ടെലിവിഷൻ അവാർഡും മെഗാ സീരിയലുകളും...
Thursday, September 24, 2020 1:29 PM IST
2019ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ടെലിവിഷൻ സീരിയൽ വിഭാഗത്തിൽ ഒറ്റ അവാർഡ് പോലും അർഹത നേടാതെ പോയി. അതിനു കാരണം ഒട്ടും നിലവാരമില്ലാതെ പോയതാണെന്ന് മന്ത്രി എ. കെ. ബാലൻ തന്നെ വാർത്ത സമ്മേളനത്തിൽ എടുത്ത് പറയുകയും ചെയ്തു.
നമ്മുടെ മുഖ്യധാര വിനോദ ചാനലുകളിൽ അതും പ്രൈം ടൈമുകളിൽ സംപ്രേഷണം ചെയുന്ന സീരിയലുകൾക്ക് തന്നെയാണ് അധിപത്യവും മികച്ച റേറ്റിങ്ങും നേടുന്നത്. എന്തു കൊണ്ടാണ് ഈ സീരിയലുകൾ മലയാളി സമൂഹത്തിന്റെ മനസിനോടടുക്കാൻ കാരണമാകുന്നത്?
മലയാളത്തിൽ ദൂരദർശന്റെ ആരംഭകാലത്ത് പതിമൂന്ന് എപ്പിസോഡുകളിൽ നല്ലൊരു കാഴ്ച ശീലമായി തുടങ്ങിയതായിരുന്നു ടെലിവിഷൻ പരമ്പരകൾ. സ്വകാര്യ ചാനലുകളുടെ മലയാളത്തിലേക്കുള്ള വരവും ഈ മേഖല തികച്ചും മത്സരാതിഷ്ഠിതവും ആയപ്പോൾ കഥ മാറുകയായിരുന്നു.
ഉത്തരേന്ത്യൻ ചാനലുകളുടെ ചുവടു പിടിച്ചാണ് അത് ഇപ്പോഴത്തെ മെഗാ പരമ്പരകളായി മാറുന്നത്. മധു മോഹനനും ശ്യം സുന്ദറുമൊക്കെ ഇന്നത്തെ "ശനിദേശ'ക്ക് തുടക്കക്കാരുമായി. അതിന്റെ കുത്തൊഴുക്ക് ഇന്ന് ആയിരം എപ്പിസോഡുകൾ വരെ നീളുന്നത് വലിയ "ഹിറ്റായും'ചാനലുകൾ കണക്കുകൂട്ടുന്നു.
ബംഗാളി, തെലുങ്കു സീരിയലുകളുടെ ഡബ്ബിങ് പരമ്പരകൾക്ക് ഇന്നും നല്ല ഡിമാൻഡ് തന്നെ. ലോക മാധ്യമങ്ങൾ അടക്കം നമ്മുടെ "കൺസൂമർ സ്റ്റേറ്റ്' ന്റെ ബിസിനസ് മാർക്കറ്റ് തന്നെ ആയിരുന്നു ലക്ഷ്യം കണ്ടത്. സിനിമകളൊഴിച് ഒരു വിനോദ പരിപാടിക്കും ഒന്നാം നിരയിലുള്ള ചാനലിന്റെ പരമ്പരകളെ വ്യൂവർഷിപ്പിൽ മറികടക്കാൻ പറ്റുന്നില്ല എന്നതാണ് യാഥാർഥ്യം.
ഇന്നത്തെ സീരിയലുകൾ മികച്ച ബാനറിലും സംവിധായകരിലൂടെയുമാണ് പടച്ചു വിടുന്നത്. സിനിമ പോലെ മാർക്കറ്റിങ്ങിൽ മിനിമം ഗ്യാരണ്ടി ഉറപ്പിക്കുകയാണ് ലക്ഷ്യം. ഓരോ എപ്പിസോഡിലും നേടുന്ന റേറ്റിംഗ് ഗുണം അതിന്റെ നിർമ്മാതാക്കൾക്ക് കൂടി ഷെയർ ചെയ്യുന്ന കരാറുകൾ ചില ചാനലുകൾക്കിടയിലുണ്ട്.
മലയാളിയുടെ സദാചാര ബോധത്തെ കളങ്കം ചാർത്തുന്ന ഏറ്റവും വലിയ നിലവാര തകർച്ച സീരിയലുകളിലൂടെ കടന്നു പോകുന്നു എന്ന വിമർശനം ശക്തമാണ്. പുതുമയും കാമ്പുമില്ലാത്ത പ്രമേയങ്ങൾ, പൈങ്കിളി വൽക്കരണം, കണ്ണു നനയിപ്പിക്കൽ, അവിഹിത ബന്ധങ്ങൾ, അമ്മായി അമ്മ, നാത്തൂൻ മരുമകൾ പോരുകൾ, കുറ്റകൃത്യങ്ങൾ അങ്ങിനെ ദയ തൊട്ടു തീണ്ടാത്ത സ്ത്രീ കഥാപാത്രങ്ങൾക്ക് വൻ ഡിമാൻഡായ് മാറുന്നു.
ഇവിടെയൊക്കെ മുഖ്യ റോളിൽ നമ്മുടെ യുവ തലമുറയും കുട്ടികളും ചോദ്യ ചിഹ്നങ്ങള്ളായി വിജയ ഫോർമുലകളുടെ ഭാഗമാകുന്നത് കാലം മാറിയിട്ടും മാറുന്നില്ല എന്നത് കഷ്ടം തന്നെ.
അങ്ങിനെ വെറും അരാജകത്വങ്ങൾ നിറയുന്ന കഥയും കഥാപാത്രങ്ങളുടേയും ഭൂമികയായ് നമ്മുടെ ചാനലുകൾ മാറുകയാണ്. സീരിയലുകളുടെ മുഖ്യ പ്രേക്ഷകർ സ്ത്രീകളും കുടുംബവും ആണെന്നതാണ് ഏറെ ശ്രെദ്ദേയം. ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിനു മുന്നിൽ സംസ്ഥാന സർക്കാറുകൾ അടക്കം സെൻസെർഷിപ്പുമായി ബന്ധപ്പെട്ട് ഒട്ടെറെ പരാതികൾ വർഷങ്ങളായി നിലനിൽക്കുന്നുണ്ട്.
ഒരു സിനിമകഥ പോലെ സീരിയൽ കഥകൾ പറഞ്ഞു തീർക്കാൻ പറ്റുമോ എന്നത് തന്നെയാണ് ഇനി നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും.
പ്രേംടി.നാഥ്