പത്തി വിടർത്തി പാമ്പ് ജോസ്
Sunday, September 15, 2019 3:12 PM IST
ബിജു മേനോൻ എന്ന നടൻ ഇന്നു പ്രേക്ഷകരുടെ പ്രിയ നായകനാണ്. കോമഡിയിലും ആക്ഷകനിലുമെല്ലാം തന്റെതായ ശൈലി കണ്ടെത്തിയാണ് താരം ഇന്നത്തെ ജനപ്രീതി നേടിയത്. മൂന്നു പതിറ്റാണ്ടോളമായുള്ള സിനിമ ജീവിതത്തിൽ നിരവധി ശക്തമായ കഥാപാത്രങ്ങളെ ഈ നടനിൽ നിന്നു നമ്മൾ കണ്ടിട്ടുണ്ട്. നായകനായും വില്ലനായും സഹനടനായുമൊക്കെ കയ്യടി നേടിയിട്ടുള്ള ബിജു മേനോന്റെ ഇവർ എന്ന ചിത്രത്തിലെ കഥാപാത്രം ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതാണ്. അതാകട്ടെ, കൊച്ചി ഭരിച്ചിരുന്ന പാന്പ് ജോസ് എന്ന ഗുണ്ടയായുള്ള പകർന്നാട്ടത്തിലൂടെയും!
ഒരു കാലത്തു കൊച്ചി നഗരത്തിൽ വിളയാടി നിന്ന, ഇന്നും സജീവമായിട്ടുള്ള ഗുണ്ടകളുടെ ജീവിതം വളരെ പച്ചയായി കാണിച്ച ജീവിതമായിരുന്നു ഇവർ. ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിന് 2003-ൽ തിയറ്ററിൽ വിജയം നേടാനായിരുന്നില്ല. എന്നാൽ ടെക്നിക്കലിയും ചിത്രീകരണത്തിലെ പുതുമ കൊണ്ടും ഇന്നും ഓരോ കാഴ്ചയിലും പ്രേക്ഷകരെ അന്പരപ്പിക്കുന്നുണ്ട് ഈ ചിത്രം.
കേരളത്തിലെ രാഷ്ട്രീയ നീതി നിർവഹണത്തപ്പോലും നിയന്ത്രിക്കാൻ ശക്തരായ ഗുണ്ടകളുടെ വിളയാട്ടമായിരുന്നു ചിത്രം കാണിച്ചു തന്നത്. അവിടെയായിരുന്നു ബിജു മേനോന്റെ പാന്പ് ജോസായുള്ള അവിസ്മരണീയമായ പ്രകടനം. നായകനൊപ്പം നിൽക്കുന്ന കഥാപാത്രമാക്കി അതിനെ മാറ്റുന്നതു തന്നെ ബിജു മേനോന്റെ അഭിനയ പാടവമാണ്. ആരായിരുന്നു പാന്പ് ജോസ് എന്നതിന്റെ എല്ലാ ഉത്തരങ്ങളും ചിത്രം പറഞ്ഞു തരുന്നുണ്ട്.
ഗുണ്ടകളുടെ ജീവിതം കാണിച്ച ബ്ലാക്ക് തുടങ്ങിയ നിരവധി ചിത്രങ്ങൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും ഇവിടെ ഒരു ഗുണ്ടയായി മാറുന്ന ജോസിന്റെ വ്യക്തി ജീവിതവും വളർച്ചയും അധികാര വർഗങ്ങളെ നിയന്ത്രിക്കുന്ന ധൈര്യവുമൊക്കെ വ്യക്തമാക്കി കാണിക്കുന്നുണ്ട്. ജോസ് എന്ന സാധാരണക്കാരൻ പാന്പ് ജോസായി മാറിയതെങ്ങനെ എന്നതിന് അയാൾക്കുപോലും ഉത്തരമില്ലായിരുന്നു. കാരണം എങ്ങനൊക്കയോ അങ്ങനെയായി തീർന്നെന്നും ഇനിയൊരു തിരിച്ചു പോക്ക് തനിക്കില്ലെന്നും അയാൾക്കു വ്യക്തമായി അറിയാം.
