിനെ മനപ്പൂർവം മറന്നു, കാരണം തനിക്കു പ്രാണനായവന്റെ കഴുത്തിൽ മരണക്കയർ മുറുക്കുന്പോൾ തന്റെ കൈ വിറക്കാൻ പാടില്ല. സ്വയംഹത്യ ചെയ്യുന്പോൾ മനസിടറാനും പാടില്ല. കാരണം അവൾ വിശ്വസിച്ചിരുന്ന പ്രണയം നഷ്ടമായിരുന്നു അപ്പോഴേക്കും.
കാലഘട്ടത്തിനിപ്പുറം നിന്നും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളെ കാവ്യാത്മകമായി ഒരുക്കുന്ന എഴുത്തുകാരനാണ്പത്മരാജൻ. താൻ ജീവൻ നല്കിയ മിരാ പിള്ള എന്ന കഥാപാത്രത്തിനെ മാധവിയിലേക്കു പ്രതിഷ്ഠിക്കുന്പോൾ കാല്പനികതയുടെ അസ്വാരസ്യങ്ങളും ലൈഗിംകതയുടെ അതിപ്രസരണവുമില്ലാതെ വെള്ളിത്തിരയിൽ പുനരാവിഷ്കരിക്കാൻ പത്മരാജനു കഴിഞ്ഞു. നൊന്പരത്തിപ്പൂവിലെ പത്മിനിയെപ്പോലെ, ആകാശദൂതിലെ ആനിയെ പ്പോലെ ജനഹൃദയങ്ങളിൽ മാധവിക്കു മാത്രം ആടിത്തീർക്കാനാവുന്ന മറ്റൊരു കഥാപാത്രമായിരുന്നു ദാസിനെ പ്രണയിച്ച മീര.
മീരയ്ക്കു സഹോദരനായ ബാലുവാണ് എല്ലാം. ചെറുപ്പത്തിൽ അമ്മ മരിച്ച്, അച്ഛൻ അവരെ ഉപേക്ഷിച്ചു പോയ നാൾ മുതൽ അവളെ വളർത്തിയത് സഹോദരനായ ബാലുവാണ്. കോളേജ് കാന്പസിൽ മീരയ്ക്ക് ഒരു പ്രണയമുണ്ട്. കരിയറിൽ ഏറെ സ്വപ്നം കണ്ടു ബന്ധങ്ങളേക്കാൾ അതിനു പ്രാധാന്യം നൽകിയ ദാസിന്റെ പ്രണയ നാട്യത്തിൽ മീരയും സ്വപ്ന ജീവിയായി മാറി. സഹോദരനോട് അവളതു മറയ്ക്കുന്നുവെങ്കിലും ദാസിനോട് അയാൾ സംസാരിക്കുന്നു.
എന്നാൽ ദാസിന്റെ നിഷേധാത്മകവും കാന്പസ് പ്രണയത്തിന്റെ അർത്ഥമില്ലായ്മയും മീരയുടെ മനസിനു താങ്ങാനാവില്ലെന്നു അയാൾക്കറിയാമായിരുന്നു. എങ്കിലും ദാസിന്റെ വേർപാട് ഒരു കാത്തിരിപ്പായും അതു പിന്നീട് മനസിന്റെ താളം തെറ്റുന്നതിലേക്കും മീരയെ കൊണ്ടെത്തിച്ചു. വർഷങ്ങൾക്കു ശേഷം രോഗം ഭേദമായി മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും തിരിച്ചു വരുന്പോൾ ചേട്ടന്റെ ഭാര്യ അംബിക അവളെ അമ്മയെപോലെ നോക്കാനുണ്ടായിരുന്നു. എന്നാൽ മീരയിലുണ്ടാകുന്ന ഓരോ മാറ്റവും തിരിച്ചറിഞ്ഞ അംബിക അവൾ ഗർഭിണിയാണെന്നു തിരിച്ചറിയുന്നു.
പേരും പ്രശസ്തിയും നേടിയ ദാസാണ് അവളെ ചികിത്സിച്ച മനശാസ്ത്രഞ്ജൻ എന്നു ബാലു അറിയുന്നു. ആശുപത്രിയിലെ അവരുടെ കൂടിക്കാഴ്ചയെപ്പറ്റി മീര പറഞ്ഞറിയുന്നതോടെ ബാലു ദാസിനോട് കാര്യങ്ങൾ വെളിപ്പെടുത്തുന്നു. തനിക്കു വേണ്ടി മാത്രം ജീവിച്ച സഹോദരനെ തനിക്കു പ്രാണനെന്നു കരുതിയവൻ മർദ്ദിച്ചത് വീണ്ടും ആ മനസ് പിടയുന്നതിനു കാരണമായി. പക്ഷേ അതെരിഞ്ഞു തീരുന്നത് അവളുടെ പ്രതികാരത്തിന്റെ കനലുകളിലായിരുന്നുവെന്നു മാത്രം.
അതുവരെ ഹൃദയത്തിനോടു താൻ ചേർത്തു പിടിച്ചവനെ വീണ്ടും കാണാനായി അവൾ ഒരുങ്ങിയിറങ്ങി. ചമയങ്ങൾ അണിഞ്ഞു. പ്രകൃതി ഒരുക്കിയ ഏകാന്തതയിൽ അവർ വീണ്ടും ഒന്നായിത്തീർന്നു. ലഹരിപോൽ അവൾ പടർന്നിറങ്ങിയതിന്റെ ലാസ്യത്തിൽ ഉറങ്ങുന്പോൾ അവന്റെ കഴുത്തിൽ ബെൽറ്റ് മുറുക്കുകയായിരുന്നു മീര. പ്രണയത്തിനപ്പുറം നൈമിഷികമായ ശാരീരിക സുഖത്തിനായി് കാമിച്ചവൻ അവളുടെ തന്നെ കൈപ്പിടിയിലൂടെ മരണം നേടുന്നു.
അവിടെ പ്രേക്ഷകന്റെ മുന്നിൽ മീരയുടെ ജീവിതം തീരുകയായിരുന്നില്ല. ടൈറ്റിൽ കാർഡിലെ വാചകങ്ങളിലൂടെ ഹൃദയത്തിലേക്കു വീണ്ടുമവൾ ആഴ്ന്നിറങ്ങുന്നത് മരണ വാർത്തയിലൂടെയാണ്.
മാനസികാശുപത്രിയിൽ ആ ഇരുണ്ട സെല്ലിൽ നിന്നും നഷ്ടപ്രണയത്തിന്റെ കയ്പു നീരുകുടിക്കാനിടം നൽകാതെ മരണത്തെ വരിച്ചിരിക്കുന്നു. തന്റെ പ്രാണനായവന് താൻ സമ്മാനിച്ച മരണത്തെ അതുപോലെ മറ്റൊരു മുഴം കയറിലോ ഒരു തുണ്ട് തുണിയിലോ... അയത്നലളിതമായ അഭിനയത്തിലൂടെ മീരയായി മാധവി പകർന്നാടിയപ്പോൾ പ്രേക്ഷകർക്ക് അതു കാഴ്ചയ്ക്കപ്പുറം അനുഭവമായി മാറി. കാരണം സഭ്യതയുടെ സൗന്ദര്യമാണ് മീരയായി മുന്നിലെത്തിയത്.
അനൂപ് ശങ്കർ