പൂക്കാലം വന്നപ്പോൾ
Sunday, September 15, 2019 3:35 PM IST
ഒരു കുടുംബ ജീവിതത്തിന്റെ വേർപിരിയലിൽ നിസഹായരായി പോകുന്ന കുറച്ചു ബാല്യങ്ങളുണ്ട്. അച്ഛനമ്മമാരുടെ മത്സരത്തിനിടയിൽ അവിടെ തകർന്നു പോകുന്നത് കുഞ്ഞു മനസുകളാണ്. സ്നേഹവും വാൽസല്യവും ആഗ്രഹിക്കുന്ന മനസ് ചുറ്റുമുള്ള ലോകത്തിൽ അതു തേടും. അച്ഛനും അമ്മയും പിരിഞ്ഞ് രണ്ടിടങ്ങളിലായപ്പോൾ ഗീതുമോളുടെ ബാല്യവും പകുത്തെടുക്കുകയായിരുന്നു. അവൾ ആഗ്രഹിച്ച സ്നേഹം അനുഭവിച്ചറിഞ്ഞത് കുറിഞ്ഞിമലയിലെ ഡ്രൈവറങ്കിളിന്റെ കുടുംബത്തിൽ നിന്നും ദേശത്തു നിന്നുമായിരുന്നു.
രഞ്ജിത്തിന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായിരുന്നു ഗീതുമോൾ. അവളുടെ കൂട്ടുകാരനായി മാറി ജീവിതത്തിൽ സന്തോഷവും നിറങ്ങളും പകരുകയായിരുന്നു സ്കൂളിൽ പുതിയതായി എത്തിയ ഡ്രൈവർ. ബേബി ശ്യാമിലി ഗീതുമോളായി എത്തിയപ്പോൾ ജയറാമായിരുന്നു അവളുടെ ഡ്രൈവറങ്കിളിനെ അവതരിപ്പിച്ചത്. മുരളി, ഗീത, ഇന്നസെന്റ്, ജഗതി, രേഖ, സുനിത തുടങ്ങിയ ഒരുപിടി താരങ്ങളും ഒപ്പമെത്തി.
പൂക്കാലം വരവായി എന്ന ചിത്രം ഗീതുമോളുടെ ജീവിതമാണ് പരിചയപ്പെടുത്തിയത്. അവളുടെ ഇണക്കങ്ങളും പിണക്കങ്ങളും കുറുന്പും കുസൃതിയുമെല്ലാം പ്രേക്ഷകരുടേതായി. അവളുടെ നിർബന്ധങ്ങളും വേദനയും കരച്ചിലുമെല്ലാം പ്രേക്ഷകരുടേയും കണ്ണു നിറച്ചു. അച്ഛനും അമ്മയും വേർപിരിയുന്നത് എന്തിനെന്നറിയില്ലെങ്കിലും അതിന്റെ സങ്കടം ഗീതുമോൾക്കുണ്ടായിരുന്നു.
"അങ്കിൾ പ്രോമിസ് ചെയ്തതല്ലേ, ഇപ്പം എന്തിനാ കള്ളം പറയുന്നേ, കള്ളം പറഞ്ഞാൽ കണ്ണു പൊട്ടും...’ എന്നു ഗീതുമോൾ പറഞ്ഞപ്പോൾ മനസു വിങ്ങിയത് ഡ്രൈവറങ്കിളിന്റേത് മാത്രമല്ല, ഓരോ പ്രേക്ഷകന്റേതുമാണ്. കുറിഞ്ഞിമലയിൽ നിന്നും തിരികെ പോകാതിരിക്കാൻ "ഞാൻ പോകില്ലെന്നും പറഞ്ഞ്’ മുത്തച്ഛന്റെയും അമ്മൂമ്മയുടേയും മണിക്കുട്ടിയുടെ അമ്മയുടെ അടുക്കലെല്ലാം കരഞ്ഞ് ചെന്നപ്പോൾ അലിഞ്ഞു പോകാത്ത അമ്മ മനസ് ഏതെങ്കിലും പ്രേക്ഷകനിലുണ്ടായിരുന്നോ? അത്രമാത്രം ഗീതുമോൾ ഓരോ കാഴ്ചക്കാരന്റെയും ഉള്ളിലേക്ക് ഇടം നേടുകയായിരുന്നു.
