നിത്യയൗവനം തേടി വയനാടൻ തമ്പാൻ
Thursday, September 12, 2019 1:46 PM IST
മിത്തുകളും പുരാണ ഇതിഹാസങ്ങളും സിനിമകളാകുന്പോൾ കാഴ്ചാനുഭവത്തിൽ പുതിയ രസം പ്രേക്ഷകർക്ക് ആസ്വദിക്കാനാകും. അതു തന്നെയാണ് പുരാണ ഇതിഹാസങ്ങളും മിത്തുകളും അപസർപ്പക- മാന്ത്രിക കഥകളും സിനിമകളാകുന്പോൾ യുക്തിക്കും സാമാന്യ ബോധത്തിനും അപ്പുറമെങ്കിലും അവയെ പ്രേക്ഷകർ സ്വീകരിക്കുന്നത്. മലയാളികളെ ഒരുകാലത്ത് പൊടുന്നനെയുള്ള ഞെട്ടലിലേക്കു കൊണ്ടെത്തിച്ച കാഴ്ചാശീലം പകർന്ന സംവിധായകനായിരുന്നു വിൻസെന്റ്.
ഭാർഗവി നിലയം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ഹൊറർ ചിത്രങ്ങൾക്കു പുതിയ പരിവേഷം നൽകിയ സംവിധായകനാണ് പിന്നീട് വയനാടൻ തന്പാൻ എന്ന ചിത്രവും സമ്മാനിച്ചത്. പ്രേത പിശാചുക്കൾ എന്നതിനെ മിത്തിനൊപ്പം ചേർത്ത് അവതരിപ്പിച്ചപ്പോൾ വയനാടൻ തന്പാനായി എത്തിയതാകട്ടെ ഉലകനായകൻ കമൽഹാസനും.
1978-ലാണ് വയനാടൻ തന്പാൻ റിലീസ് ചെയ്യുന്നത്. മന്ത്രവും തന്ത്രവും കാടും കൊടുങ്കാറ്റും നാഗവും രാത്രിയുമെല്ലാം ഇടം ചേർന്ന വയനാടൻ തന്പാന് ഇന്നും മറ്റു വിശേഷണങ്ങളൊന്നും അധികമായി വരേണ്ടതില്ല. കാരണം ചലച്ചിത്ര അനുഭവവും കമലഹാസൻ അവതരിപ്പിച്ച കഥാപാത്രവും അത്രമേൽ ശക്തമായിരുന്നു. സാങ്കേതിക വിദ്യയുടെ അപര്യാപ്തതയിലും വെള്ളിത്തിരയിൽ അക്കാലത്ത് ഈ ചിത്രം വിസ്മയക്കാഴ്ചകളാണ് ഒരുക്കിയത്. എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ചിത്രത്തിനു നൽകിയത്.
മലയാളത്തിൽ ഒരുപിടി ചിത്രങ്ങളിൽ കമൽഹാസൻ അഭിനയിച്ചെങ്കിലും ഏറെ പുതുമ സൃഷ്ടിച്ചൊരു കഥാപാത്രമായിരുന്നു വയനാടൻ തന്പാൻ. യുവകോമളനായും പടുവൃദ്ധനായുമൊക്കെ വ്യത്യസ്തങ്ങളായ അപ്പിയറൻസിൽ കമൽഹാസൻ ചിത്രത്തിൽ എത്തുന്നുണ്ട്. കന്യകമാർ ആകൃഷ്ടരാകുന്ന സുന്ദരരൂപം ഉണ്ടെങ്കിലും പൈശാചികമായ ഭാവം എപ്പോഴും മുഖത്തുകൊണ്ടുവരാൻ കമൽഹാസനു കഴിഞ്ഞു.
വയനാടൻ തന്പാൻ, കച്ചവടക്കാരനായ ഇബ്രാഹിം, കോളജ് അധ്യാപകനായ തോമസ്, ആദിവാസി യുവാവ്, ഫോട്ടോഗ്രാഫറായ ഫ്രാങ്കി തുടങ്ങിയ കഥാപാത്രങ്ങളായി അയാൾ പ്രത്യക്ഷപ്പെടുന്നു. പല പതിറ്റാണ്ടുകളിൽ ഒരാൾ തന്നെ യുവാവായി പ്രത്യക്ഷപ്പെടുന്നതാണ് കഥയുടെ മർമവും.
