ബിബിൻ ജോർജിന്റെ ഗൃഹപ്രവേശം ആഘോഷമാക്കി ദിലീപും പിഷാരടിയും
Tuesday, September 9, 2025 3:26 PM IST
നടൻ ബിബിന്‍ ജോർജിന്റെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാനെത്തി ദിലീപും പിഷാരടിയുമുടക്കമുള്ള സുഹൃത്തുക്കൾ. കൊച്ചിയിലാണ് ബിബിൻ പുതിയ വീട് നിര്‍മിച്ചിരിക്കുന്നത്.
കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, ലിസ്റ്റിൻ സ്റ്റീഫൻ, മഞ്ജു പിള്ള, പ്രസാദ്, നടി ആദ്യ തുടങ്ങി നിരവധിപ്പേർ അതിഥികളായി എത്തി.
‘എട്ടുതൈക്കൽ വിൻസന്റിന്റെ വീട്’ എന്നാണ് സ്വന്തം വീടിനു ബിബിൻ നൽകിയ പേര്. കയറി വരുന്ന മുറിയിൽ സംവിധായകൻ ഷാഫിയുടെ വലിയൊരു ചിത്രവും ഓർമയ്ക്കായി ബിബിൻ നൽകിയിരിക്കുന്നു.
ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചിരുന്ന ബിബിൻ ആദ്യമായി നായകനാകുന്നത് ഷാഫി സംവിധാനം ചെയ്ത ‘ഒരു പഴയ ബോംബ് കഥ’ എന്ന സിനിമയിലാണ്.
കൽപ്പണിക്കാരനായ വിൻസന്റിന്റെയും ലിസിയുടെയും മകനായിരുന്ന ബിബിൻ കഠിന പ്രയത്നം കൊണ്ടാണ് ഇന്ന് ഈ നിലയിൽ എത്തിയത്. ജന്മനാ ഒരു കാലിന് സ്വാധീനക്കുറവുള്ള ബിബിൻ തന്റെ കുറവുകളെ അതിജീവിച്ച് തിരക്കഥാകൃത്തായും തിരക്കേറിയ അഭിനേതാവായും ഇന്ന് മലയാളത്തിൽ തിളങ്ങുന്നു.