താൻ ഒന്നു പതുങ്ങിയാൽ തന്റെ തല തകർക്കാൻ തക്ക ശക്തരായ ശത്രുക്കൾ ചുറ്റുമുണ്ട്. അതു കൊണ്ടു തന്നെ ഗുണ്ടായിസത്തിലൂടെ തന്നെ അധികാരത്തെയാണ് അയാൾ നേടിയെടുത്തത്. മന്ത്രിമാരും രാഷ്ട്രീയക്കാരും പോലീസ് ഉദ്യോഗസ്ഥരും തുടങ്ങി അധികാരവർഗത്തെ തന്റെ ഏറാൻമൂളികളാക്കി അയാൾ മാറ്റി. അതിനായി അവരുടെ കുടുംബത്തെ കരുവാക്കാനും അയാൾ മടിച്ചിരുന്നില്ല.
കൊച്ചിയിലാണ് പാന്പിന്റെ വിഹാര കേന്ദ്രം. തന്നെ എതിർക്കുന്ന ഓരോ വ്യക്തിയെയും അയാൾ കൊലപ്പെടുത്തി. വലംകൈയായി ഹക്കീമും ഒപ്പമുണ്ട്. മുരുകൻ, റീത്ത, അന്ധനായ വിനായകൻ തുടങ്ങിയ അയാളുടെ സംഘം കൊച്ചിയിലങ്ങനെ വളർന്നു പന്തലിച്ചു. മേലാളന്മാരുടെ ബിനാമി കച്ചവടങ്ങൾക്കും സ്വാർഥ നേട്ടങ്ങൾക്കും ജോസിന്റെ ആശ്രയം എന്നും വേണമായിരുന്നു, അവിടേക്കാണ് ഗുണ്ടകളെ അമർച്ച ചെയ്യാനായി രാഘവ് മേനോൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ വരുന്നത്.
ഒരു ഹർത്താൽ ദിനത്തിൽ ഹക്കീമിന്റെ വാൾമുനയിൽ നിന്നും മറ്റൊളെ രക്ഷിക്കാൻ രാഘവ് ശ്രമിക്കുന്നു. അതു വിഫലം ആയെങ്കിലും രാഘവിന്റെ ധൈര്യം കാണുന്ന ഹക്കീമാണ് രാഘവിനെ പാന്പ് ജോസിനു അടുക്കലേക്ക് കൊണ്ടു പോകുന്നത്. പിന്നീട് ഹക്കീം എന്ന പോലെ തന്നെ മേനോൻകുട്ടി എന്നു വിളിക്കുന്ന രാഘവ് പാന്പിന്റെ വലംകൈയായി മാറി. മകളും ഭാര്യയൂം അടങ്ങുന്ന കുടുംബം ജോസിനുമുണ്ട്. എന്നാൽ നിയമ പ്രകാരം തന്നെ വിവാഹം ചെയ്യണം എന്നു മാത്രമാണ് ഭാര്യയുടെ ആകെയുള്ള ആവശ്യം. മറ്റുള്ളവരുടെ മുന്പിൽ പത്തിവിടർത്തിയാടി, വിഷം ചീറ്റി, അതിൽ ആനന്ദം അറിയുന്ന ജോസ് മകളുടെയും ഭാര്യയുടേയും മുന്നിൽ ഒരു മനുഷ്യനായി തീരുന്നുണ്ട്.
ഹക്കീം കൊലപ്പെടുന്നതോടെയാണ് പാന്പ് പത്തിവിടർത്തിയാടാൻ തുടങ്ങുന്നത്. മറ്റൊരു ഗുണ്ടാ നേതാവായ മിന്നൽ തങ്കച്ചനെപോലീസിന്റെ കണ്മുന്നിലിട്ട് അയാൾ കൊലപ്പെടുത്തി. തന്റെ ഓപ്പറേഷന് ഒപ്പമുള്ള രാഘവ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥനെ അറിയിക്കുന്നതായി ഒരിക്കലും അയാൾ സംശയിച്ചിരുന്നില്ല. അത്രമേൽ രാഘവിനെ വിശ്വസിച്ചിരുന്നു. എന്നാൽ രാഘവ് ആരാണെന്നുള്ള തിരിച്ചറിവ് അയാൾക്ക് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു. അതോടെയാണ് റീത്തയേയും കൊലപ്പെടുത്തി രാഘവിനെ അക്രമിക്കുന്നത്. എന്നാൽ അന്ധനായ വിനായകനെക്കൊണ്ടു തന്നെ പാന്പിനുള്ള ശിക്ഷ രാഘവ് നൽകുന്നു. എന്നാൽ മരണത്തിനു മുന്നിൽ പോലും അയാൾ ഭീരു ആയിരുന്നില്ല...
തയാറാക്കിയത്: അനൂപ് ശങ്കർ