സിന്ധു, ഞാൻ എന്നും ഏകനാണ്..
Thursday, September 12, 2019 1:28 PM IST
തന്റെ പ്രണയിനിയെ "മൃദുലേ... ഹൃദയ മുരളിൽ ഒഴുകി വാ’ എന്നു സ്നേഹവായ്പോടെ വിളിക്കുന്ന കാമുകനെയും പൂനിലാവിൻ പരിലാളനത്താൻ നൊന്പരങ്ങൾ മായുമോ എന്നു രജനിയോട് ചോദിക്കുന്ന’ കാമുകി ഹൃദയത്തേയും കാണാതെ പോകാൻ എന്നും ഏകനായിരുന്ന ഒരു വലിയ മനസിനു കഴിയില്ലായിരുന്നു.
സഹോദരങ്ങളും അവരുടെ കുടുംബാംഗങ്ങളുമായി ഒരുപിടി ആൾക്കാർ ഒപ്പമുള്ള ആളായിരുന്നു മാധവൻകുട്ടി മേനോൻ. എന്നാൽ ഏകനായിത്തീരാനുള്ളതായിരുന്നു ആ ജീവിതം എന്നും. കാലം അദ്ദേഹത്തിന്റെ മുന്നിൽ കൊണ്ടെത്തിച്ച സിന്ധുവും ദില്ലനും പറഞ്ഞതും ഏകനായി തീർന്ന ജീവിതങ്ങളുടെ വേദനയായിരുന്നു. ജീവിതത്തിന്റെ ചാരുതയും ചേതനയും എവിടെയൊക്കെയോ നഷ്ട പ്പെട്ടെന്നു കരുതിയ ഏകാന്തതയുടെ കഥ.
1982-ൽ ചന്ദ്രകുമാറിന്റെ സംവിധാനത്തിൽ മധു, പൂർണിമ, തമിഴ് നടൻ ആർ. ദിലീപ് എന്നിവർ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ഞാൻ ഏകനാണ്. മധ്യവയസ്കനായ മാധവൻകുട്ടി മേനോൻ എന്ന ഐ.പി.എസുകാരനായി മധു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ പൂർണിമ സിന്ധുവായും ദിലീപ് ദില്ലൻ എന്ന കഥാപാത്രമായും എത്തി.
ഇന്നും ഞാൻ ഏകനാണ് മലയാളികൾ ഓർത്തിരിക്കുന്നതിന്റെ കാരണം ചിത്രത്തിലെ ഓ.. മൃദുലേ എന്ന ഗാനമാണ്. രജനി പറയു, പ്രണയ വസന്തം എന്ന ഗാനങ്ങളും ഇന്നും നിത്യവസന്തം പകരുന്നവയാണ്. കുടുംബ സിനിമകളുടെ സംവിധായകൻ സത്യൻ അന്തിക്കാട് രചിച്ച ഗാനങ്ങൾക്ക് എം.ജി രാധാകൃഷ്ണനാണ് സംഗീതം ഒരുക്കിയത്. ഓ...മൃദുലേ എന്ന ഗാനം ചിത്രത്തിൽ പ്രണയഭാവവും പ്രണയിനിയെ നഷ്ടപ്പെട്ട കാമുകന്റെ വിരഹ വേദനയും പകരുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.
വർഷങ്ങൾക്കു ശേഷം ഡോൾഫിൻ എന്ന ചിത്രത്തിൽ ഈ ഗാനം പുനചിത്രീകരിച്ചപ്പോൾ അതിലും നടൻ മധുവിന്റെ സാന്നിധ്യം ശ്രദ്ധേയമായി. പതിറ്റാണ്ടുകൾക്കു മുന്പും ശേഷവും ഒരേ ഗാനത്തിന്റെ ശ്രോതാവായി രണ്ടു ചിത്രങ്ങളിലും അദ്ദേഹം എത്തി.
മാധവൻകുട്ടി മേനോൻ തന്റെ സഹോദരങ്ങളുടെ ജീവിതം സുരക്ഷിതമാക്കി മാറ്റിയപ്പോൾ തന്റെ സ്വകാര്യ സന്തോഷം മറന്നുപോയൊരു വ്യക്തിയാണ്. തന്റെ ഉത്തരവാദിത്വങ്ങൾ ശരിയായി നിറവേറ്റിക്കഴിഞ്ഞപ്പോൾ അയാൾക്കു കൂട്ടായി ആ വീടും കാര്യസ്ഥൻ രാമേട്ടനും മാത്രമായി. പോലീസ് ഉദ്യോഗം രാജിവച്ചതിൽ പോലും പഴിയുമായി എത്തുന്ന സഹോദരങ്ങളാണ് ചുറ്റുമുള്ളത്. അങ്ങനെയിരിക്കെയാണ് രാമേട്ടനേയും കൂട്ടി കടലോരത്തുള്ള ഒരു റിസോർട്ടിലേക്ക് കുറച്ചു ദിവസം മാറി നിൽക്കാൻ അദ്ദേഹം പോകുന്നത്.