ആരും കൂട്ടില്ലാത്ത ഗീതുമോളുടെ കുഞ്ഞുമനസിൽ അതുവരെ കാണാത്ത കുറിഞ്ഞിമല ഗ്രാമത്തിന്റെ വർണങ്ങൾ വിതറിയത് ഡ്രൈവറങ്കിളാണ്. എഴു മലകൾക്കും പുഴകൾക്കും അക്കരെയുള്ള ദേശവും അവിടുത്തെ ആൾക്കാരും കാണാതെ തന്നെ അവൾക്കു പരിചിതമായി. അതുകൊണ്ടാണ് "ഒരിക്കൽ ഗീതുമോളെ കൊണ്ടുപോകാം’ എന്ന ഡ്രൈവറങ്കിളിന്റെ വാക്ക് പാലിക്കാൻ അവൾ നിർബന്ധം പിടിച്ചത്.
ആഴ്ചയിലെ ദിവസങ്ങൾ പങ്കിട്ട് അച്ഛന്റേയും അമ്മയുടേയും വീടുകളിൽ ഇഷ്ടമല്ലാത്ത ബന്ധുക്കൾക്ക് ഒപ്പം ജീവിക്കുന്നതിനേക്കാൾ അവൾ ആഗ്രഹിച്ചത് ഡ്രൈവറങ്കിളിന്റെ ദേശത്തെയാണ്. അതിനായി ഡ്രൈവറങ്കിളെ നിർബന്ധിച്ച് കുറിഞ്ഞി മലയിലേക്ക് ഗീതുമോളും യാത്രയാകുന്നു. അവിടെ ഒരു ദേശത്തിന്റെ സ്നേഹം അവൾ അവിടെ അനുഭവിക്കുകയായിരുന്നു.
കുന്നിറങ്ങി വന്ന ദേവി വെള്ളാടിമുത്തിയായി കണ്ട തുളസിയും പാൽക്കാരൻ മാരിയപ്പനും കഥകൾ പറയുന്ന മുത്തച്ഛനും വാവൂട്ടുന്ന അമ്മയുമെല്ലാം അവളുടെ മനസിനെ ആ ദേശത്ത് പിടിച്ചു നിർത്തി. ആദ്യം അകൽച്ച കാണിച്ച മണിക്കുട്ടിയുടെ അമ്മ അവൾക്കും അമ്മയായി മാറി.
"ഏതോ വാർമുകിലിൻ കിനാവിലെ മുത്തായി നീ വന്നു...’ എന്ന താരാട്ട് പാട്ടിലൂടെ അവൾക്കെങ്ങോ നഷ്ടമായ മാതൃസ്നേഹം അനുഭവിക്കുകയായിരുന്നു. ആ അമ്മയ്ക്കും എന്നോ നഷ്ടമായ മണിക്കുട്ടിയെ തന്നെയായിരുന്നു ഗീതുമോളിലൂടെ തിരികെ നൽകിയത്. അന്നുവരെ വറ്റാതിരുന്ന കണ്ണുകൾ ഗീതുമോളിലൂടെ തോരുകയായിരുന്നു.
തന്റെ അച്ഛനും അമ്മയും തിരക്കി വന്നിട്ടുണ്ടെങ്കിലും തിരികെ പോകാൻ ഗീതുമോൾ തയാറായില്ല. പുഴയിൽ വീണ് അപകടം സംഭവിക്കുന്പോഴും മണിക്കുട്ടിയുടെ അമ്മയുടെ സാന്നിധ്യമായിരുന്നു അവൾ ആഗ്രഹിച്ചത്. അബോധാവസ്ഥയിൽ പോലും തിരികെ പോകില്ല എന്നവൾ പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ വീണ്ടും ഒന്നായിച്ചേർന്ന അച്ഛനും അമ്മയ്ക്കുമൊപ്പം ഗീതുമോളെ കൊടുത്തുവിടുകയായിരുന്നു ഡ്രൈവറങ്കിളും കുടുംബവും.
ഈ ഗ്രാമത്തിൽ ഗീതുമോൾ കണ്ടതും കേട്ടതുമെല്ലാം ഉറക്കത്തിൽ കണ്ടിരുന്ന ഒരു സ്വപ്നമായിരുന്നു എന്ന് പറയണമെന്ന് ഗീതുവിന്റെ അച്ഛനോട് പറഞ്ഞു. ഇനിയും ഗീതുവിന്റെ അച്ഛനും അമ്മയ്ക്കും അവരുടെ മകളെ സ്നേഹിക്കാൻ കഴിയുമെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു.
തയാറാക്കിയത്: അനൂപ് ശങ്കർ