ക്യാപ്റ്റൻ രാജു പുരസ്കാരം മണിയൻപിള്ള രാജുവിനു കൈമാറി
Friday, September 19, 2025 9:28 AM IST
പ്രേക്ഷക മനസിൽ എന്നും ജീവിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ക്യാപ്റ്റൻ രാജുവിന് കഴിഞ്ഞതായി കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനും നടനും സംവിധായകനുമായ മധുപാൽ.
സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആറാമത് ക്യാപ്റ്റൻ രാജു പുരസ്കാരം മണിയൻപിള്ള രാജുവിന്റെ തിരുവനന്തപുരത്തെ വസതിയിൽ നടന്ന ചടങ്ങിൽ പുരസ്കാരം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലും പിആർഒ അജയ് തുണ്ടത്തിലും ചേർന്ന് മണിയൻപിള്ള രാജുവിന് പ്രശസ്തി പത്രം നൽകി. നടൻ നിരഞ്ജ് മണിയൻപിള്ള രാജു , സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തി, പിആർഒഅജയ് തുണ്ടത്തിൽ, ബിജു ആർ.പിള്ള , ജോസഫ് വടശേരിക്കര എന്നിവർ പ്രസംഗിച്ചു .
മുൻ വർഷങ്ങളിൽ നടൻ ജനാർദ്ദനൻ (2020 ), സംവിധായകൻ ബാലചന്ദ്രമേനോൻ ( 2021 ), സംവിധാകൻ ജോണി ആന്റണി ( 2022 ) , നടൻ ലാലു അലക്സ് ( 2023 ) , നടൻ ജയറാം ( 2024 ) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.