അച്ഛന്റെ മറുപടിയുമായി പിൻഗാമി
Sunday, September 15, 2019 3:53 PM IST
ഒരു പരാജയത്തിന്റെ രജതജൂബിലിയിലൂടെയാണ് മലയാള സിനിമ ഈ വർഷം കടന്നു പോകുന്നത്. എന്നാൽ തിയറ്ററിൽ പരാജയപ്പെട്ടെങ്കിലും ഇന്നും കാഴ്ചാസ്വാദനത്തിൽ വിസ്മയം സൃഷ്ടിക്കും വിധം സർഗ പ്രതികളുടെ കളിയരങ്ങായിരുന്നു ആ പരാജയ ചിത്രം. പറഞ്ഞു വരുന്നത് 1994 മെയ് മെയ് 27-ന് തിയറ്ററിലെത്തിയ പിൻഗാമി എന്ന ചിത്രത്തെക്കുറിച്ചാണ്. മിനിസ്ക്രീനിൽ ഇന്ന് ഏറെ പ്രേക്ഷകർ ഉള്ള ഈ ചിത്രം അക്കാലത്ത് തിയറ്ററിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല എന്നു പറഞ്ഞാൻ അതു പലർക്കും അതിശയം സൃഷ്ടിക്കും.
പിൻഗാമി എന്ന ചിത്രത്തെക്കുറിച്ച് മലയാളം കണ്ട ഏറ്റവും അണ്ടർ റേറ്റഡ് റിവഞ്ച് ഡ്രാമ എന്ന വിശേഷണമാണ് നൽകാൻ കഴിയുന്നത്. നിഗൂഢതയും പിരിമുറുക്കവും നൽകുന്ന തുടക്കം മുതൽ ആ ചിത്രം പ്രേക്ഷകരെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോവുകയാണ്. സത്യൻ അന്തിക്കാട് എന്ന സംവിധായകനിൽ നിന്നും ഒരിക്കലും പ്രേക്ഷകർ പ്രതീക്ഷിക്കാത്ത കഥാ ട്രാക്കും രഘുനാഥ് പലേരി എന്ന എഴുത്തുകാരന്റെ രചനാ പാടവവും മോഹൻലാൽ അടക്കമുള്ള താരനിരയുടെ ഗംഭീര പ്രകടനവും അണിനിരന്നിട്ടും ചിത്രം അർഹിക്കാത്ത പരാജയമാണ് അന്നു നേടിയത്.
അതിനു കാരണമായി സംവിധായകൻ സത്യൻ അന്തിക്കാട് പിന്നീട് പറഞ്ഞിട്ടുണ്ട്, ഒരു ആഴ്ച വ്യത്യാസത്തിൽ തേന്മാവിൽ കൊന്പത്ത് റിലീസ് ചെയ്തതാണ് പിൻഗാമിയുടെ പരാജയ കാരണമെന്ന്. എന്നാൽ അതുവരെ കാണാത്തതും പിന്നീട് കണ്ടിട്ടില്ലാത്തതുമായ രസതന്ത്രമാണ് ആ ചിത്രം ഇന്നും പ്രേക്ഷകർക്കു പകരുന്നത്.
"ഐ ആം ആൻ ഏജന്റ് ഫ്രം ഹെവൻ’’ എന്നു പറഞ്ഞുകൊണ്ട് തന്തക്കു പിറന്ന വില്ലനെ എതിരിടാൻ എത്തുന്ന തന്തക്കു പിറന്ന മകനാണ് ക്യാപ്റ്റൻ വിജയ് മേനോൻ. തന്റെ അച്ഛന്റെ മറുപടി ശത്രുവിനു നൽകാൻ വന്ന പിൻഗാമിയായിരുന്നു അയാൾ. എന്നാൽ വിജയ് പോലും അറിയാതെ തന്റെ നിയോഗത്തിലേക്കു ചെന്നെത്താൻ കാലം കാത്തുവെച്ചത് കുമാരേട്ടൻ എന്ന ഒരു സാധാരണക്കാരനെയാണ്. നിങ്ങളുടെ ശത്രു ആരായിരുന്നാലും അവർക്കെതിരെ നിങ്ങൾക്കൊരു പിൻഗാ മിയുണ്ട് എന്ന ടാഗ്ലൈൻ അന്വർത്ഥമാക്കുകയായിരുന്നു ചിത്രം.
