കടിഞ്ഞാണില്ലാത്ത കാട്ടുകുതിര
Sunday, September 15, 2019 2:52 PM IST
കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയെ പോലെയായിരുന്നു കൊച്ചുവാവയുടെ ജീവിതം. അയാൾ മദിച്ചുനടന്നത് പലരുടെ ജീവിതങ്ങളിലൂടയാണ്. ബാല്യം മുതലുള്ള അനുഭവങ്ങളായിരിക്കാം ഒരു കാട്ടുകുതിരയെ പോലെ തന്റേതായ ശരികളിലൂടെ നടത്തിയത്. എന്നാൽ കാലം അതിനു മറുപടി നൽകിയപ്പോൾ അയാൾ വീണുപോയി. കൊച്ചുവാവ എന്ന കാട്ടുകുതിയ ആദ്യമായി കീഴടങ്ങുകയായിരുന്നു, അഗ്നിയുടെയും അതിനേക്കാൾ അയാളുടെ ഹൃത്തിനെ പൊള്ളിച്ച സ്നേഹത്തിനും മുന്നിൽ.
സൂര്യസോമയുടെ കാട്ടുകുതിര എന്ന നാടകം എണ്പതുകളിൽ കേരളക്കരയാകെ പൂത്തുലഞ്ഞ ഒരു കാലമുണ്ടായിരുന്നു. എസ്. എൽ. പുരം സദാനന്ദൻ എന്ന പ്രതിഭയിൽ നിന്നുമെത്തിയ ഈ നാടകത്തിൽ കൊച്ചുവാവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളത്തിന്റെ രാജകല രാജൻ പി.ദേവായിരുന്നു. നാടകത്തിൽ രാജൻ പി. ദേവിന്റെ മികവു തെളിഞ്ഞുവന്ന കാലത്താണ് എസ്.എൽ പുരം "കാട്ടുകുതിര’യിലെ കൊച്ചുവാവയായി അദ്ദേഹത്തെ ക്ഷണിക്കുന്നത്. തന്റേറതായ അഭിനയ ശൈലിയും സംഭാഷണ വൈഭവവും കൊച്ചുവാവയ്ക്കു പർന്നതോടെ മലയാള നാടകവേദിയുടെ അനിഷേധ്യതാരമായി മാറുകയായിരുന്നു അദ്ദേഹം. ഏകദേശം മൂന്നു വർഷത്തോളം കേരളത്തിൽ എല്ലാ പ്രദേശത്തും രാജൻ പി. ദേവിന്റെ കാട്ടുകുതിര ജനസമ്മതി നേടി.
എന്നാൽ 1990-ൽ കാട്ടുകുതിര എന്ന പേരിൽ തന്നെ എസ്.എൽപുരത്തിന്റെ രചനയിൽ പി.ജി വിശ്വംഭരൻ സംവിധാനം ചെയ്തു സിനിമയായി മാറിയപ്പോൾ കൊച്ചുവാവയായി അഭ്രപാളിയിലെത്തിയത് മലയാളത്തിന്റെ തിലകക്കുറി തിലകനായിരുന്നു. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറുകയായിരുന്നു കൊച്ചുവാവ. സിനിമയിൽ തന്റെ റോൾ തിലകനു നൽകിയതിന്റെ വിഷമം തുറന്നു പറയുന്പോഴും തന്നേക്കാൾ ഗംഭീരമായി തിലകൻ ആ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ടെന്ന് അഭിനന്ദിക്കാനുള്ള മനസ് രാജൻ പി. ദേവിനുണ്ടായിരുന്നു.
നാടകത്തിൽ കണ്ട കൊച്ചുവാവയിൽ നിന്നും പൂർണമായൊരു പറിച്ചു നടീലായിരുന്നു തിലകന്റെ വേഷപ്പകർച്ച. അടിമുടിയിൽ പുതുമയോടെ മറ്റൊരു നടനവിസ്മയം സൃഷ്ടിക്കാൻ തിലകനും സാധിച്ചു. വീട്ടിലും നാട്ടിലും സ്വന്തം ഷാപ്പിലുമെല്ലാം കൊച്ചുവാവ ഇടപെടുന്ന രീതിയുണ്ട്. തന്റേതായ ശരികളും ശൈലികളും പൗരുഷം നിറഞ്ഞ നിർവചനങ്ങളുമുണ്ടായിരുന്നു. തന്നെ ചോദ്യം ചെയ്യുന്നവരെ പോലും "ഡിം’ എന്ന പരിഹസിക്കലോടെ നേരിട്ടു. അതു മകനായാലും ഭാര്യ ആയാൽ പോലും.
