ആളും ആരവവും ഇല്ല; നടി ഗ്രേസ് ആന്റണിയുടെ വിവാഹം കഴിഞ്ഞു
Tuesday, September 9, 2025 4:01 PM IST
നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകൻ എബി ടോം സിറിയക് ആണ് വരൻ. ലളിതമായി നടന്നചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരും ദീർഘനാളുകളായി സുഹൃത്തുക്കളാണ്.
ശബ്ദമില്ല, വെളിച്ചമില്ല, തിരക്കില്ല, ഒടുവിൽ ഞങ്ങൾ അതു സഫലമാക്കി എന്നാണ് മുഖം കാണിക്കാത്ത ചിത്രത്തിനൊപ്പം ഗ്രേസ് കുറിച്ചിരിക്കുന്നത്. വരന്റെ ചിത്രം പങ്കുവച്ചിട്ടില്ല.
താലിചരടിൽ പിടിച്ചു നിൽക്കുന്നൊരു ചിത്രം മാത്രമാണ് ഗ്രേസ് പങ്കുവച്ചിരിക്കുന്നത്. ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം.
സണ്ണി വെയ്ൻ, ഉണ്ണി മുകുന്ദൻ, മാളവിക മേനോൻ, രജിഷ വിജയൻ, സ്രിന്ദ, നൈല ഉഷ, നിരഞ്ജന അനൂപ്, കനി കുസൃതി, വിൻസി, സാനിയ ഇയ്യപ്പൻ, ഉണ്ണിമായ, ഷറ ഫിബില, ഷറഫുദ്ദീൻ, അപർണ ദാസ്, ശ്യാം മോഹൻ തുടങ്ങി സിനിമാരംഗത്തു നിന്നും നിരവധി പേർ ഗ്രേസിനു ആശംസകളുമായെത്തി.
ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിംഗ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് അഭിനയരംഗത്ത് എത്തുന്നത്. തുടർന്ന് ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ഗ്രേസ് പ്രേക്ഷക പ്രീതി നേടിയത്.
ആറുവർഷമായി മ്യൂസിക് അറേഞ്ചറും പ്രോഗ്രാമറുമായി മലയാള സിനിമാ മേഖലയിൽ പ്രവർത്തിച്ചു വരുന്ന സംഗീതഞ്ജനാണ് എബി. അൽഫോൻസ് ജോസഫ്, ബേണി ഇഗ്നേഷ്യസ്, ഗോപി സുന്ദർ, ദീപക് ദേവ്, അഫ്സൽ യൂസഫ്, ബെന്നറ്റ് വീറ്റ്റാഗ് എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇതുവരെ നൂറിൽപരം സിനിമകളിൽ സംഗീതവിഭാഗത്തിന്റെ ഭാഗമായി അറേഞ്ചറും പ്രോഗ്രാമറും ആയി പ്രവർത്തിച്ചു.
സെക്കൻഡ് ഇന്നിംഗ്സ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. സകലകലാശാല, കടലാസു തോണി എന്നിവയാണ് സംഗീതം നിർവഹിച്ച മറ്റ് സിനിമകൾ.