വാഹനാപകടത്തിൽ മരണപ്പെട്ടുവെന്ന് വ്യാജപ്രചാരണം; പ്രതികരിച്ച് കാജൾ അഗർവാൾ
Tuesday, September 9, 2025 11:34 AM IST
റോഡപകടത്തിൽ പരിക്കേറ്റ് മരണപ്പെട്ടു എന്ന വ്യാജവാർത്തകളോട് പ്രതികരിച്ച് നടി കാജൾ അഗർവാൾ. താൻ സുരക്ഷിതയാണെന്നും മരണപ്പെട്ടു എന്ന വാർത്ത വ്യാജമാണെന്നും നടി വ്യക്തമാക്കി.
കാജൽ ഒരു റോഡപകടത്തിൽ പെട്ടുവെന്നും ഗുരുതരമായി പരിക്കേറ്റുവെന്നുമായിരുന്നു ആദ്യം വന്ന പോസ്റ്റുകള്‍. പിന്നീട് മരണപ്പെട്ടു എന്നതരത്തിലുള്ള അഭ്യൂഹങ്ങളും വ്യാപിക്കുകയായിരുന്നു. അഭ്യൂഹങ്ങൾ വന്‍തോതില്‍ പ്രചരിച്ചതോടെയാണ് താരം തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്.
‘‘ഞാൻ ഒരു അപകടത്തിൽപ്പെട്ടുവെന്നും ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും അവകാശപ്പെടുന്ന ചില അടിസ്ഥാനരഹിതമായ വാർത്തകൾ കണ്ടു. വളരെ രസകരമായി തോന്നുന്നു. ദൈവകൃപയാൽ, ഞാൻ പൂർണമായും സുഖമായും സുരക്ഷിതയായും ഇരിക്കുന്നു.
ഇത് നിങ്ങളെയെല്ലാം അറിയിക്കണം എന്നു തോന്നി. ദയവായി തെറ്റായ വാർത്തകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. പകരം നമുക്ക് പോസിറ്റീവിറ്റിയിലും സത്യമായ വാര്ത്തകളിവും ശ്രദ്ധ കേന്ദ്രീകരിക്കാം.’’ കാജല്‍ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.
വിദേശത്ത് റോഡപകടത്തിൽ മരിച്ച കാജൽ അഗർവാളിന്റെ മൃതദേഹം ആംബുലൻസിൽ കൊണ്ടുപോകുന്നു എന്ന രീതിയിലുള്ള ഒരു വ്യാജ വീഡിയോയായാണ് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചത്. ഇന്ത്യയിലും ശ്രീലങ്കയിലും ഈ വ്യാജ പ്രചാരണം ശക്തമായിരുന്നു.