മാനേജറായി ഒപ്പം നടക്കുന്ന ബിരുദദാരിയെ കണക്കിനു തെറി പറയും. ഒരിക്കൽ ഷാപ്പിൽ നിന്നും വീട്ടിൽ കറിവെക്കാനായി വലിയ മീനുമായി എത്തുന്ന തൊഴിലാളിയോട്, അതേ മീൻ ഷാപ്പിൽ കറിവെച്ചാൽ കിട്ടുന്ന ലാഭം പറഞ്ഞ് തിരിച്ചയയ്ക്കുവാണ് അയാൾ. "നിന്റെ വായിന്ന് ചാണപ്പുളി വീഴുവാന്നറിയാനാണ് ഞാനി പറച്ചിലൊക്കെ പറയിപ്പിച്ചത്’’ എന്ന സംഭാഷണം മാത്രം മതി കൊച്ചുവാവയുടെ സ്വഭാവം പിടികിട്ടാൻ.
ഒരുകാലത്തു തന്പുരാക്കന്മാരുടെ അടിയാളായിരുന്നു കൊച്ചുവാവയുടെ അച്ഛൻ. എന്നാൽ തന്പുരാട്ടിയുമായുമായുള്ള രഹസ്യബന്ധം പുറത്താകുന്നതോടെ തന്പുരാക്കന്മാർ അയാളെ വെട്ടിക്കൊലപ്പെടുത്തുകയാണ്. അവിടെ നിന്നുമാണ് കാട്ടുകുതിരയായി കൊച്ചുവാവ മാറുന്നത്. പല ജോലികൾ ചെയ്തു പണം സ്വരുക്കൂട്ടിയാണ് കോടീശ്വരനായി, കൊച്ചുവാവ മുതലാളിയായി അയാൾ മാറുന്നത്. അച്ഛന്റെ ഘാതകരുടെ തറവാടും സ്വന്തമാക്കി.
എന്നാൽ തറവാട്ടിലെ രണ്ടു മുറികൾ മാത്രം ഇപ്പോൾ അവിടെ താമസിക്കുന്ന കൊച്ചുതന്പുരാട്ടി ലതയ്ക്കും അച്ചൻ പെങ്ങൾക്കുമാണ്. കൊച്ചുവാവയുടെ ഏക മകൻ മോഹൻ ലതയുമായി ഇഷ്ടത്തിലാണ്. അതു വളരെ വൈകിയാണ് അയാൾ അതറിയുന്നത്. അപ്പോഴേക്കും തറവാട്ടിൽ കള്ളവാറ്റ് തുടങ്ങാനുള്ള പദ്ധതിയായിരുന്നു കൊച്ചുവാവയ്ക്ക്. അതിനെ എതിർത്ത് ലതയുമായി ഒന്നിച്ചു ജീവിക്കാൻ മോഹൻ പുറപ്പെടുന്നു. പക്ഷേ, തങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അച്ഛൻ അനുവദിക്കില്ലെന്നറിയാവുന്ന മോഹനും ലതയും തറവാട്ടിൽ കെട്ടിത്തൂങ്ങി ചാകുന്നു.
മനസില്ലാമനസോടെയെങ്കിലും മകനേയും ലതയേയും സ്വീകരിക്കാൻ തയാറാകുന്ന കൊച്ചുവാവ കേൾക്കുന്നത് ഇരുവരുടേയും മരണ വാർത്തയാണ്. അയാൾ കാണുന്നത് അവർക്കൊപ്പം കത്തിയമരുന്ന ആ തറവാടാണ്. അവിടെയാണ് ആദ്യമായി കൊച്ചുവാവ തോറ്റു പോകുന്നത്. ആ തോൽവി കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയുടേതുമായിരുന്നു.
തയാറാക്കിയത്: അനൂപ് ശങ്കർ