പവിത്രം, ചേട്ടച്ഛന്റെ ഹൃദയം
Monday, July 15, 2019 12:13 PM IST
ചായക്കൂട്ടുകളുടെ അലങ്കാരമില്ലാതെ നടനഭാവത്തെ വിതറുന്പോഴാണ് അനുവാചകരുടെ മനസിൽ ഒരു നടനുള്ള ഇടം പ്രത്യേകമാകുന്നത്. തന്റെ തൂലിക നൽകുന്ന ആഴത്തെക്കാൾ മെനഞ്ഞെടുത്ത കഥാപാത്രം മുന്നോട്ടു പോവുകയില്ലെന്നുള്ള എഴുത്തുകാരന്റെ വിശ്വാസത്തെ തകർത്തുകൊണ്ടാണ് പലപ്പോഴും അതിശയിപ്പിക്കുന്ന രീതിയിൽ മോഹൻലാലിലെ നടൻ സഞ്ചരിച്ചിട്ടുള്ളത്.
ഒരുപക്ഷേ, കാഴ്ചയുടെ ശീലുകളിൽ അത്തരത്തിൽ ദൂരേക്കു മലയാളികളെ കൊണ്ടെത്തിക്കുന്ന കഥാപാത്രങ്ങൾ ഇന്നു അദ്ദേഹത്തെ തേടിയെത്തുന്നില്ല. ഭാവപ്രകടനം കൊണ്ടും കൃത്യമായ ശരീരചലനംകൊണ്ടും കഥാപാത്രത്തെ ജീവനുള്ളതാക്കി മാറ്റുകയാണ് അദ്ദേഹം. കാൽനൂറ്റാണ്ടിനു മുന്പ് മലയാളികളുടെ മനസിലേക്കു അദ്ദേഹം പ്രതിഷ്ഠിച്ച ചേട്ടച്ചനെ ഇന്നും ഓർക്കുന്പോൾ ഓരോ മനസ് പിടയുകയാവും.
പി. ബാലചന്ദ്രന്റെ രചനയിൽ ടി.കെ രാജീവ്കുമാർ സംവിധാനം ചെയ്ത് 1994-ലെത്തിയ പവിത്രം എന്ന ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രമായിരുന്നു ഉണ്ണികൃഷ്ണൻ എന്ന ചേട്ടച്ചൻ. ചേട്ടൻ തന്നെ അച്ഛനായി മാറുന്പോൾ സഹോദരി അവിടെ മകളായി തീരുന്ന വാത്സല്യം! വാർധക്യത്തിൽ അച്ഛനും അമ്മയ്ക്കും പിറക്കുന്ന മീനാക്ഷി പിന്നീട് ഉണ്ണിയുടെ മകളായി വളരുന്ന കഥയാണ് പവിത്രത്തിന്റേത്. എന്നാൽ പിന്നീട് ചേട്ടച്ചനിലുണ്ടാകുന്ന വേദന മനസ് തകർക്കുന്ന വിധമായിരുന്നു. അവിടെ താളം തെറ്റിയ മനസുമായി മീനാക്ഷിയുടെ ബാല്യത്തിലേക്കാണ് ചേട്ടച്ചൻ വന്നു നിൽക്കുന്നത്.
മാനസികരോഗിയാകുന്ന കഥാപാത്രങ്ങളെ പലകുറി അവതരിപ്പിച്ചെങ്കിലും പവിത്രത്തിൽ കഥയുടെ ക്ലൈമാക്സിൽ മാത്രമാണ് ആ അവസ്ഥയിലേക്കു മോഹൻലാലിന്റെ കഥാപാത്രം എത്തുന്നത്. ഹൃദയസ്പർശിയായ ഒരു കഥയുടെ സ്വഭാവികവും മനോഹരവുമായ പര്യവസാനം മോഹൻലാലിനെക്കൊണ്ടു മാത്രം സാധിക്കും വിധം അത്യുജ്വലമാക്കി മാറ്റി.
ഒന്നും ആഗ്രഹിക്കാതെ തന്റെ മകളായി വളർത്തിയ സഹോദരിക്കു കണ്മുന്നിൽ കണ്ട ദുരന്തം ചേട്ടച്ചന്റെ മനസിനെ വർഷങ്ങൾക്കു പിന്നിലേക്കു പോയി ഒരു ബിന്ദുവിൽ മാത്രം തളച്ചിടുകയാണ്. ശൂന്യമായ മിഴികളും വിറയ്ക്കുന്ന കൈകളും തുടിക്കുന്ന ചുണ്ടുകളുമൊക്കെ ആ മാനസിക നിലയുടെ ആഴം ഓരോ ആസ്വാദകന്റെയും ഹൃദയത്തിലെത്തിച്ചു. പത്തുമിനിറ്റോളം മാത്രമാണ് താളംതെറ്റിയ മനസുമായി മോഹൻലാൽ എത്തുന്നുള്ളുവെങ്കിലും അതിശയിപ്പിക്കുന്ന പാത്രാവിഷ്കാര പൂർണത നൽകുവാൻ അദ്ദേഹത്തിനു സാധിച്ചു.