രഘുനാഥ് പലേരി എഴുതിയ "കുമാരേട്ടൻ പറയാത്ത കഥ’ എന്ന ചെറുകഥയിൽ നിന്നും അദ്ദേഹം തന്നെ രചന ഒരുക്കിയ ചിത്രമായിരുന്നു പിൻഗാമി. ഒരു മാസ് നായകന്റെ ഹീറോയിസ കഥയിലേക്കു വഴുതിമാറാതെ തന്റെ രചനാ പാടവത്താൽ എന്നും മലയാളം ഓർത്തിരിക്കുന്ന ക്ലാസ് സിനിമയാക്കി മാറ്റുകയായിരുന്നു പിൻഗാമിയെ.
മോഹൻലാൽ ക്യാപ്റ്റൻ വിജയ് മേനോൻ എന്ന പിൻഗാമിയായി മാറുന്ന ചിത്രത്തിൽ കുമാരേട്ടനായി തിലകനും ഒപ്പം കനക, ദേവൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ജഗതി, സുകുമാരൻ, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിരയും എത്തുന്നുണ്ട്. നാട്ടിൽ അവധിക്ക് എത്തുന്ന വിജയ് മേനോൻ ആകസ്മികമായി മരണാസന്നനായ കുമാരേട്ടനെ കാണുന്നിടത്താണ് കഥ ആരംഭിക്കുന്നത്. കുമാരേട്ടന്റെ മരണത്തിന്റെ പിന്നിലെ നിഗൂഡതകളിലേക്ക് സഞ്ചരിച്ച വിജയ്യുടെ യാത്ര പിന്നീട് അയാളെ തന്നെ തേടുന്ന യാത്രയായി മാറുകയായിരുന്നു. അവിടെ ശബ്ദത്തിലും നടനത്തിലും പുതിയ ഭാവം കൊണ്ടു വന്നു വിജയ് മേനോനു ജീവൻ പകർന്നപ്പോൾ അതു മറ്റൊരു മോഹൻലാൽ മാജിക്കായി മാറുകയായിരുന്നു.
ഒരുപക്ഷേ, മാസ് ഡയലോഗുകളാൽ കയ്യടി വാങ്ങുന്ന മോഹൻലാലിനെ ക്ലാസാക്കി ഹീറോയിസം അവതരിപ്പിക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ. അതിനായി അളന്നു മുറിച്ചെഴുതിയ സംഭാഷണങ്ങൾ ചിത്രത്തിനു നൽകുന്ന മൂഡും ഓരോ കാഴ്ചയിലും പുതിയ അനുഭവമായി പ്രേക്ഷകർക്കു മാറുകയാണ്.
കുമാരേട്ടന്റെ മരണ കാരണത്തിലൂടെ വിജയ് എത്തുന്നത് തന്റെ അച്ഛനെ കൊലപ്പെടുത്തിയ ഒരുപറ്റം ശത്രുക്കളിലേക്കാണ്. അവിടെ "മുതല’യായി അയാൾ അവതരിച്ചു. അവരിൽ പൂച്ചക്കണ്ണുള്ള വില്ലനേയും കൂട്ടരേയും തന്റെ കളത്തിലേക്ക് എത്തിച്ച് അച്ഛനു വേണ്ടി അവൻ പ്രതികാരം ചെയ്തു. ബാല്യത്തിൽ നഷ്ടപ്പെട്ട അമ്മയേയും സഹോദരിയേയും വീണ്ടെടുത്ത് കുടുംബത്തിലേക്ക് തിരികെ വരുന്പോൾ അവിടെ കൂട്ടിനായി കുമാരേട്ടന്റെ മകൾ ശ്രീദേവിയും ഉണ്ടായിരുന്നു.
"ഇല്ലിപ്പനത്തു നാരായണൻ മകൻ കുമാരാ... ഞാൻ കണ്ടു! നിന്റെ കള്ളത്തരം ഞാൻ കണ്ടു പിടിച്ചു. നിന്റെ മകളെ ഞാൻ കണ്ടു. യു ആർ ആൻ ഇന്നസെന്റ് ഇഡിയറ്റ് സിന്പിൾ റാസ്കൽ’’ എന്നു പറഞ്ഞ് ടിൻ വിജയ് തട്ടിത്തെറിപ്പിക്കുന്പോൾ അതു തടഞ്ഞു നിർത്തി അഭിനന്ദിക്കാൻ ഒരു കുമാരേട്ടനുണ്ടായിരുന്നു. ഒരു പിൻഗാമിയുടെ പാത വെട്ടിത്തെളിക്കാനെത്തിയ അദൃശ്യ ശക്തിയായി...
തയാറാക്കിയത്: അനൂപ് ശങ്കർ