ഏഴുമാസങ്ങൾക്കിപ്പുറം ആ മനുഷ്യന്റെ മുഖവും ആകാരവും കണ്ടു, കാതങ്ങളപ്പുറം കാത്തിരിക്കുന്നവർക്കായി മമ്മൂക്ക വരുന്നു
Tuesday, September 9, 2025 8:58 AM IST
കറുത്ത ലാൻഡ് ക്രൂയിസറിൽ ചാരി നിന്നുള്ള മമ്മൂട്ടിയുടെ ആ നോട്ടം കടലിന്റെ ആഴങ്ങളിൽ ചെന്ന് പതിച്ചിരുന്നു. സർവശക്തനായ ദൈവത്തിന് നന്ദി പറയാനും എല്ലാവരുടെയും പ്രാർഥനയ്ക്ക് സ്നേഹവുമായി ആ മനുഷ്യൻ ഒരു ഫോട്ടോ പങ്കുവച്ചപ്പോൾ പോലും ഏറ്റെടുത്തത് ലക്ഷോപലക്ഷം ആരാധകരായിരുന്നു. ആർക്ക് സാധിക്കും മമ്മൂക്ക, ഇത്തരം സ്നേഹം ആവോളം സ്വീകരിക്കാൻ.
സെപ്റ്റംബർ ഏഴിന് പിറന്നാൾ പുലർച്ചെ ചെന്നൈയിലെ വീട്ടിൽ നിന്ന് ഏറെ അകലെയല്ലാത്ത കടലോരത്താണ് മമ്മൂട്ടി ഫോട്ടോ എടുക്കാനുള്ള ലൊക്കേഷനായി എത്തിയത്.
ഇങ്ങകലെ തന്നെ കാണാനായി നോക്കിയിരിക്കുന്ന ഒരായിരം ആളുകൾക്കായി അദ്ദേഹം നിന്നുകൊടുത്തു. ഏഴു മാസങ്ങൾക്കിപ്പുറം ആ മനുഷ്യന്റെ മുഖവും ആകാരവും അങ്ങനെ ആദ്യമായി മലയാളി കണ്ടു.
രണ്ടാഴ്ച്ചയ്ക്കുള്ളിൽ മമ്മൂട്ടി കാമറയ്ക്കു മുന്നിലേക്ക് എത്തുമെന്നാണ് നിർമാതാവ് വെളിപ്പെടുത്തിയിരിക്കുന്നത്.