മികച്ച മലയാള സിനിമകളില്ലാതെ വിഷുക്കാലം
Tuesday, April 13, 2021 7:10 PM IST
ചാനലുകളിൽ മികച്ച മലയാളം സിനിമകളുടെയും പരമ്പരാഗത ആഘോഷ തനിമകളുടെയും അഭാവം ഈ വിഷുവിനുണ്ടാകും. കോവിഡ് വ്യാപനം, റംസാൻ നോമ്പ്, ഐപിഎൽ എന്നിവ ചാനൽ മാർക്കറ്റിംഗ് വ്യവസായത്തിനും വ്യൂവർഷിപ്പിനും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. വിഷുവിന് സംപ്രേഷണം ചെയ്യാനിരുന്ന ദൃശ്യം 2 ന്റെ പിന്മാറ്റം തന്നെ ഇതിന് തെളിവാണ്.
ഏഷ്യാനെറ്റ് ഈ വിഷുവിന് ഒരു സിനിമ മാത്രമാണ് പ്രീമിയർ സിനിമയായി പ്രേക്ഷകരിൽ എത്തിക്കുന്നത്. ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ടിസുനാമി. സീരിയൽ താരങ്ങളും നടൻ അജു വർഗീസും ഒത്തുചേരുന്ന "വിഷു ധമാക്ക' രാവിലെ 11.30നും സ്റ്റാർ സിംഗർ ടീമിന്റെ വിഷു സ്പെഷ്യൽ "കോമഡി സ്റ്റാർ' ഫിനാലെയിലെ തെരഞ്ഞെടുത്ത ഭാഗങ്ങളുടെ പുനസംപ്രേഷണം തുടർന്ന് പതിവ് പരമ്പരകളും "ബിഗ് ബോസ്സ്' വിഷു ആഘോഷങ്ങളും നിറഞ്ഞതാണ് ഏഷ്യാനെറ്റിന്റെ വിഷു കാഴ്ചകൾ.
മഴവിൽ മനോരമയിൽ ഫഹദ് ഫാസിൽ-സത്യൻ അന്തിക്കാട് ടീമിന്റെ "ഞാൻ പ്രകാശൻ' രാവിലെ ഒൻപതിന് സംപ്രേഷണം ചെയ്യു. ചാർളിയുടെ തമിഴ് റീമേക്ക് "മാരാ', ജീത്തു ജോസഫ്-കാർത്തി ടീമിന്റെ തമിഴ് ചിത്രം തമ്പി എന്നീ ചിത്രങ്ങൾക്ക് പുറമേ നടൻ ബാബുരാജ് സംവിധാനം ചെയ്ത ബ്ലാക്ക് കോഫി എന്ന ചിത്രവും സംപ്രേഷണം ചെയ്യും. രാത്രി ഒൻപതിന് "ഉടൻ പണം' റിയാലിറ്റി ഷോ വിഷു സ്പെഷ്യലാണ്.
മികച്ച സിനിമകൾ വിഷുവിന് പ്രേക്ഷകരിൽ എത്തിക്കുന്നത് സൂര്യ ടിവിയാണ്. വൈകുന്നേരം 6.30ന് വിജയ് ചിത്രം "മാസ്റ്റർ' വേൾഡ് ടെലിവിഷൻ റിലീസ് ആണ്. രാവിലെ 9.30ന് ബിജു മേനോൻ ചിത്രം ആദ്യരാത്രി, ഉച്ചക്ക് 12ന് മോഹൻലാലിന്റെ ബിഗ് ബ്രദർ, ഉച്ചകഴിഞ്ഞ് 3.30ന് കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാം പാതിര എന്നീ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തും.
കൈരളി ടിവിയിൽ മറുഭാഷ ഡബിംഗ് ചിത്രങ്ങളായ കൈതി രാവിലെ 9.30നും റോക്കി ഹാൻഡ്സം വൈകുന്നേരം നാലിനും ഡിസ്കോ രാജ രാത്രി ഏഴിനും മലയാളം പറഞ്ഞു പ്രേക്ഷകരിലെത്തും. അമൃത ടിവി യുടെ വിഷു ആഘോഷങ്ങളിൽ മുന്നിൽ നിൽക്കുന്നത് വൈകുന്നേരം 6.45ന് തുടങ്ങുന്ന ജനപ്രിയ നായകൻ ദിലീപ്, ഇന്നസെന്റ്, സലിംകുമാർ, നാദിർഷ, കോട്ടയം നസിർ എന്നിവർ ഒന്നിക്കുന്ന "കോമഡി മാസ്റ്റർ' ഇവന്റ് ഷോയാണ്. കൂടാതെ ബാഹുബലി, രാമലീല, ഗോദ എന്നീ ചിത്രങ്ങളും സംപ്രേഷണം ചെയ്യും. ഫ്ലവഴ്സ് ചാനൽ, സി കേരളവും വിഷു പ്രോഗ്രാമുകൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
പ്രേം ടി. നാഥ്