ചിത്രത്തിന്റെ തുടക്കത്തിൽ ആഭിചാര കർമം ചെയ്യുന്ന വൃദ്ധനായ വയനാടൻ തന്പാനെയാണ് കാണുന്നത്. കരിമൂർത്തിയെ പ്രസാദിപ്പിച്ച് അയാൾ നിത്യയൗവനം ലഭിക്കാൻ വരം നേടുന്നു. എന്നാൽ കരിമൂർത്തി ഒരു കരാർ വെക്കുന്നു, നിത്യയൗവനത്തിനായി പത്തു കന്യകമാരെ ബലി നൽകണം. കന്യകമാരെ വശീകരിക്കുന്നതിനു ദിവ്യജലവും നൽകുന്നു. കരാർ ലംഘിച്ചാൽ മരണ ശിക്ഷയായിരിക്കും എന്ന താക്കീതും.
ദിവ്യജലം പാനം ചെയ്ത തന്പാൻ പിന്നീട് സുന്ദരികളായ കന്യകമാരെ തിരക്കി ഇറങ്ങുകയാണ്. അങ്ങനെയാണ് കുളക്കടവിൽ തോഴിമാരോടൊപ്പം കുളിച്ചു നിൽക്കുന്ന കൊച്ചമ്മിണിയെ കാണുന്നത്. വലിയൊരു നായർ തറവാട്ടിലെ ഇളം തലമുറക്കാരിയായ കൊച്ചമ്മിണിയെ വിവാഹം ചെയ്യാൻ താൽപര്യവുമായി തന്പാൻ എത്തുന്നു. വിവാഹത്തിനു വീട്ടുകാർ സമ്മതിക്കുന്നുവെങ്കിലും അവളെ തട്ടിക്കൊണ്ടുപോയി കരിമൂർത്തിക്കു ബലികൊടുക്കുകയാണ് തന്പാൻ.
പിന്നീട് ഇബ്രാഹീം എന്ന പേരിലെത്തി നബീസ എന്ന മുസ്ലീം പെണ്‍കുട്ടിയേയും വശീകരിച്ചു കൊണ്ടു പോകുന്നു. അന്നമ്മ എന്ന പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് കരിമൂർത്തിയുടെ അടുക്കൽ എത്തിക്കുന്നുവെങ്കിലും അവൾ ഭയപ്പെട്ട് ഓടുന്നു. വശീകരിക്കാൻ മറ്റൊരു മാർഗവും കാണാതാവുന്നതോടെയാണ് അന്നമ്മയെ വിവാഹം ചെയ്യുന്നത്. ഒരുദിവസം ഉറക്കമുണരുന്ന അന്നമ്മ കാണുന്നത് കരിമൂർത്തിയുടെ കരാർ ലംഘിച്ചതിനാൽ പഴയ വൃദ്ധനായി മാറുന്ന തന്പാനെയാണ്. അവൾ അവിടെ നിന്നും ഓടി രക്ഷപ്പെടുന്നു.
പിന്നീട് ഒരു ആദിവാസി പെണ്‍കുട്ടിയേയും തട്ടിക്കൊണ്ടു പോകുന്നുണ്ട്. വർഷങ്ങൾ കഴിഞ്ഞ പ്പോൾ അന്നമ്മയുടെ മകൾ എൽസിയായി അയാളുടെ ലക്ഷ്യം. ഫ്രാങ്കിയായി എത്തുന്ന തന്പാന്റെ ചിത്രം മകളുടെ പക്കൽ അന്നമ്മ കാണുന്നു. അപ്പോഴേക്കും എൽസിയെ അയാൾ തട്ടിക്കൊണ്ടു പോയിരുന്നു. എന്നാൽ അവിടെയെത്തുന്ന അന്നമ്മയിൽ നിന്നുമാണ് തന്റെ മകളാണ് എൽസി എന്ന സത്യം തന്പാൻ അറിയുന്നത്. മകളോടുള്ള വാൽസല്യം അയാളുടെ ഹൃദയത്തിൽ നിറഞ്ഞു. പക്ഷേ, കരിമൂർത്തിയുടെ പകയാൽ അപ്പോഴേക്കും യഥാർത്ഥ രൂപമായ പടുവൃദ്ധനായി അയാൾ മാറിയിരുന്നു.
എൽസിയെ ബലി നൽകാനാവാത്തതോടെ കരിമൂർത്തിയുടെ ശിക്ഷയ്ക്കു ഇരയാകുന്നു തന്പാൻ. പാപങ്ങളേറെ ചെയ്തെങ്കിലും തന്റെ മകളുടെ മുന്നിൽ തന്പാൻ ഒരു പച്ച മനുഷ്യനായിമാറിയാണ് മരണത്തിലേക്ക് യാത്രയാകുന്നത്.
തയാറാക്കിയത്: അനൂപ് ശങ്കർ