ഈശ്വരപിള്ളയുടെയും ദേവകിയുടെയും മക്കളിൽ ഇളയവനാണ് ഉണ്ണികൃഷ്ണൻ. മീരയുമായി ഇഷ്ടമുള്ള ഉണ്ണിക്കു പക്ഷേ, മീരയുടെ അച്ഛന്റെ ആഗ്രഹപ്രകാരമുള്ള ജീവിതത്തോട് താല്പര്യമില്ല. സഹോദരൻ രാമകൃഷ്ണൻ ടൗണിൽ ഡോക്ടറാണ്. അയാൾക്കു മക്കളില്ല എന്നത് അമ്മ ദേവകിയെ ഏറെ സങ്കടപ്പെടുത്തി. അതിനായി അവർ വഴിപാടും പ്രാർഥനയും കഴിച്ചു. എന്നാൽ അതിന്റെ ഫലം സംഭവിക്കുന്നത് ദേവകി വീണ്ടും അമ്മ ആയപ്പോഴാണ്. വാർധക്യത്തിലെ പ്രസവത്തോടെ ദേവകി മരിക്കുകയും തുടർന്ന് അച്ഛൻ ദേശാടനത്തിനായി പോവുകയും ചെയ്യുന്നു.
ഭർത്താവിനു ചെറിയ സഹോദരി ഉണ്ടായത് രാമകൃഷ്ണന്റെ ഭാര്യയ്ക്ക് അംഗീകരിക്കാനായില്ല. അതോടെയാണ് ചേട്ടനായും അച്ഛനായുമുള്ള ഉത്തരവാദിത്വം ഉണ്ണിയിലേക്ക് എത്തുന്നത്. അതോടെ മീനാക്ഷിയുടെ ചേട്ടച്ചനായി അയാൾ മാറി. മീരയുമായുള്ള വിവാഹം പോലും മുടങ്ങി.
തന്റെ നഷ്ടങ്ങളെ ഓർക്കാതെ ചേട്ടച്ചനായി അയാൾ ജീവിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പട്ടണത്തിൽ പഠിക്കുന്നതിനായാണ് മീനാക്ഷിയെ രാമകൃഷ്ണന്റെ അടുത്തേക്ക് കൊണ്ടുപോകുന്നത്. അവിടെ നിന്നുമാണ് മീനാക്ഷി തന്നിൽ നിന്നു അകലുന്നത് അയാൾ തിരിച്ചറിയുന്നത്. സുഹൃത്തുക്കൾക്കൊപ്പം മീനാക്ഷി കള്ളുഷാപ്പിൽ പോകുന്പോൾ ചേട്ടച്ചൻ വളരെ കോപിച്ച് ഏറെ അടിക്കുന്നുണ്ട്. എന്നാൽ അതിനു ക്ഷമ പറയാനായി എത്തുന്ന ചേട്ടന്റെ മുന്നിലാണ് മീനാക്ഷിക്ക് അപകടം സംഭവിക്കുന്നത്. അതു അയാളിൽ വല്ലാത്ത നടുക്കമാണ് സൃഷ്ടിച്ചത്. ആശുപത്രിയിൽ നിന്നു തിരികെ എത്തുന്ന മീനാക്ഷി കാണുന്നത് മനോനില തെറ്റിയ ചേട്ടച്ചനെയാണ്.
മീനാക്ഷി മുന്നിൽ നിൽക്കുന്നതുപോലും തിരിച്ചറിയാതെ സ്കൂളിൽ നിന്നും എത്താൻ താമസിക്കുന്ന മീനാക്ഷിയെയാണ് അയാൾ തിരയുന്നത്. മുറുക്കാൻ ചവച്ച് പിറുപിറുത്തുകൊണ്ട് മീനാക്ഷിയെ വിളിച്ചുകൊണ്ട് അയാൾ സ്കൂളിൽ നിന്നു വരുന്ന കുട്ടികളോടും ചോദിക്കുന്നു മീനാക്ഷി എവിടെയെന്ന്. തന്റെ മീനാക്ഷി മുന്നിൽ നിൽക്കുന്പോഴും അതു തിരിച്ചറിയാത്ത ചേട്ടച്ചനായി തന്റെ ശരീരത്തിലേക്കു പ്രവേശിച്ച കഥാപാത്രത്തിന്റെ സ്വത്വത്തിൽ നിന്നുകൊണ്ട് പേരുമാറുകയാണ് മലയാളികളുടെ അഭിനയ മാന്ത്രികൻ.
തയാറാക്കിയത്: അനൂപ് ശങ്കർ