കമിതാക്കളായി ഒന്നിച്ച് ജീവിക്കുന്ന സിന്ധുവിനേയും ദില്ലനേയും അവിചാരിതമായി കാണുകയും പരിചയപ്പെടുകയും ചെയ്തു. അനാഥനായ ദില്ലനു വേണ്ടി കുടുംബം ഉപേക്ഷിച്ച് വന്നതാണ് സിന്ധു. എന്നാൽ സ്നേഹത്തിന്റെ കാര്യത്തിൽ വളരെ കടുപിടിത്തക്കാരനും നിസാരകാരണങ്ങൾക്കു പോലും സിന്ധുവിനോട് പിണങ്ങുകയും ചെയ്യുന്നതാണ് ദില്ലന്റെ പ്രകൃതം. എന്നാൽ മാധവൻ സാറിനോട് സിന്ധുവിന് ആത്മബന്ധം തോന്നിയിരുന്നു.
ഒരുനാൾ അബദ്ധത്തിൽ മറ്റൊരു കോട്ടേജിൽ കയറുന്ന സിന്ധുവിനെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ആളിൽ നിന്നും രക്ഷിക്കുന്നത് മേനോനായിരുന്നു. പക്ഷേ, അതിന്റെ പേരിൽ തുടങ്ങുന്ന വഴക്കിനൊടുവിൽ സിന്ധുവിനെ ഉപേക്ഷിച്ച് പോവുകയാണ് ദില്ലൻ. ദിവസങ്ങൾ കാത്തിരുന്നിട്ടും അവൻ തിരികെ വന്നില്ല. ആരും ആശ്രയം ഇല്ലാത്ത സിന്ധുവിനെ അങ്ങനെയാണ് മേനോൻ തന്റെ കുടുംബത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്. അവൾ ആ വീടിന്റെ വിളക്കായി മാറി. ദില്ലനെ മറക്കാൻ അവൾ മനസിനെ പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
രാമേട്ടനും ഡോ.സീതാലക്ഷ്മിയും സിന്ധു മേനോനെ വിവാഹം ചെയ്യണം എന്നു ആഗ്രഹിച്ചിരുന്നു. ഒരു ദിവസം പേടിച്ച് ഓടിയെത്തുന്ന സിന്ധു മേനോനെ ആലിംഗനം ചെയ്യുന്നു. ആദ്യമായി സ്ത്രീ സാന്നിധ്യം അനുഭലപ്പെട്ട മേനോനിൽ കുറച്ചു നേരത്തേക്കെങ്കിലും അവളോട് ആഗ്രഹമുണ്ടാകുന്നു. എന്നാൽ അതിൽ പശ്ചാത്തപിക്കുകയാണ് മേനോൻ. മറ്റുള്ളവരുടെ വായടപ്പിക്കാനും പരസ്പരം ആശ്രയമാകാനുമായി മേനോൻ തന്നെ വിവാഹം ചെയ്യണമെന്നു സിന്ധു പറയുന്നു. വിവാഹത്തിനായി പഴയ റിസോർട്ടിൽ എത്തുന്പോഴാണ് ഇന്നും തനിക്കായി കാത്തിരിക്കുന്ന ദില്ലനെ സിന്ധു കാണുന്നത്. ദില്ലനു സംഭവിച്ച അപകടം കാരണമാണ് തിരികെ എത്താൻ കഴിയാഞ്ഞതെന്നു അപ്പോഴാണ് അവൾ അറിയുന്നത്.
മംഗളാശംസകൾ പറഞ്ഞ് ഇരുവരും പിരിയൊനൊരുങ്ങുന്പോഴാണ് മേനോൻ എത്തുന്നത്. ഇരുവരുടേയും സ്നേഹം അറിയുന്ന മേനോൻ ദില്ലനും സിന്ധുവുമായുള്ള വിവാഹം നടത്തി അവരെ തന്റെ കുടുംബത്തിലേക്കു കൊണ്ടുപോവുകയാണ്. എന്നാൽ മേനോൻ ഏകനാവുകയായിരുന്നോ വീണ്ടും? അതു സിന്ധു അറിഞ്ഞിരുന്നോ...
തയാറാക്കിയത്: അനൂപ് ശങ്കർ